അഫ്ഗാനെ എറിഞ്ഞിട്ട് ബുംറ; സൂപ്പർ എട്ട് സൂപ്പറായി തുടങ്ങി ഇന്ത്യ
text_fieldsബർബദോസ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടം ജയത്തോടെ സൂപ്പറായി തുടങ്ങി ഇന്ത്യ. അഫ്ഗാനിസ്ഥാനെ 47 റൺസിനാണ് ഇന്ത്യ തകർത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യയൊരുക്കിയ 182 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ അഫ്ഗാൻ 134 റൺസിന് പുറത്താവുകയായിരുന്നു. നാലോവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്നുപേരെ എറിഞ്ഞിട്ട ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. അർഷ്ദീപ് സിങ് 36 റൺസ് വഴങ്ങിയും മൂന്ന് വിക്കറ്റ് നേടി.
വലിയ വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ അഫ്ഗാനായി ആർക്കും തിളങ്ങാനായില്ല. 23 റൺസെടുക്കുമ്പോഴേക്കും മൂന്നുപേർ തിരിച്ചുകയറിയ ഇന്നിങ്സിൽ 20 പന്തിൽ 26 റൺസെടുത്ത അസ്മതുല്ല ഒമർസായിയാണ് ടോപ് സ്കോററായത്. റഹ്മാനുല്ല ഗുർബാസ് (11), ഹസ്റതുല്ല സസായ് (2), ഇബ്രാഹിം സദ്റാൻ (8), ഗുൽബദിൻ നായിബ് (17), നജീബുല്ല സദ്റാൻ (19), മുഹമ്മദ് നബി (14), റാഷിദ് ഖാൻ (2), നവീനുൽ ഹഖ് (0), നൂർ അഹ്മദ് (12) എന്നിവരെല്ലാം വേഗത്തിൽ മടങ്ങി. ഫസൽ ഹഖ് ഫാറൂഖി നാല് റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ ബൗളർമാരിൽ ബുംറക്കും അർഷ്ദീപിനും പുറമെ കുൽദീപ് യാദവ് രണ്ടും അക്സർ പട്ടേൽ, രവീന്ദ്ര ജദേജ എന്നിവർ ഓരോന്നും വിക്കറ്റ് നേടി.
സൂര്യയുടെ അർധസെഞ്ച്വറിയിൽ പിടിച്ചുകയറി ഇന്ത്യ
സൂര്യകുമാർ യാദവിന്റെ തകർപ്പൻ അർധസെഞ്ച്വറിയാണ് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യൻ സ്കോർ 180 കടത്തിയത്. തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 13 പന്തിൽ എട്ട് റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ ഫസൽ ഹഖ് ഫാറൂഖിയുടെ പന്തിൽ റാഷിദ് ഖാന് പിടികൊടുക്കുകയായിരുന്നു. 11 റൺസായിരുന്നു അപ്പോൾ സ്കോർ ബോർഡിൽ. രണ്ടാം വിക്കറ്റിൽ വിരാട് കോഹ്‍ലിയും ഋഷബ് പന്തും പിടിച്ചുനിന്നെങ്കിലും പന്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി റാഷിദ് ഖാൻ അടുത്ത തിരിച്ചടി നൽകി. 11 പന്തിൽ 20 റൺസാണ് പന്ത് നേടിയത്. കോഹ്‍ലിയുടെ ഊഴമായിരുന്നു അടുത്തത്. 24 പന്തിൽ അത്രയും റൺസെടുത്ത കോഹ്‍ലിയെ റാഷിദ് ഖാന്റെ പന്തിൽ ബൗണ്ടറി ലൈനിൽ മുഹമ്മദ് നബി പിടികൂടുകയായിരുന്നു. ഇതോടെ ഇന്ത്യ 8.3 ഓവറിൽ മൂന്നിന് 62 റൺസെന്ന നിലയിലേക്ക് വീണു.
ഒരുവശത്ത് അടിച്ചുകളിച്ച സൂര്യകുമാറിന് കൂട്ടായി ശിവം ദുബെ എത്തിയെങ്കിലും നിരാശപ്പെടുത്തി. ഏഴ് പന്തിൽ 10 റൺസെടുത്ത ദുബെയെയും റാഷിദ് ഖാൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തുടർന്നെത്തിയ ഹാർദിക് പാണ്ഡ്യ സൂര്യക്കൊപ്പം ചേർന്നതോടെയാണ് ഇന്ത്യൻ ഇന്നിങ്സിന് ജീവൻ വെച്ചത്. എന്നാൽ, അർധസെഞ്ച്വറി തികച്ചയുടൻ സൂര്യ മടങ്ങി. 28 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 53 റൺസെടുത്ത താരത്തെ ഫസലുൽ ഹഖ് ഫാറൂഖി മുഹമ്മദ് നബിയുടെ കൈയിലെത്തിക്കുകയായിരുന്നു. നവീനുൽ ഹഖിന്റെ പന്തിൽ എൽ.ബി.ഡബ്ലൂവിൽ കുടുങ്ങിയ പാണ്ഡ്യ ഡി.ആർ.എസിലൂടെ ആയുസ് നീട്ടിയെങ്കിലും തൊട്ടടുത്ത പന്തിൽ അസ്മതുല്ല ഒമർസായിക്ക് പിടികൊടുത്തു. 24 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 32 റൺസാണ് പാണ്ഡ്യ നേടിയത്. വൈകാതെ രവീന്ദ്ര ജദേജയും (അഞ്ച് പന്തിൽ ഏഴ്) തിരിച്ചുകയറി. ആറ് പന്തിൽ 12 റൺസെടുത്ത അക്സർ പട്ടേൽ അവസാന പന്തിൽ റണ്ണൗട്ടായതോടെ ഇന്ത്യൻ സ്കോർ എട്ട് വിക്കറ്റിന് 181ൽ ഒതുങ്ങി. രണ്ട് റൺസുമായി അർഷ്ദീപ് സിങ് പുറത്താകാതെനിന്നു.
നാലോവറിൽ 26 റൺസെടുത്ത് മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ റാഷിദ് ഖാനും 33 റൺസ് വഴങ്ങി മൂന്ന് പേരെ മടക്കിയ ഫസൽ ഹഖ് ഫാറൂഖിയുമാണ് അഫ്ഗാൻ ബൗളർമാരിൽ തിളങ്ങിയത്. നവീനുൽ ഹഖ് ഒരു വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.