അഞ്ചുപേരെ എറിഞ്ഞിട്ട് ബുംറ, പിടിച്ചുനിന്ന് മർക്രാം; ദക്ഷിണാഫ്രിക്കക്ക് ഏഴ് വിക്കറ്റ് നഷ്ടം
text_fieldsകേപ്ടൗൺ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് ഏഴ് വിക്കറ്റ് നഷ്ടം. ആദ്യ ഇന്നിങ്സിൽ മുഹമ്മദ് സിറാജിന്റെ ഊഴമായിരുന്നെങ്കിൽ രണ്ടാം ഇന്നിങ്സിൽ തീതുപ്പിയത് ജസ്പ്രീത് ബുംറയാണ്. 11 ഓവറിൽ 49 റൺസ് വഴങ്ങി അഞ്ച് ബാറ്റർമാരെയാണ് ബുംറ മടക്കിയത്. മുകേഷ് കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റ് എറിഞ്ഞിട്ട മുഹമ്മദ് സിറാജ് വിക്കറ്റൊന്നും ലഭിച്ചിട്ടില്ല. 26 ഓവർ പിന്നിടുമ്പോൾ ഏഴിന് 117 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ 19 റൺസിന്റെ മുൻതൂക്കം മാത്രമാണ് അവർക്കുള്ളത്.
തുടരെത്തുടരെ വിക്കറ്റ് വീഴുമ്പോഴും ഒരറ്റത്ത് പിടിച്ചുനിന്ന് അർധസെഞ്ച്വറിയുമായി ക്രീസിൽ തുടരുന്ന ഓപണർ എയ്ഡൻ മർക്രാം ആണ് ഇന്ത്യക്ക് ഭീഷണിയായുള്ളത്. 79 പന്ത് നേരിട്ട് 62 റൺസുമായാണ് താരം പുറത്താകാതെ നിൽക്കുന്നത്. അവസാന ടെസ്റ്റ് കളിക്കുന്ന താൽക്കാലിക ക്യാപ്റ്റൻ ഡീൻ എൽഗർ 12 റൺസെടുത്ത് പുറത്തായി. ടോണി ഡി സോർസി (1), ട്രിസ്റ്റൺ സ്റ്റബ്സ് (1), ഡേവിഡ് ബെഡിങ്ഹാം (11), കെയ്ൽ വെരെയ്ൻ (9) എന്നിവരാണ് ഔട്ടായ മറ്റു ബാറ്റർമാർ.
ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിന് പുറത്താക്കിയ ഇന്ത്യ മറുപടിയായി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും സ്കോർ 153ൽ നിൽക്കെ അവസാന ആറ് വിക്കറ്റുകളും അവിശ്വസനീയമായി വീഴുകയായിരുന്നു. കെ.എൽ രാഹുൽ, രവീന്ദ്ര ജദേജ, ജസ്പ്രീത് ബുംറ, വിരാട് കോഹ്‍ലി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഒറ്റ റൺസ് പോലും കൂട്ടിച്ചേർക്കുന്നതിന് മുമ്പ് മടങ്ങിയത്. ഇതോടെ ഇക്കാര്യത്തിൽ നാണക്കേടിന്റെ റെക്കോഡും ഇന്ത്യയുടെ പേരിലായി. രണ്ട് ഇന്നിങ്സിലുമായി ദക്ഷിണാഫ്രിക്കയുടെ 13 വിക്കറ്റും ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിലെ പത്ത് വിക്കറ്റും ഉൾപ്പെടെ 23 വിക്കറ്റുകളാണ് അദ്യദിനം വീണത്. 46 റൺസെടുത്ത വിരാട് കോഹ്‍ലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.