ബുംറയെയും ഡി കോക്കിനെയും പിന്നിലാക്കി; രചിൻ രവീന്ദ്ര മികച്ച താരം
text_fieldsഒക്ടോബർ മാസത്തെ മികച്ച താരമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ന്യൂസിലാൻഡിന്റെ യുവതാരം രചിൻ രവീന്ദ്രയെ തെരഞ്ഞെടുത്തു. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെയും ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്റർ ക്വിന്റൺ ഡി കോക്കിനെയും മറികടന്നാണ് ന്യൂസിലാൻഡുകാരൻ മികച്ച താരമായത്.
ലോകകപ്പിലെ തകർപ്പൻ ഫോമാണ് 23കാരന് തുണയായത്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 123 റൺസടിച്ചാണ് താരം വരവറിയിച്ചത്. ശേഷം നെതർലാൻഡ്സിനെതിരെയും (51), ഇന്ത്യക്കെതിരെയും (75) അർധസെഞ്ച്വറി നേടിയ രചിൻ ആസ്ട്രേലിയക്കെതിരെ 89 പന്തിൽ 116 റൺസും അടിച്ചുകൂട്ടി. ഇതുവരെ 70.62 റൺസ് ശരാശരിയിൽ 565 റൺസാണ് സമ്പാദ്യം.
ഇതിനിടെ രണ്ട് പ്രധാന റെക്കോഡുകളും താരത്തിന്റെ പേരിലായി. കളിക്കുന്ന ആദ്യ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടം ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോയെ (532) മറികടന്ന് രചിൻ സ്വന്തമാക്കി. 25 വയസ്സിന് മുമ്പ് ഒറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന സചിൻ ടെണ്ടുൽക്കറുടെ റെക്കോഡും മറികടന്നു. 523 റൺസായിരുന്നു സചിൻ നേടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.