ധോണിയെ ഇങ്ങനെ കാണേണ്ടിവന്നത് എന്‍റെ ഹൃദയം തകർത്തു -ഇർഫാൻ പത്താൻ
text_fieldsഇന്നലത്തെ ചെന്നൈ സൂപ്പർ കിങ്സ്-ഡൽഹി കാപിറ്റൽസ് മത്സരത്തിന് പിന്നാലെ സൂപ്പർ താരം എം.എസ്. ധോണിയെ കുറിച്ച് വൈകാരിക കുറിപ്പുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. മത്സരത്തിൽ ചെന്നൈ 27 റൺസിന് വിജയിച്ച് പ്ലേ ഓഫിലേക്ക് കൂടുതൽ അടുത്തിരുന്നു.
'ധോണി റണ്ണിനായി മുടന്തിക്കൊണ്ട് ഓടുന്നത് എന്‍റെ ഹൃദയം തകർത്തുകളഞ്ഞു. മുമ്പ് ചീറ്റപ്പുലിയെപ്പോലെ ഓടിയിരുന്നത് കണ്ടതാണ്' -എന്നായിരുന്നു പത്താന്‍റെ ട്വീറ്റ്.
വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിൽ പേരുകേട്ട താരമാണ് ധോണി. സിംഗിളുകൾ പോലും അസാമാന്യ വേഗത്തിലോടി ഡബിളാക്കാനുള്ള ധോണിയുടെ കഴിവ് പലകുറി പ്രശംസിക്കപ്പെട്ടതാണ്. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ പലപ്പോഴും ധോണി പ്രയാസപ്പെട്ട് ഓടുന്നതായാണ് കണ്ടത്.
ധോണി കാൽമുട്ടിനേറ്റ പരിക്കിന് ചികിത്സ തേടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതാവാം ഓട്ടത്തിലെ വേഗതക്കുറവിന് പിന്നിലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. 41കാരനായ മുൻ ക്യാപ്റ്റൻ ദേശീയ ടീമിൽ നിന്ന് വിരമിച്ചെങ്കിലും ഐ.പി.എല്ലിൽ ചെന്നൈ ടീമിൽ തുടരുകയാണ്.
ഇന്നലത്തെ മത്സരത്തിൽ രണ്ട് സിക്സറുകളോടെ ഒമ്പതു പന്തിൽ 20 റൺസാണ് ധോണി നേടിയത്. 27 റൺസിനായിരുന്നു ചെന്നൈയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ഡൽഹിയുടെ മറുപടി 20 ഓവറിൽ എട്ടിന് 140ൽ ഒതുങ്ങി.
ചെന്നൈക്കുവേണ്ടി മതീഷ പതിരാന മൂന്നും ദീപക് ചഹാർ രണ്ടും വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത രവീന്ദ്ര ജദേജയും ബൗളിങ്ങിൽ മിന്നി. 12 പന്തിൽ 25 റൺസടിച്ച ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഓപണർ ഋതുരാജ് ഗെയ്ക് വാദ് (18 പന്തിൽ 24) അജിൻക്യ രഹാനെ (20 പന്തിൽ 21 റൺസ്), അമ്പാട്ടി റായുഡു (17 പന്തിൽ 23), രവീന്ദ്ര ജദേജ (16 പന്തിൽ 21 റൺസ്) എന്നിവർ മികവ് കാട്ടി.
മിച്ചൽ മാർഷ് മൂന്നു വിക്കറ്റ് വീഴ്ത്തി. 35 റൺസെടുത്ത റിലീ റോസൂവാണ് ഡൽഹി ബാറ്റർമാരിൽ മുന്നിൽ. 11ൽ ഏഴും തോറ്റ ഡൽഹിയുടെ പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.