എറിഞ്ഞിട്ട് ബുംറയും ഷമിയും; ആസ്ട്രേലിയക്ക് മൂന്ന് വിക്കറ്റ് നഷ്ടം
text_fieldsഅഹ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ 241 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ഓപണർ ഡേവിഡ് വാർണറും വൺഡൗണായെത്തിയ മിച്ചൽ മാർഷും മുൻ നായകൻ സ്റ്റീവൻ സ്മിത്തുമാണ് പുറത്തായത്. തകർപ്പനടികളിലൂടെ തുടങ്ങിയ ആസ്ട്രേലിയക്ക് ആദ്യ പ്രഹരമേൽപിച്ചത് മുഹമ്മദ് ഷമിയായിരുന്നു. മൂന്ന് പന്തിൽ ഒരു ഫോറടക്കം ഏഴ് റൺസെടുത്ത വാർണറെ ഷമി വിരാട് കോഹ്‍ലിയുടെ കൈയിലെത്തിക്കുകയായിരുന്നു.
ആദ്യ ഓവറിൽ 15 റൺസ് വഴങ്ങിയ ബുംറ പിന്നീട് താളം കണ്ടെത്തിയതോടെ രണ്ടാം വിക്കറ്റും വീണു. 15 പന്തിൽ അത്രയും റൺസെടുത്ത മാർഷിനെ ബുംറ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു. തുടർന്നെത്തിയ സ്റ്റീവൻ സ്മിത്തിനെയും നിലയുറപ്പിക്കും മുമ്പ് ബുംറ മടക്കി. ഏഴാം ഓവറിലെ അവസാന പന്തിൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. 47 റൺസായിരുന്നു അപ്പോൾ സ്കോർ ബോർഡിൽ. 13 ഓവർ പിന്നിടുമ്പോൾ മൂന്നിന് 70 റൺസെന്ന നിലയിലാണ് ആസ്ട്രേലിയ. 23 റൺസുമായി ട്രാവിസ് ഹെഡും നാല് റൺസുമായി ലബൂഷെയ്നുമാണ് ക്രീസിൽ. ഇന്ത്യക്കായി ബുംറ രണ്ടും ഷമി ഒന്നും വിക്കറ്റ് വീഴ്ത്തി.
സ്വന്തം മണ്ണിൽ മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് ആദ്യമ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 240 റൺസാണ് നേടിയത്. കെ.എൽ രാഹുലും വിരാട് കോഹ്‍ലിയും നേടിയ അർധസെഞ്ച്വറികളാണ് ഇന്ത്യയെ തകർച്ചയിൽനിന്ന് കരകയറ്റിയത്. തരക്കേടില്ലാത്ത തുടക്കമാണ് ഇന്ത്യക്കായി ഓപണർമാർ നൽകിയത്. 4.2 ഓവറിൽ 30 റൺസ് നേടിയ രോഹിത്-ഗിൽ സഖ്യം പൊളിച്ചത് മിച്ചൽ സ്റ്റാർക്കാണ്. ഏഴ് പന്തിൽ നാല് റൺസെടുത്ത ഗില്ലിനെ ലോങ് ഓണിൽ ആദം സാംബയുടെ കൈയിലെത്തിക്കുകയായിരുന്നു.
എന്നാൽ, പതിവുപോലെ ആക്രമണ മൂഡിലായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയെ െഗ്ലൻ മാക്സ് വെൽ വീഴ്ത്തി. പത്താം ഓവറിൽ മാക്സ്വെല്ലിന്റെ രണ്ടാം പന്ത് സിക്സും മൂന്നാം പന്ത് ഫോറുമടിച്ച രോഹിതിനെ നാലാം പന്തിൽ ട്രാവിസ് ഹെഡ് പിറകിലേക്കോടി അത്യുജ്വലമായി കൈയിലൊതുക്കുകയായിരുന്നു. 31 പന്തിൽ മൂന്ന് സിക്സും നാല് ഫേറുമടക്കം 47 റൺസാണ് രോഹിത് നേടിയത്. വൈകാതെ മൂന്നാം വിക്കറ്റും വീണു. മൂന്ന് പന്തിൽ നാല് റൺസെടുത്ത ശ്രേയസ് അയ്യരെ കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് പിടികൂടുകയായിരുന്നു. മൂന്നിന് 81 എന്ന നിലയിൽ പ്രതിസന്ധിയിലായ ടീമിനെ പിന്നീട് വിരാട് കോഹ്‍ലിയും കെ.എൽ രാഹുലും ചേർന്ന് പതിയെ കരകയറ്റുകയായിരുന്നു.
63 പന്തിൽ നാല് ഫോറടക്കം 54 റൺസ് നേടിയ കോഹ്‍ലിയെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് വീഴ്ത്തിയത്. കമ്മിൻസിന്റെ പന്ത് ബാറ്റിൽ തട്ടി സ്റ്റമ്പിൽ പതിക്കുകയായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 109 പന്തിൽ 67 റൺസ് ചേർത്താണ് പിരിഞ്ഞത്.
107 പന്തിൽ 66 റൺസ് നേടിയ രാഹുൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് പിടികൂടിയാണ് മടങ്ങിയത്. ടീം തകർച്ചയിലേക്ക് നീങ്ങുമ്പോൾ ക്ഷമയോടെ പിടിച്ചുനിന്ന് 86 പന്തിൽ ഒറ്റ ഫോറിന്റെ മാത്രം അകമ്പടിയിലാണ് താരം 50ലെത്തിയത്.
22 പന്തിൽ ഒമ്പത് റൺസെടുത്ത രവീന്ദ്ര ജദേജയെ ഹേസൽവുഡിന്റെ പന്തിലും 10 പന്തിൽ ആറ് റൺസെടുത്ത മുഹമ്മദ് ഷമിയെ സ്റ്റാർക്കിന്റെ പന്തിലും വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് പിടികൂടിയപ്പോൾ ബുംറയെ ആദം സാംബ വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. പിന്നെയുള്ള പ്രതീക്ഷ മുഴുവൻ സൂര്യകുമാർ യാദവിലായിരുന്നു. എന്നാൽ, 28 പന്തിൽ ഒരു ഫോറടക്കം 18 റൺസെടുത്ത സൂര്യകുമാറിനെ ഹേസൽവുഡ് വിക്കറ്റ് കീപ്പറുടെ കൈയിലെത്തിച്ചു. അവസാന പന്തിൽ രണ്ട് റൺസ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ കുൽദീപ് യാദവ് റണ്ണൗട്ടായി. മുഹമ്മദ് സിറാജ് ഒമ്പത് റൺസുമായി പുറത്താകാതെ നിന്നു.
ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വീതവും െഗ്ലൻ മാക്സ്വെൽ, ആദം സാംബ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.