ഇന്ത്യൻ ടീമിന് തിരിച്ചടി; സൂപ്പർതാരത്തിന് തള്ളവിരലിന് പരിക്ക്; ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിനുണ്ടാകില്ല
text_fieldsമുംബൈ: ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരക്കായി തയാറെടുക്കുന്ന ഇന്ത്യൻ ടീമിന് തിരിച്ചടി. സൂപ്പർതാരം ശുഭ്മൻ ഗില്ലിന്‍റെ തള്ള വിരലിന് പരിക്കേറ്റു. പരിശീലന മത്സരത്തിനിടെ സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന്‍റെ കൈവിരലിന് പരിക്കേറ്റത്.
22ന് പെർത്തിൽ ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ താരം കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്. രണ്ടാം ടെസ്റ്റിനു മുമ്പായി താരം പരിക്കിൽനിന്ന് മോചിതനാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്‍റ്. തള്ളവിരലിൽ ചെറിയ പൊട്ടലുണ്ടെന്ന് സ്കാനിങ്ങിൽ കണ്ടെത്തി. കഴിഞ്ഞദിവസം പരിശീലനത്തിനിടെ കെ.എൽ. രാഹുലിനും വിരാട് കോഹ്ലിക്കും പരിക്കേറ്റിരുന്നു. എന്നാൽ, ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നും ഒന്നാം ടെസ്റ്റിൽ കളിക്കുമെന്നും ടീം അധികൃതർ വ്യക്തമാക്കി. നായകൻ രോഹിത് ശർമ ഒന്നാം ടെസ്റ്റിനുണ്ടാകില്ലെന്നാണ് സൂചന.
രോഹിത്തിനും ഭാര്യ റിതിക സജദേഹിനും ആൺകുഞ്ഞ് പിറന്നിരുന്നു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് താരം ഏതാനും ദിവസങ്ങളായി ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുകയാണ്. രോഹിത്തിന്‍റെ അഭാവത്തിൽ യശസ്വി ജയ്സ്വാളിനൊപ്പം രാഹുൽ ഇന്ത്യക്കായി ഓപ്പൺ ചെയ്തേക്കും. അതേസമയം, രോഹിത്ത് മുംബൈയിൽ ബാറ്റിങ് പരിശീലനം തുടരുന്നുണ്ടെങ്കിലും താരത്തിന്‍റെ ആദ്യ ടെസ്റ്റിലെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്.
റിതിക ഗർഭിണിയായ വിവരം ദമ്പതികൾ വെളിപ്പെടുത്തിയിരുന്നില്ല. പെർത്ത് ടെസ്റ്റിൽ രോഹിത്തിന്റെ പങ്കാളിത്തത്തെ കുറിച്ച് അനിശ്ചിതത്വമുണ്ടായതോടെയാണ് വിവരം പുറത്തറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.