‘ഇന്ത്യ-പാകിസ്താൻ പരമ്പരക്ക് ഇരു ക്രിക്കറ്റ് ബോർഡുകളും തയാർ’; വെളിപ്പെടുത്തലുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ
text_fieldsഇസ്‍ലാമാബാദ്: ഇന്ത്യ-പാകിസ്താൻ പരമ്പരക്ക് ഇരു ക്രിക്കറ്റ് ബോർഡുകളും തയാറാണെന്ന വെളിപ്പെടുത്തലുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സാക അഷ്റഫ്. വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ-പാകിസ്താൻ പരമ്പരക്ക് ഇരു ബോർഡുകൾക്കും സമ്മതമാണെന്നും എന്നാൽ, ഇതിന് സർക്കാർ അനുമതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് ‘പി.സി.ബി ഡോട്ട്കോം ഡോട്ട് പി.കെ’ (pcb.com.pk) റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രാൾ ബോർഡ് (ബി.സി.സി.ഐ) പ്രതികരിച്ചിട്ടില്ല.
2012-13 സീസണിലാണ് ഇരു രാജ്യങ്ങളും തമ്മിൽ അവസാനമായി പരമ്പര കളിച്ചത്. എന്നാൽ, ലോകകപ്പ് അടക്കമുള്ള വിവിധ ഐ.സി.സി ടൂർണമെന്റുകളിൽ ഇരുനിരയും പരസ്പരം ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ വർഷം ഏഷ്യാകപ്പ് പാകിസ്താനിൽ നടത്താൻ തീരുമാനിച്ചപ്പോൾ അവിടെ കളിക്കാൻ പോകില്ലെന്ന് ഇന്ത്യ അറിയിക്കുകയും മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
അതേസമയം, പാകിസ്താൻ ഭീകരപ്രവർത്തനവും അതിർത്തി കടന്നുള്ള ആക്രമണവും നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കുന്നത് വരെ ഇരു രാജ്യങ്ങളും തമ്മിൽ പരമ്പര കളിക്കേണ്ടതില്ലെന്ന് ബി.സി.സി.ഐ നേരത്തെ തീരുമാനിച്ചതാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചിരുന്നു. രാജ്യത്തിന്റെയും പൊതുജനങ്ങളുടെയും വികാരവും ഇതുതന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ ഏഴ് വിക്കറ്റിന് പാകിസ്താനെ തോൽപിച്ചിരുന്നു. ജൂൺ ഒമ്പതിന് ട്വന്റി 20 ലോകകപ്പിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത മത്സരം. ന്യൂയോർക്കാണ് വേദിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.