നായകനായി ബുംറയുടെ തിരിച്ചുവരവ്; ഇന്ത്യ-അയർലൻഡ് ഒന്നാം ട്വന്റി20 ഇന്ന്
text_fieldsഡബ്ലിൻ: 11 മാസത്തെ ഇടവേളക്കുശേഷം സ്പീഡ് സ്റ്റാർ കളിക്കളത്തിൽ തിരിച്ചെത്തുന്നു, പുതിയ നായകനും പരിശീലകനും കീഴിൽ ഇന്ത്യൻ യുവനിര ഇറങ്ങുന്നു... അയർലൻഡിനെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന മൂന്നു മത്സര ട്വന്റി20 പരമ്പര പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ ബുംറയാണ് ക്യാപ്റ്റൻ. കരിയറിന്റെ അവസാന ഘട്ടത്തിലേക്കു കടക്കുന്ന ബാറ്റർമാരായ രോഹിത് ശർമ, വിരാട് കോഹ്‍ലി, ഓൾറൗണ്ടർ രവീന്ദ്ര ജദേജ തുടങ്ങിയവർക്ക് പകരക്കാരെ ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യംകൂടി രണ്ടാം നിരയെ അണിനിരത്തുന്നതിനു പിന്നിലുണ്ട്. രാഹുൽ ദ്രാവിഡിന് വിശ്രമം നൽകി സീതാൻഷു കൊടകിനെയാണ് പരിശീലകനായി നിയോഗിച്ചിരിക്കുന്നത്.
വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പര തോറ്റ ക്ഷീണത്തിലാണ് ഇന്ത്യ. വിൻഡീസിനെതിരെ അവസരം ലഭിച്ചിട്ടും തിളങ്ങാനാവാതെപോയ സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർക്ക് നിർണായകമാണ് അയർലൻഡിനെതിരായ മത്സരങ്ങൾ. വിക്കറ്റ് കീപ്പർ ബാറ്ററായി ജിതേഷ് ശർമയും ടീമിലുള്ളതിനാൽ സഞ്ജുവിന് കിട്ടുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തിയേ തീരൂ. ട്വന്റി20യിൽ അവഗണിക്കാനാവാത്ത സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന ടീമാണ് അയർലൻഡ്.
ടീം ഇവരിൽനിന്ന്:
ഇന്ത്യ: ജസ്പ്രീത് ബുംറ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാൾ, തിലക് വർമ, റിങ്കു സിങ്, സഞ്ജു സാംസൺ, ജിതേഷ് ശർമ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ആവേശ് ഖാൻ.
അയർലൻഡ്: ആൻഡ്രൂ ബാൽബിർണി (ക്യാപ്റ്റൻ), ഹാരി ടെക്ടർ, ലോർക്കൻ ടക്കർ, റോസ് അഡയർ, മാർക് അഡയർ, കർട്ടിസ് കാംഫർ, ഗാരെത് ഡെലാനി, ജോർജ് ഡോക്രെൽ, ഫിയോൺ ഹാൻഡ്, ജോഷ് ലിറ്റിൽ, ബാരി മക്കാർത്തി, ബെൻ വൈറ്റ്, ക്രെയ്ഗ് യങ്, തിയോ വാൻ വെർകോം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.