വില്യംസണും നിക്കോൾസിനും ഇരട്ട സെഞ്ച്വറി; ന്യൂസിലൻഡ് നാലിന് 580 ഡിക്ലയേഡ്; ശ്രീലങ്ക രണ്ടിന് 26
text_fieldsവെലിങ്ടൺ: രണ്ട് ബാറ്റർമാരുടെ ഇരട്ടശതക മികവിൽ റണ്ണടിച്ചുകൂട്ടി ന്യൂസിലൻഡ്. ശ്രീലങ്കക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ കെയിൻ വില്യംസൺ 215ഉം ഹെന്റി നിക്കോൾസ് 200 (നോട്ടൗട്ട്)ഉം റൺസ് നേടി. നാലിന് 580 എന്നനിലയിൽ രണ്ടാംദിനം കിവീസ് ക്യാപ്റ്റൻ ടിം സൗത്തീ ഒന്നാമിന്നിങ്സ് ഡിക്ലയർ ചെയ്തു. കളി നിർത്തുമ്പോൾ ലങ്ക രണ്ടു വിക്കറ്റ് നഷ്ടത്തിൽ 26 റൺസെടുത്തു.
വില്യംസണും നിക്കോൾസും മൂന്നാം വിക്കറ്റിൽ 363 റൺസ് കൂട്ടിച്ചേർത്തു. ഇതാദ്യമായാണ് ന്യൂസിലൻഡിന്റെ രണ്ട് ബാറ്റർമാർ ഡബ്ൾ സെഞ്ച്വറി നേടുന്നത്. ഇരുവരും ആറര മണിക്കൂറിലധികം ക്രിസീലുണ്ടായിരുന്നു. വില്യംസന്റെ ആറാം ടെസ്റ്റ് ഡബ്ൾ സെഞ്ച്വറിയാണ് ബാസിൻ റിസർവിൽ പിറന്നത്. 296 പന്ത് നേരിട്ട വില്യംസൺ 23 ഫോറും രണ്ട് സിക്സും പായിച്ചു.
ടെസ്റ്റിൽ 8000 റൺസ് നേടുന്ന ആദ്യ ന്യൂസിലൻഡ് താരമെന്ന നേട്ടവും ഈ 32കാരൻ സ്വന്തമാക്കി. 249 പന്തിലായിരുന്നു നിക്കോൾസിന്റെ കന്നി ഇരട്ട ശതകം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പരമ്പരയിലെ ആദ്യ മത്സരം അവസാന പന്തിൽ രണ്ട് വിക്കറ്റിന് കിവീസ് ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.