'എനിക്കറിയാം നിങ്ങൾക്ക് വിഷമം ഉണ്ടാകും'; ആരാധകർക്ക് വിഡിയോ സന്ദേശവുമായി ബ്രാവോ
text_fieldsചെന്നൈ സൂപ്പർ കിങ്സിന്‍റെ ആരാധകർക്കും മാനേജ്മെന്‍റിനും നന്ദി പറഞ്ഞ് മുൻ താരം ഡ്വെയ്ൻ ബ്രാവോ. സൂപ്പർ കിങ്സിന്‍റെ മുൻ താരവും ബൗളിങ് കോച്ചുമായിരുന്ന ബ്രാവോ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മെന്‍ററായി ചുമതലയേറ്റിരുന്നു. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചതിന് പിന്നാലെയാണ് താരം നിലവിലെ ഐ.പി.എൽ ചാമ്പ്യൻമാരായ കെ.കെ.ആറിന്‍റെ മെന്‍ററായി ചുമതലയേറ്റത്.
കെ.കെ.ആറിന്‍റെ മുൻ മെന്‍ററായിരുന്ന ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് മാറിയതോടെയാണ് ബ്രാവോയെ ചാമ്പ്യൻമാർ ടീമിലെത്തിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഐ.പി.എല്ലിൽനിന്നും വിരമിച്ചതിന് ശേഷം സി.എസ്.കെയുടെ ബൗളിങ് പരിശീലകനായി ജോലി ചെയ്യുകയായിരുന്നു ബ്രാവോ. സി.എസ്.കെയുടെ പ്രധാന ഭാഗമായിരുന്ന താരം ആരാധകർക്ക് പ്രത്യേക നന്ദി അറിയിക്കുന്ന വിഡിയോ പുറത്തുവിട്ടിരുന്നു. സി.എസ്.കെ മാനേജ്മെന്‍റിനും അദ്ദേഹം നന്ദി പറയുന്നുണ്ട്.
' വണക്കം, ഇത് 'ചാമ്പ്യൻ' ആണ്. കൊൽക്കത്തയുടെ ഫ്രാഞ്ചൈസി ടീമിലേക്ക് ഞാൻ മെന്‍ററായി മാറിയത് ഇപ്പോൾ ഒരു രഹസ്യമായ കാര്യമല്ല. ഞാൻ പാഷനോടെ കാണുന്ന ജോലിക്കായി എല്ലാവിധ ആശംസകളും നൽകി വിട്ടയച്ച സി.എസ്.കെ മാനേജ്മെന്‍റിന് നന്ദി അറിയിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.
ചെന്നൈയിലും ലോകത്തെല്ലായിടത്തുമുള്ള എന്‍റെ എല്ലാ ആരാധകരും ഇപ്പോഴത്തെ പോലെ തന്നെ എപ്പോഴും എന്‍റെ കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു . എനിക്കറിയാം ഇത് നിങ്ങൾക്ക് വിഷമകരമാണെന്ന്, എന്നാൽ പോലും ഞാൻ ചെയ്യുന്ന എല്ലാ കാര്യത്തിനും നിങ്ങൾ പിന്തുണക്കുന്നതിനെ ഞാൻ പ്രോത്സാഹിപ്പിക്കുന്നു. എപ്പോഴും ഒരുപാട് സ്നേഹം, യോല്ലോവ് (Yellove). ഇനി മറുവശത്ത് നിന്ന് കാണാം,' ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ ബ്രാവോ പറഞ്ഞു.
582 മത്സരം ട്വന്‍റി-20 മത്സരങ്ങളിൽ കളിച്ച ബ്രാവോയാണ് ടി-20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം. 631 വിക്കറ്റുകളാണ് അദ്ദേഹം ട്വന്‍റി-20യിൽ സ്വന്തമാക്കിയത്. സി.എസ്.കെക്കായി 2011 മുതൽ 2022 വരെ അദ്ദേഹം കളത്തിൽ ഇറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.