കളി തുടങ്ങാനിരിക്കേ അമ്പയറെ കാണാതായി, മെൽബൺ ടെസ്റ്റിൽ മത്സരം വൈകി; കാരണമറിഞ്ഞതോടെ ചിരിയടക്കാനാവാതെ താരങ്ങളും ആരാധകരും
text_fieldsമെൽബൺ: കളി തുടങ്ങാൻ സർവ സന്നാഹങ്ങളും ഒരുങ്ങിനിൽക്കവേയാണ് അക്കാര്യം ശ്രദ്ധയിൽ അതുപെട്ടത് -‘അമ്പയറുടെ കസേരയിൽ ആളില്ല’. അതോടെ ആകെ പുകിലായി. അമ്പയർ എങ്ങോട്ട് ‘മുങ്ങി’യെന്നതറിയാതെ അധികൃതരും കുഴങ്ങി. മത്സരം നിശ്ചിത സമയത്ത് തുടങ്ങാനാവാതെയായി.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആസ്ട്രേലിയ-പാകിസ്താൻ രണ്ടാം ടെസ്റ്റിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കളിയുടെ മൂന്നാംദിവസമാണ് അമ്പയറെ ‘കാണാതായത്’. തേഡ് അമ്പയർ റിച്ചാർഡ് ഇല്ലിങ്‍വർത്താണ് രണ്ടാം സെഷൻ തുടങ്ങാനിരിക്കേ, കൃത്യസമയത്ത് കസേരയിലെത്താതെ പോയത്. കളിക്കാരും ഫീൽഡ് അമ്പയർമാരും മൈതാനത്തെത്തിയിട്ടും തേഡ് അമ്പയർ എത്താതിരുന്നതോടെ കളി വൈകുകയായിരുന്നു.
അമ്പയറെ അന്വേഷിച്ചതിനൊടുവിൽ ആളെ കണ്ടെത്തി. ആളെ കാണാതായതിനു പിന്നിലെ കാരണമായിരുന്നു രസകരം. ഒരു കാമറമാനാണ് അമ്പയർ എവിടെയാണെന്ന് അന്വേഷിച്ച് കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിഞ്ഞ് സീറ്റിലേക്ക് തിരികെ വരുന്നതിനിടയിൽ ലിഫ്റ്റിൽ കുടുങ്ങിപ്പോയതാണ്!
അതോടെ ആശങ്കകളെല്ലാം തമാശക്ക് വഴിമാറി. ഡേവിഡ് വാർണർ ഉൾപ്പെടെയുള്ള ആസ്ട്രേലിയൻ താരങ്ങൾക്കുവരെ ചിരിയടക്കാനായില്ല. കളിക്കമ്പക്കാർ ട്രോളുകളുമായി രംഗത്തെത്തി. മാച്ച് ഒഫീഷ്യലിനെ കാണാതായതിന്റെ പുകിലിനുപിന്നാലെ കാരണമറിഞ്ഞതോടെ പൊട്ടിച്ചിരിക്കുന്ന വാർണറുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഒടുവിൽ അമ്പയറെ കണ്ടെത്തി സീറ്റിലെത്തിച്ചശേഷമാണ് രണ്ടാം സെഷന് പന്തെറിഞ്ഞ് തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.