വിക്കറ്റിന്‍റെ വിലയറിഞ്ഞ് കളിച്ച സഞ്ജു വിമർശകരുടെ വായടപ്പിച്ചുവെന്ന് പാർഥിവ് പേട്ടൽ
text_fieldsമുംബൈ: നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മലയാളി താരം സഞ്ജു സാംസണ് ഏറെ ആശ്വാസം തരുന്നതായിരുന്നു ശനിയാഴ്ച കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ നേടിയ ആറുവിക്കറ്റ് വിജയം. സഞ്ജുവിന്റെ ബാറ്റിങ് രാജസ്ഥാൻ റോയൽസ് ഇന്നിങ്സിന്റെ നട്ടെല്ല് മാത്രമല്ല വിമർശകർക്കുള്ള മറുപടി കൂടിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പേട്ടൽ.
ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം അടുത്ത ഇന്നിങ്സുകളിൽ ചെറിയ സ്കോറുകൾക്ക് പുറത്തായ സഞ്ജു വാങ്കഡെയിലെ കൗശലം നിറഞ്ഞ പിച്ചിൽ തികഞ്ഞ ഉത്തരവാദിത്വേതാടെയാണ് ബാറ്റുവീശിയത്. അമിതാവേശമില്ലാതെ ബാറ്റേന്തിയ സഞ്ജു (41 പന്തിൽ 42) മൂന്ന് ബൗണ്ടറികൾ മാത്രമാണ് പായിച്ചത്.
134 റൺസ് ലക്ഷ്യം പിന്തുടരവേ ഓപണർ ജോസ് ബട്ലർ (5) മടങ്ങിയതിന് പിന്നാലയാണ് സഞ്ജു ക്രീസിലെത്തിയത്. യുവതാരം യശസ്വി ജയ്സ്വാളിനൊപ്പം (22) ചേർന്ന് സഞ്ജു പവർപ്ലേയിൽ ടീം സ്കോർ 50 റൺസിലെത്തിച്ചു. കൊൽക്കത്ത ഈ സമയം 25 റൺസ് മാത്രമാണ് ചേർത്തിരുന്നത്.
മൂന്നാം വിക്കറ്റിൽ ശിവം ദുബെയുടെ (22) കൂടെയുണ്ടാക്കിയ 45 റൺസ് കൂട്ടുകെട്ടാണ് രാജസ്ഥാനെ വിജയത്തിലേക്ക് അടുപ്പിച്ചത്. ദുബെയെയും രാഹുൽ തേവാത്തിയയെയും (5) അടുത്തടുത്ത പന്തുകളിൽ നഷ്ടമായെങ്കിലും ഡേവിഡ് മില്ലറിനെ (24 നോട്ടൗട്ട്) കൂട്ടുപിടിച്ച് സഞ്ജു ടീമിനെ രണ്ടാം ജയത്തിലേക്ക് നയിക്കുകയായിരുന്നു.
'തന്‍റെ വിക്കറ്റിന് തീരേ വില കൽപിക്കുന്നില്ലെന്ന് നാം അവനെ വിമർശിക്കാറുണ്ട്. അത് പരിഗണിക്കുേമ്പാൾ ഇൗ ഇന്നിങ്സ് വളരേ പ്രത്യേകതയുള്ളതാണ്. ക്യാപ്റ്റൻസി മികവ് പ്രകടമാക്കുന്നതിനൊപ്പം പുറത്താകാതെയും നിന്നും അവൻ അത് കാണിച്ചു തന്നു. ചിലപ്പോൾ നിങ്ങൾക്ക് സെഞ്ച്വറികൾ നേടാൻ സാധിച്ചേക്കാം എന്നാൽ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിക്കുകയെന്നത് വ്യത്യസ്തമായ ഒരനുഭവമാണ്' -പാർഥിവ് ശനിയാഴ്ച സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
'വളരെ ചെറിയ വിജയലക്ഷ്യം ആയതിനാൽ സമയമെടുത്ത് കളിക്കാൻ അവന് സാധിച്ചു. കളിയിൽ പുറത്തെടുത്ത ചില ഷോട്ടുകൾ മാസ്മരികമായിരുന്നു. നന്നായി കളിക്കുന്ന സാഹചര്യത്തിൽ നല്ല ടൈമിങ് ലഭിക്കുന്നതിനാൽ തന്നെ പന്തിനെ നന്നായി പ്രഹരിക്കേണ്ട സാഹചര്യം വരാറില്ല. രാജസ്ഥാൻ ഹെഡ്ബോയ് ക്യാപ്റ്റന്റെ ഇന്നിങ്സ് കളിക്കുന്നത് കാണാനാണ് എനിക്ക് താൽപര്യം. അവന്‍റെ ആ കളി കാണുന്നത് രസകരമാണ്' -പാർഥിവ് കൂട്ടിേച്ചർത്തു.
മത്സരത്തിൽ മികച്ച ബൗളിങ് മാറ്റങ്ങളും മികവാർന്ന രീതിയിലെ ഫീൽഡിങ് പ്ലേസ്മെന്റുകളുമായി സഞ്ജു നേരത്തെ കൈയ്യടി നടിയിരുന്നു. ശേഷമായിരുന്നു സ്വതസിദ്ധമായ ശൈലി മാറ്റിപ്പിടിച്ച സഞ്ജു ടീം ആവശ്യപ്പെടുന്ന രീതിയിൽ കളിശൈലി മാറ്റിയത്.
മുംബൈയിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ രാജസ്ഥാന് ഇനി ഡൽഹിയിലാണ് അങ്കത്തട്ടുണരുന്നത്. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസാണ് എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.