ആദ്യ അഞ്ചെണ്ണം വിക്കറ്റിന് ഇടതുവശം ചേർന്ന് ഔട്ട് സ്വിങർ, അവസാന പന്തിൽ അടവ് മാറ്റം, വിക്കറ്റ്; ബുംറ മാജിക്ക്!
text_fieldsഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 376 റൺസ് നേടി പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് പതറുകയാണ്. ടീം സ്കോർ 100 റൺസ് എത്തുന്നതിന് മുമ്പ് തന്നെ സന്ദർശകർക്ക് ഏഴ് വിക്കറ്റ് നഷ്ടമായി. പേസ് ബൗളർ ജസ്പ്രീത് ബുംറയാണ് ഇന്ത്യക്കായി വിക്കറ്റ് വേട്ട ആരംഭിച്ചത്. ട്വന്‍റി-20 ലോകകപ്പിന് ശേഷം ആദ്യമായി ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയ ബുംറ ആദ്യ ഓവറിൽ തന്നെ വരവറിയിച്ചിരുന്നു.
ഇന്ത്യക്കായി ഓപണിങ് സ്പെൽ എറിയാൻ എത്തിയത് ബുംറ ആയിരുന്നു. ഷദ്മൻ ഇസ്‍ലാമിനെ ആദ്യ ഓവറിലെ അവസാന പന്തിൽ പവലിയനിലെത്തിക്കുകയായിരുന്നു ബുംറ. രണ്ട് റൺസാണ് ബംഗ്ലാ ഓപണർ നേടിയത്. നിലവിൽ ലോക ക്രിക്കറ്റിലെ മികച്ച ബൗളറായി കണക്കാക്കുന്ന ബുംറയുടെ പന്ത് ബാറ്ററെ അക്ഷാർഥത്തിൽ ഞെട്ടിക്കുകയായിരുന്നു. ബാൾ ഔട്ട് സ്വിങ് ചെയ്യുമെന്ന് കരുതി പുറകിലോട്ട് ലീവ് ചെയ്യുകയായിരുന്നു ബാറ്റർ. എന്നാൽ, ബാറ്ററെ ഞെട്ടിച്ച് പന്ത് സ്റ്റമ്പിൽ കയറുകയായിരുന്നു. ഇടം കൈയൻ ബാറ്ററായ ഷദ്മൻ ഇസ്‍ലാമിന് ആദ്യ അഞ്ച് പന്ത് ‘ഓവർ ദി വിക്കറ്റി’ൽ നിന്നും ഔട്ട് സ്വിങ്ങറുകൾ വർഷിച്ച ബുംറ ഓവറിന്‍റെ അവസാന പന്തിൽ ‘എറൗണ്ട് ദി വിക്കറ്റി’ലെത്തി ബാറ്ററെയും കാണികളെയുമെല്ലാം ഞെട്ടിക്കുകയായിരുന്നു. ബാറ്ററെ പുറത്താക്കാനുള്ള ബുംറയുടെ മാസ്റ്റർ പ്ലാനായിരുന്നു അവസാന പന്ത്.
അതേസമയം, തുടക്കം പതറിയ ഇന്ത്യയെ കരകയറ്റിയത് ആർ. അശ്വിൻ-രവീന്ദ്ര ജദേജ കൂട്ടുകെട്ടാണ്. അശ്വിൻ 113 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററായപ്പോൾ ജദേജ 86 റൺസെടുത്ത് പുറത്തായി.നേരത്തെ യശ്വസ്വി ജയ്സ്വാളും ഇന്ത്യക്കായി അർധസെഞ്ച്വറി നേടിയിരുന്നു. ഓപണിങ് ഇറങ്ങിയ ജയ്സ്വാൾ 118 പന്ത് നേരിട്ട് 56 റൺസ് നേടി. രോഹിത് ശർമ (ആറ്), ശുഭ്മൻ ഗിൽ (പൂജ്യം), വിരാട് കോഹ്‍ലി (ആറ്), കെ.എൽ. രാഹുൽ (16) എന്നിവർ നിരാശപ്പെടുത്തി. ഏറെ നാളുകൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഋഷഭ് പന്ത് 39 റൺസ് സ്വന്തമാക്കി. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് അഞ്ചും വിക്കറ്റും ടസ്കിൻ മൂന്ന് വിക്കറ്റും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.