ബ്രോഡെന്താ ഇന്ത്യയുടെ ചെണ്ടയോ?... ഒരോവറിൽ 35 റൺസ് അടിച്ചു കൂട്ടി ബുംറയുടെ താണ്ഡവം-VIDEO
text_fieldsബിർമിങ്ഹാം: സ്റ്റുവാർട്ട് ബ്രോഡ് ഇന്ത്യൻ ബാറ്റർമാരുടെ 'ചെണ്ട'യാണോയെന്ന് ആരും സംശയിച്ചുപോകുന്ന തരത്തിലായിരുന്നു ആ ഓവറിൽ അതിർവരതേടിപ്പറന്ന പന്തുകളുടെ ഗതി. കരിയറിന്റെ തുടക്കകാലത്ത് ബൗളിങ് ക്രീസിലെത്തിയ ബ്രോഡിനെ ഒരോവറിലെ മുഴുവൻ പന്തുകളും സിക്സറിന് പറത്തി യുവരാജ് സിങ്ങാണ് അത് ആദ്യം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ എജ്ബാസ്റ്റണിലെ അഞ്ചാം ടെസ്റ്റിൽ ബ്രോഡ് എറിഞ്ഞ ഒരോവറിൽ 35 റൺസ് അടിച്ചുകൂട്ടി റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ചത് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ. അന്ന് ബാറ്ററായിരുന്നു 'വെളിച്ചപ്പാടാ'യതെങ്കിൽ ഇന്ന് സ്‍പെഷലിസ്റ്റ് ബൗളറായ ബുറംയുടെ വകയായിരുന്നു ബ്രോഡിനെതിരായ കൊലവിളി.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണൊഴുകിയ ഓവറാണ് എജ്ബാസ്റ്റണിൽ പിറവി കൊണ്ടത്. ഓവറിൽ 28 റൺസെന്ന റെക്കോർഡാണ് പഴങ്കഥയായത്. 29 റൺസ് ഈ ഓവറിൽ ബുംറയുടെ ബാറ്റിൽനിന്ന് പിറന്നപ്പോൾ ആറു റൺസ് എക്സ്ട്രാസിന്റെ രൂപത്തിലാണ് അക്കൗണ്ടിലെത്തിയത്.
4, 6, 4, 4, 4, 6,1....
ആദ്യ പന്ത് ടോപ് എഡ്ജിലൂടെ ഫോറിലേക്ക്. രണ്ടാം പന്ത് വൈഡ് വഴി അതിർവരകടന്നു. ഫലം അഞ്ചു റൺസ്. അടുത്ത പന്ത് നോബാളും സിക്സും ഒരുമിച്ച്. അതും ടോപ് എഡ്ജ് വഴിയായിരുന്നു. അടുത്ത പന്ത് ഫുൾടോസ് മിഡോണിലൂടെ ബൗണ്ടറിറോപ് തേടിപ്പറന്നു. ഓവറിലെ മൂന്നാംപന്ത് ഫൈൻ ലെഗിലൂടെ ഫോർ...! ആ ഫോറിലൂടെ ഇന്ത്യൻ സ്കോർ 400 കടന്നു.
നാലാം പന്ത് മിഡ്‍വിക്കറ്റിലൂടെ അതിർത്തി കടന്നു. അഞ്ചാം പന്ത് ഡീപ് ബാക്ക്വേർഡ് സ്ക്വയർ ലെഗിലൂടെ സിക്സറിലേക്ക്...! അടുത്ത പന്തിൽ ഒരു റൺ...ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും റണ്ണൊഴുകിയ ഓവറെന്ന വിശേഷണത്തിലേക്കാണ് ബുംറ തകർത്തടിച്ചത്. ഒന്നാമിന്നിങ്സിൽ ഇന്ത്യ 416 റൺസടിച്ചപ്പോൾ 16 പന്തിൽ നാലു ഫോറും രണ്ടു സിക്സുമടക്കം ബുറം 31 റൺസുമായി പുറത്താകാതെനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.