ബയോബബ്ൾ എന്ന ലക്ഷ്മണരേഖ; ലംഘിച്ചാൽ 'ക്ലീൻ ബൗൾഡ്'
text_fieldsവനവാസകാലത്ത് സീതാദേവിയുടെ സംരക്ഷണാർഥം ആശ്രമത്തിനു ചുറ്റും ലക്ഷ്മണൻ വരച്ച അതിരാണല്ലോ ലക്ഷ്മണരേഖ. മഹാമാരിയുടെ നീരാളിക്കൈകളിൽനിന്നും കായികതാരങ്ങളെയും കളിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെയും സുരക്ഷിതമാക്കാൻ വികസിപ്പിച്ചെടുത്ത ആധുനികകാലത്തെ ലക്ഷ്മണരേഖയായി ഒറ്റവാചകത്തിൽ 'ബയോബബിളിനെ' വായിച്ചെടുക്കാം. പച്ചമലയാളത്തിൽ 'ജൈവ കുമിള' എന്നു വിളിക്കാം.
ബയോബബ്ൾ എന്നു കേൾക്കുമ്പോൾ ഒരു കുമിളയുടെ രൂപമായിരിക്കും ആദ്യം മനസ്സിൽ തെളിയുക. ഐ.പി.എൽ മത്സരത്തിൽ പങ്കെടുക്കുന്ന കളിക്കാരും ഒഫീഷ്യലുകളും സഹായികളും അടങ്ങുന്ന മൊത്തം ടീം ടൂർണമെൻറ് തീരുന്ന കാലയളവു വരെ ഒരു ബയോബബ്ളിനു അകത്തായിരിക്കും എന്ന് വാർത്താമാധ്യമങ്ങളിൽ വായിക്കുമ്പോൾ പലതരം ഭാവനകളായിരിക്കും ഓരോരുത്തരുടെയും മനസ്സിൽ പതിയുന്നത്. ലളിതമായി പറഞ്ഞാൽ ഒരു സാങ്കൽപിക കുമിള തന്നെയാണ് ബയോബബ്ൾ. ഉള്ളിലുള്ളവർക്ക് നിശ്ചിത കാലത്തേക്ക് പുറത്തേക്കോ പുറത്തുള്ളവർക്ക് അകത്തേക്കോ കടക്കാൻ കർശനമായ നിയന്ത്രണങ്ങളുള്ള അതിവിശാലമായ അദൃശ്യ കുമിള.
മത്സരങ്ങൾ നടക്കുന്ന നഗരങ്ങളിൽ എത്തിച്ചേരുന്ന ടീമംഗങ്ങൾ വിമാനത്താവളങ്ങളിൽ അതത് രാജ്യങ്ങളിലെ നടപടിക്രമങ്ങൾക്ക് വിധേയമായി പുറത്തു കടക്കുന്നതുമുതൽ തന്നെ ബയോബബ്ളിൽ പ്രവേശിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി. നിശ്ചിത ദിവസങ്ങൾ ഉള്ള ക്വാറൻറീൻ വാസമാണ് ആദ്യപടി. ഈ കാലയളവിൽ തുടർച്ചയായ ഇടവേളകളിൽ കോവിഡ് പരിശോധന നടത്തി വ്യക്തി നെഗറ്റിവ് ആണെന്ന് സ്ഥിരീകരിച്ചാൽ ബയോ ബബ്ളിൽ പ്രവേശിക്കാനുള്ള യോഗ്യതയായി.
ടീമിന് താമസിക്കാൻ സജ്ജമാക്കിയ ഹോട്ടൽ, ട്രെയിനിങ് ഗ്രൗണ്ടുകൾ, മത്സരം നിശ്ചയിച്ച സ്റ്റേഡിയങ്ങൾ, ഏർപ്പാടാക്കിയ ഗതാഗത സംവിധാനം എന്നീ നാലു മേഖല മാത്രമായിരിക്കും ബയോബബ്ളിലുള്ളവർക്കുള്ള പ്രവേശനാനുമതി. ബ്ലൂടൂത്ത് ബാൻഡ് ധരിക്കുന്നതിലൂടെ ഓരോ വ്യക്തിയുടെയും ചലനങ്ങൾ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കും. രണ്ടു മീറ്ററിൽ കുറവിൽ സമ്പർക്കം വന്നാൽ ഈ ബാൻഡ് മുന്നറിയിപ്പ് തരും. മറ്റുള്ളവരുടെ മുറികളിലുള്ള സന്ദർശനവും കർശനമായി വിലക്കിയിട്ടുണ്ട്.
യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസ്ട്രാറ്റ എന്ന കമ്പനിക്കാണ് ഐ.പി.എല്ലിെൻറ ബയോബബ്ൾ സംവിധാനം നടത്താനുള്ള ചുമതല നൽകിയിരിക്കുന്നത്. ഈയിടെ ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരകൾക്ക് കുറ്റമറ്റ സംവിധാനമൊരുക്കി ഇതേ കമ്പനി പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. ടെസ്റ്റിനെ അപേക്ഷിച്ച് ഐ.പി.എൽ മത്സരങ്ങളുടെ കാലദൈർഘ്യവും ടീമുകളും ഒഫീഷ്യലുകളും സഹായികളും അടങ്ങിയ ആളുകളുടെ നീണ്ട നിരയും ഇവർക്ക് ഒരു വെല്ലുവിളി തന്നെയാണ്. ആരോഗ്യരംഗത്ത് യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.പി.എസ് ഹെൽത്ത് കെയറിനാണ് കോവിഡ് ടെസ്റ്റുകൾ നടത്താനും മറ്റു മെഡിക്കൽ സംവിധാനങ്ങൾ ഒരുക്കാനുമുള്ള ചുമതല. സീസൺ തീരുന്നതുവരെ മൊത്തം 20,000ത്തോളം പരിശോധനകൾ നടത്തുമെന്ന് വി.പി.എസ് അധികൃതർ അറിയിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് ക്രിക്കറ്റിനെ കൂടാതെ പല അന്തർദേശീയ കായിക മത്സരങ്ങളും ലോകത്തിെൻറ പല ഭാഗത്തായി നടന്നിട്ടുണ്ട്. യു.എ.ഇയിൽ തന്നെ യാസ് ഐലൻഡിൽ നടന്ന യു.എഫ്.സി ഫൈറ്റ്, ന്യൂയോർക്കിൽ ഗ്രാൻഡ്സ്ലാം ടെന്നിസ്, ലിസ്ബണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ, യൂറോപ്പിൽ യുവേഫ നേഷൻസ് ലീഗ് തുടങ്ങിയവ അവയിൽ ചിലതാണ്.
ക്വാറൻറീൻ ഉറപ്പ്
പുറംലോകവുമായി ബന്ധം വിഛേദിച്ചുകൊണ്ട് ബയോബബിളിൽ കഴിയുന്ന ആരെങ്കിലും എന്തെങ്കിലും കാരണവശാൽ ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ അവർ ക്രീസിലെത്തുന്നതിന് മുമ്പുതന്നെ ക്ലീൻ ബൗൾഡ് ആകുന്നതായിരിക്കും. സൂപ്പർ ഡെക്കായി മടങ്ങുന്നത് പവലിയനു പകരം ക്വാറൻറീനിലേക്കായിരിക്കും. പിന്നീട് പലതവണ പരിശോധന നടത്തി നെഗറ്റിവ് സ്ഥിരീകരിച്ചാൽ മാത്രമേ തിരികെ പ്രവേശനം ലഭിക്കുകയുള്ളൂ.
ചില ടീം മാനേജ്മെൻറുകൾ വലിയ തുക പിഴ ചുമത്തുകയും ചെയ്യും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഇടപഴകാതെ ദീർഘകാലം സംരക്ഷിത കവചത്തിൽ കഴിയുന്നത് മൂലമുള്ള മാനസികസംഘർഷങ്ങൾ ഒഴിവാക്കാൻ പലതരം വിനോദോപാധികളാണ് മിക്ക ടീം മാനേജ്മെൻറുകളും കളിക്കാർക്കായി ഒരുക്കിയിരിക്കുന്നത്.
ഒരു പരിധിവരെ ഇവയൊക്കെ ഗുണം ചെയ്യുമെങ്കിലും കവിവചനം കടമെടുത്താൽ 'ബന്ധനം ബന്ധനം' തന്നെയാണ്, കൂട് ബന്ധുരമാണെങ്കിലും കാഞ്ചനമാണെങ്കിലും ഹൈടെക് ആണെങ്കിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.