'എങ്ങോട്ടാ രാഹുലേ നോക്കുന്നത്? ഇങ്ങനെയൊക്കെ ആരെങ്കിലും ഔട്ട് ആകുമോ?'; വീണ്ടും നിരാശപ്പെടുത്തി രാഹുൽ-Video
text_fieldsആസ്ട്രേലിയ എക്കെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ വീണ്ടും നിരാശപ്പെടുത്തി കെ.എൽ രാഹുൽ. ഇന്ത്യ എക്കായി കളിക്കുന്ന രാഹുൽ രണ്ടാം ഇന്നിങ്സിൽ 10 റൺസിനാണ് പുറത്തായത്. താരത്തിന്‍റെ മോശം ഫോമിന്‍റെ ഘോഷയാത്രക്കാണ് നിലവിൽ ക്രിക്കറ്റ് ലോകം സാക്ഷിയാകുന്നത്.
മോശം ഫോമിനൊപ്പം താരം പുറത്തായ രീതിയാണ് നിലവിൽ ചർച്ചയാകുന്നത്. ഒരു 'ബ്രയ്ന് ഫെയ്ഡ് മൊമന്‍റിലാണ്' അദ്ദേഹം പുറത്തായത്. ആസ്ട്രേലിയ എക്ക് വേണ്ടി കളിക്കുന്ന പുതിയ സ്പിന്നറായ കോറി റോച്ചകിയോലിയുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് രാഹുൽ മടങ്ങിയത്. നേരിട്ട 44ാം പന്തിലായിരുന്നു രാഹുൽ ബൗൾഡാകുന്നത്. ലെഗ് സൈഡിലേക്ക് പോയികൊണ്ടുരുന്ന ഒരു ഷോർട്ട് ബോൾ ലീവ് ചെയ്യാൻ ശ്രമിച്ചതാണ് രാഹുൽ. എന്നാൽ ബാറ്ററെ ഞെട്ടിച്ചുകൊണ്ട് പന്ത് ഇരു കാലിനിടയിലൂടെ താരത്തിന്‍റെ ഇടം കാലിൽ തട്ടിക്കൊണ്ട് ഓഫ് സ്റ്റമ്പിൽ തട്ടുകയയായിരുന്നു. ബൗളറും ആസ്ട്രേലിയൻ എ താരങ്ങളുമെല്ലാം ഈ വിക്കറ്റിൽ മതിമറന്ന് ആഘോഷിക്കുന്നത് കാണാം.
ഈ വർഷത്തെ ഏറ്റവും മോശം പുറത്താകലിൽ ഒന്നായി ക്രിക്കറ്റ് ആരാധകർ ഇപ്പോൾ തന്നെ ഈ വിക്കറ്റിനെ റേറ്റ് ചെയ്തു കഴിഞ്ഞു. എന്താണ് താരം കാണിക്കുന്നതെന്ന വിമർശനം സോഷ്യൽ മീഡിയയിൽ ഒരുപാട് കാണാം.
ഈ മാസം ആരംഭിക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താനായി രാഹുലിന് ഈ മത്സരം ഏറെ പ്രധാനപ്പെട്ടതായിരുന്നു. ന്യൂസിലാൻഡ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം ടീമിലിടം നഷ്ടമായ രാഹുലിന് ആസ്ട്രേലിയക്കെതിരെയുള്ള പരമ്പരക്ക് മുന്നോടിയായി പ്ലെയിങ് ഇലവനിൽ തിരിച്ചെത്താൻ ആസ്ട്രേലിയ എക്കെതിരെ കളിക്കാൻ അവസരം നൽകുകയായിരുന്നു. രണ്ടാം ചതുർദിന അൺ ഒഫീഷ്യൽ ടെസ്റ്റ് മത്സരത്തിൽ ഇറങ്ങിയ രാഹുൽ ആദ്യ ഇന്നിങ്സിൽ 4 റൺസും രണ്ടാം ഇന്നിങ്സിൽ വെറും 10 റൺസിനുമാണ് പുറത്തായത്.
രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 161 റൺസ് നേടി പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ എയെ 223 റൺസിന് പുറത്താക്കിയതിന് ശേഷം ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിക്കുകയായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യൻ ടീം 79ൽ അഞ്ച് എന്ന നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.