കോഹ്ലിയും രോഹിത്തും ഇല്ല! ലാറയുടെ ഐ.പി.എൽ സൂപ്പർ ബാറ്റർമാരിൽ ഇന്ത്യൻ യുവ താരങ്ങൾ...
text_fieldsമുംബൈ: ഐ.പി.എൽ 2025 സീസൺ അടിമുടി മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. മെഗാ താര ലേലത്തിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ഒരു ടീമിന് പരമാവധി ആറു താരങ്ങളെ നിലനിർത്താനാകും.
ഒരോ ടീമും നിലനിർത്തുന്ന താരങ്ങൾ ആരൊക്കെയാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഈമാസം അവസാനം നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഐ.പി.എൽ ഗവേണിങ് കൗൺസിലിന് കൈമാറണം. പല പ്രമുഖ താരങ്ങളെയും ടീമുകൾ കൈവിടുമെന്നാണ് പുറത്തുവരുന്ന വിവരം. വെസ്റ്റിൻഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ ഐ.പി.എല്ലിലെ തന്‍റെ ഇഷ്ട സൂപ്പർ ബാറ്റർമാരായി ഇന്ത്യൻ യുവതാരങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരൊന്നും താരത്തിന്‍റെ പട്ടികയിലില്ല. വെടിക്കെട്ട് ബാറ്റിങ്ങുമായി ആരാധകരുടെ മനസ്സിൽ ഇടംനേടിയ യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ എന്നിവരാണ് ലാറയുടെ ഐ.പി.എൽ സൂപ്പർ ബാറ്റർമാർ. ‘ജയ്സ്വാളും അഭിഷേക് ശർമയും. ഒന്നാമതായി ഇരുവരും ഇടങ്കൈ ബാറ്റർമാണ്. െചറുപ്പക്കാരും. വളരെ ആക്രമണോത്സുകവും മനോഹരവുമായാണ് ബാറ്റ് ചെയ്യുന്നത്’ -അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗിന്‍റെ ഉദ്ഘാടന ചടങ്ങിൽ ലാറ പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരുവരുമായും പ്രത്യേക സൗഹൃദം തന്നെയുണ്ട്. അവർ കൂടുതൽ മെച്ചപ്പെടുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഏത് സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താനുള്ള കഴിവ് ജയ്‍സ്വാളിനുണ്ട്. കരീബിയയിൽ നമ്മൾ അത് കണ്ടതാണ്. ആസ്ട്രേലിയൻ മണ്ണിലും അദ്ദേഹത്തിന് മികച്ച പ്രകടനം ആവർത്തിക്കാനാകുമെന്നും ലാറ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടെസ്റ്റ് ടീമിലും ഒഴിവാക്കാനാകാത്ത താരമായി മാറി ജയ്സ്വാൾ. ഈ വർഷം എട്ടു മത്സരങ്ങളിൽ 929 റൺസാണ് താരം ഇതുവരെ നേടിയത്. ശരാശരി 66.35 ആണ്. രണ്ടു സെഞ്ച്വറികളും ആറു അർധ സെഞ്ച്വറികളുമായി ഇന്ത്യയുടെ ടോപ് സ്കോററാണ്. അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യൻ ടീമിനെ ഇതിഹാസം സചിൻ തെണ്ടുൽക്കറാണ് നയിക്കുന്നത്.
ട്വന്‍റി20 ടൂർണമെന്‍റിൽ ഇന്ത്യക്കു പുറമെ, ശ്രീലങ്ക, ആസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റീൻഡീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഇതിഹാസ താരങ്ങൾ പങ്കെടുക്കും. നവംബർ 17 മുതൽ ഡിസംബർ എട്ടുവരെയാണ് ടൂർണമെന്‍റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.