ബട്ലർ മിന്നി; ഓസീസിനെതിരായ ട്വൻറി20 പരമ്പര ഇംഗ്ലണ്ടിന്
text_fieldsസതാംപ്റ്റൺ: ഓപണർ ജോസ് ബട്ലറിെൻറ (54 പന്തിൽ 77 നോട്ടൗട്ട്) വെടിക്കെട്ട് ബാറ്റിങ് മികവിൽ ആസ്ട്രേലിയയെ ആറ് വിക്കറ്റിന് തോൽപിച്ച് ആതിഥേയരായ ഇംഗ്ലണ്ട് ട്വൻറി20 പരമ്പര 2-0ത്തിന് സ്വന്തമാക്കി. സന്ദർശകർ ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം ഏഴുപന്തുകൾ ശേഷിക്കേ ഇംഗ്ലണ്ട് മറികടന്നു.
അവസാന രണ്ടോവറിൽ 18 റൺസ് വേണ്ടിയിരുന്ന വേളയിൽ ആദം സാംബയെ സിക്സും ഫോറുമടിച്ച് മുഈൻ അലി (13 നോട്ടൗട്ട്) ഇംഗ്ലണ്ടിെൻറ വിജയം എളുപ്പമാക്കി. സാംബയെ സിക്സറിന് പറത്തിയാണ് ബട്ലർ ജയം ആഘോഷിച്ചത്. ഡേവിഡ് മലാനും (42) ബട്ലറും ചേർന്ന് രണ്ടാം വിക്കറ്റിൽ ചേർത്ത 87 റൺസാണ് ഇംഗ്ലീഷ് ഇന്നിങ്സിെൻറ നട്ടെല്ലായത്.
വെള്ളിയാഴ്ച നടന്ന ആദ്യ ട്വൻറി20 മത്സരത്തിൽ ഇംഗ്ലണ്ട് രണ്ട് റൺസിെൻറ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയിരുന്നു. ചൊവ്വാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം.
54 പന്തിൽ എട്ട് ബൗണ്ടറികളും രണ്ട് സിക്സുകളും സഹിതമാണ് ബട്ലർ ട്വൻറി20യിലെ തെൻറ ഏറ്റവും മികച്ച സ്കോർ സ്വന്തമാക്കിയത്. നാല് വർഷങ്ങൾക്ക് മുമ്പ് ഇതേ വേദിയിൽ ശ്രീലങ്കക്കെതിരെ നേടിയ 73 നോട്ടൗട്ട് ആയിരുന്നു ഇതു വരെയുള്ള ഉയർന്ന സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദർശകർക്ക് ഏഴുവിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഇന്നിങ്സ് അവസാനിക്കാൻ ഏഴ് ഓവർ മാത്രം ബാക്കി നിൽക്കേ അഞ്ചിന് 89 റൺസെന്ന നിലയിലായിരുന്നു ഓസീസ്. വാലറ്റക്കാരുടെ ചെറുത്തു നിൽപ്പാണ് ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്. നായകൻ ആരോൺ ഫിഞ്ച് (40), മാർകസ് സ്റ്റോയ്നിസ് (35), ഗ്ലെൻ മക്സ്വെൽ (26), ആഷ്ടൺ അഗർ (23) എന്നിവരാണ് പൊരുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.