ട്വൻി 20 ലോകകപ്പിൽ വൻ അട്ടിമറി; പാകിസ്താനെ സൂപ്പർ ഓവറിൽ തുരത്തി അമേരിക്ക
text_fieldsഡല്ലാസ്: ട്വന്റി 20 ലോകകപ്പിൽ പാകിസ്താൻ -യു.എസ് മത്സരത്തിന് ത്രില്ലിങ് ക്ലൈമാക്സ്. സൂപ്പർ ഓവറിൽ അട്ടിമറി വിജയം നേടി ആതിഥേയർ. ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസ് ഇന്നിങ്സും 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 159 റൺസിലവസാനിച്ചു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത യു.എസ് പാക് പേസർ മുഹമ്മദ് ആമിറിന്റെ ഓവറിൽ 18 റൺസാണ് അടിച്ചെടുത്തത്. ആരോൺ ജോൺസും ഹർമീത് സിങ്ങും ചേർന്നാണ് മികച്ച സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെതിരെ പന്തെറിഞ്ഞത് സൗരഭ് നേത്രാവത്കറായിരുന്നു. ക്രീസിൽ ഇഫ്തിഖാർ അഹമ്മദ്. ആദ്യ പന്ത് 0, രണ്ടാം പന്ത് ഫോർ, മൂന്നാം പന്ത് വൈഡ്, അടുത്ത പന്തിൽ ഉയർത്തി അടിക്കാനുള്ള ശ്രമം ഇഫ്തിഖാറിനെ നിതീഷ് കുമാർ പിടിച്ച് പുറത്താക്കി. ഷദാബ് ഖാൻ ക്രീസിൽ. ജയിക്കാൻ മൂന്ന് പന്തിൽ 14. നാലാമത്തെ പന്ത് വൈഡ്. അടുത്ത പന്ത് ലെഗ്ബൈ ഫോർ. അഞ്ചാമത്തെ പന്തിൽ രണ്ട്, അവസാന പന്തിൽ ജയിക്കാൻ ഏഴ്. ഒരു റൺസെടുത്ത് പാകിസ്താൻ പരാജയം സമ്മതിക്കേണ്ടി വന്നു.
നേരത്തെ, 38 പന്തിൽ 50 റൺസെടുത്ത നായകൻ മൊണാക്ക് പട്ടേലും 26 പന്തിൽ 35 റൺസെടുത്ത ആൻഡ്രീസ് ഗൗസും 26 പന്തിൽ പുറത്താവാതെ 36 റൺസെടുത്ത ആരോൺ ജോൺസും നടത്തിയ ഗംഭീര ചെറുത്തു നിൽപ്പാണ് മത്സരം സൂപ്പർ ഓവറിലെത്തിച്ചത്.
ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 15 റൺസായിരുന്നു. ആദ്യ മൂന്ന് പന്തിൽ മൂന്ന് റൺസ് മാത്രമണ് വിട്ടുകൊടുത്തത്. നാലാമത്തെ പന്ത് ആരോൺ ജോൺസ് സിക്സ് പറത്തി. ലക്ഷ്യം ആറ് റൺസ് മാത്രം. അടുത്ത പന്തിൽ ഒരു റൺസ് നേടി സ്ട്രൈക്ക് നിതീഷ് കുമാറിന് കൈമാറി. അവസാന പന്തിൽ ഫോർ, മത്സരം സമനിലയിൽ.
ഡല്ലാസിലെ റണ്ണൊഴുക്ക് കുറഞ്ഞ പിച്ചിൽ ടോസ് നേടിയ ആതിഥേയർ പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ നോസ്തുഷ് കെഞ്ചിഗെയും രണ്ടു വിക്കറ്റ് നേടിയ സൗരഭ് നേത്രാവത്കറും ചേർന്ന് പാക് ബാറ്റർമാരെ വരിഞ്ഞുമുറുക്കി. ബാബർ അസം (44), ഷദാബ് ഖാൻ(40), ഫഖർസമാൻ (11), ഇഫ്തിഖാർ അഹമ്മദ് (18), ഷഹീൻ അഫ്രീദി (23) എന്നിവർ മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.