വേണ്ടത് മൂന്നു റൺസ്; കൈയിൽ അഞ്ച് വിക്കറ്റ്- എന്നിട്ടും അഞ്ച് പന്തിൽ അഞ്ചും വീണ് ടീം തോറ്റു
text_fieldsടോറേൻറാ: അനിശ്ചിതത്വം വാഴുന്ന കളിയാണ് ക്രിക്കറ്റ്. ഏതുനിമിഷവും അന്തിമവിധി മാറിമറിയാം. എപ്പോൾ, എങ്ങനെ എന്നുമാത്രം ചോദിക്കരുത്. എന്നാലും, കഴിഞ്ഞ ദിവസം ബ്രസീൽ- കാനഡ വനിത ടീമുകൾ തമ്മിലെ ട്വൻറി20 മത്സരത്തിെൻറ അവസാന ഓവറിൽ സംഭവിച്ച ട്വിസ്റ്റ് സമാനതകളില്ലാത്തത്. 17 ഓവറായി ചുരുക്കിയ കളിയിൽ ആദ്യം ബാറ്റ് ചെയ്ത ബ്രസീൽ വനിതകൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന ചെറിയ ടോട്ടൽ മുന്നിൽവെക്കുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കാനഡക്ക് തുടക്കത്തിൽ വിക്കറ്റ് വീഴ്ച വെല്ലുവിളിയായെങ്കിലും മധ്യനിര രക്ഷാ ദൗത്യമേറ്റെടുത്തപ്പോൾ കാര്യങ്ങൾ ലളിതം. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് മൂന്നു റൺസ്. കൈയിൽ അഞ്ച് വിക്കറ്റും. അതുവരെയുള്ള പ്രകടനം വെച്ച് ബ്രസീൽ തോൽവി ഉറപ്പിച്ച നിമിഷം.
പക്ഷേ, കാനറികൾക്കായി ലോറ കാഡോസോ എറിഞ്ഞ അവസാന ഓവറിൽ ചരിത്രം വഴിമാറി. ആദ്യ പന്തിൽ റൺ പിറക്കാതെ ഡോട്ട് ബാൾ. രണ്ടാം പന്തിൽ റണ്ണൗട്ട്. അടുത്തതിൽ കാനഡയുടെ ബാറ്റർ ക്ലീൻ ബൗൾഡ്. നാലാമത്തെ പന്ത് ബാറ്റിനരികിലൂടെ കുറ്റിതെറിപ്പിച്ചപ്പോൾ കാനഡ ശരിക്കും ഞെട്ടി. വിജയം ഇനി എങ്ങോട്ടുമാകാം എന്നതായി പുതിയ സാഹചര്യം. അവിടെയും അവസാനിപ്പിക്കാതെ കാർഡോസോ കരുത്തോടെ എറിഞ്ഞ ഫുൾ ലെങ്ത് ബാൾ എതിരാളിയെ കബളിപ്പിച്ച് ബാറ്റിൽ തട്ടി കുത്തിയുയർന്നു. സുന്ദരൻ ക്യാച്. അതോടെ, വിജയത്തിലേക്ക് ഒരു പന്ത് അകലെ ബ്രസീൽ എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി.
കാനഡക്ക് മുന്നിൽ ഇനി അവശേഷിക്കുന്നത് അവസാന വിക്കറ്റും ജയിക്കാൻ മൂന്നു റൺസും. വളരെ ആയാസപ്പെട്ട് അടിച്ചകറ്റി ഒരു റൺ ഓടിയെടുക്കുന്നു. സമനിലയെങ്കിലും വേണേൽ ഒരു റൺകൂടി വേണമെന്നതിനാൽ അടുത്തതിനായി ഇരു ബാറ്റർമാരും ഓടി. പക്ഷേ, പൂർത്തിയാകുംമുമ്പ് വിക്കറ്റ് കീപ്പർ കുറ്റി തെറിപ്പിച്ചിരുന്നു. തോൽവി ഭാരം മനസ്സിലാവാഹിച്ച ബ്രസീലിന് ഒരു റൺ ജയം. ക്രിക്കറ്റ് ചരിത്രത്തിൽ ടെസ്റ്റ്, ഏകദിന, ട്വൻറി20 വിഭാഗങ്ങളിൽ ആദ്യമായാണ് ഒരു ടീം അഞ്ച് പന്തിൽ അഞ്ച് വിക്കറ്റ് എടുക്കുന്നത്. അങ്ങനെ ആ റെക്കോഡും ബ്രസീലിനും ഒറ്റക്ക് കളി പിടിച്ച് ടീമിനെ വിജയത്തിെലത്തിച്ച കാർഡോസോക്കും സ്വന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.