ജൂണിലെ താരങ്ങളായി ബുംറയും സ്മൃതി മന്ഥാനയും; ഐ.സി.സി പുരസ്കാരത്തിൽ ഇന്ത്യൻ തിളക്കം
text_fieldsമുംബൈ: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ജൂൺ മാസത്തെ മികച്ച താരങ്ങളായി ജസ്പ്രീത് ബുംറയും സ്മൃതി മന്ഥാനയും. ആദ്യമായാണ് പുരുഷ-വനിത വിഭാഗങ്ങളിൽ ഒരേ സമയം ഇന്ത്യൻ താരങ്ങൾ ഈ നേട്ടത്തിലെത്തുന്നത്.
ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതാണ് പേസർ ജസ്പ്രീത് ബുംറയെ പുരസ്കാര നേട്ടത്തിലേക്ക് നയിച്ചത്. എട്ട് മത്സരങ്ങളിൽ 15 വിക്കറ്റ് വീഴ്ത്തി ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ബുംറയായിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയും അഫ്ഗാൻ ഓപണർ റഹ്മാനുല്ല ഗുർബാസിനെയും മറികടന്നാണ് ബുംറ ‘െപ്ലയർ ഓഫ് ദി മന്ത്’ അവാർഡ് സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന-ടെസ്റ്റ് പരമ്പരകളിൽ നടത്തിയ റൺവേട്ടയാണ് സ്മൃതി മന്ഥാനയെ മികച്ച വനിത ക്രിക്കറ്റർക്കുള്ള ജൂണിലെ പുരസ്കാരത്തിന് അർഹയാക്കിയത്. ആദ്യ ഏകദിനത്തിൽ 113 റൺസടിച്ച സ്മൃതി രണ്ടാമത്തേതിൽ 136ഉം മൂന്നാമത്തേതിൽ 90ഉം റൺസ് നേടിയിരുന്നു. 114.33 ശരാശരിയിൽ 343 റൺസായിരുന്നു ആകെ സമ്പാദ്യം. ഏക ടെസ്റ്റിൽ 149 റൺസും അടിച്ചുകൂട്ടി. ഇംഗ്ലണ്ടിന്റെ മഇയ ബൗച്ചർ, ശ്രീലങ്കയുടെ വിഷ്മി ഗുണരത്നെ എന്നിവരെ പിന്തള്ളിയാണ് ആദ്യമായി പുരസ്കാരം സ്വന്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.