താലിബാന്‍റെ സ്ത്രീകളോടുള്ള സമീപനം; അഫ്ഗാനുമായുള്ള ടെസ്റ്റ് മത്സരത്തിൽ നിന്ന് പിന്മാറി ആസ്ട്രേലിയ
text_fieldsമെൽബൺ: അഫ്ഗാനിസ്താനിൽ പുതുതായി അധികാരത്തിലെത്തിയ താലിബാൻ ഭരണകൂടത്തിന്റെ സ്ത്രീകളോടുള്ള നിലപാടിൽ പ്രതിഷേധിച്ച് അഫ്ഗാൻ ക്രിക്കറ്റ് ടീമുമായുള്ള ടെസ്റ്റ് മത്സരത്തിൽ നിന്ന് പിന്മാറി ആസ്ട്രേലിയ. താലിബാൻ സ്ത്രീകൾ ക്രിക്കറ്റ് കളിക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയതോടെയാണ് ക്രിക്കറ്റ് ആസ്ട്രേലിയയുടെ പിന്മാറ്റം.
ഹോബാർട്ടിലെ ബ്ലണ്ട്സ്റ്റോൺ അരീനയിൽ നടക്കുന്ന മത്സരവുമായി മുന്നോട്ട് പോവാനാവില്ലെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നവംബർ 27നായിരുന്നു അഫ്ഗാനിസ്താൻ-ആസ്ട്രേലിയ മത്സരം നടക്കേണ്ടത്. ആഗോളതലത്തിൽ വനിത ക്രിക്കറ്റിന്‍റെ വികസനം ആസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ക്രിക്കറ്റ് എല്ലാവർക്കും വേണ്ടിയുള്ള കളിയാണ്. എക്കാലത്തും വനിത ക്രിക്കറ്റിനെ ഞങ്ങൾ പിന്തുണച്ചിട്ടുണ്ട്. മാധ്യമ വാർത്തകളിൽ നിന്ന് അഫ്ഗാനിസ്താൻ വനിത ക്രിക്കറ്റിനെ പിന്തുണക്കുന്നില്ലെന്ന് മനസിലാക്കുന്നു. ഈയൊരു സാഹചര്യത്തിൽ അഫ്ഗാനുമായുള്ള ടെസ്റ്റ് മത്സരത്തിൽ നിന്ന് പിന്മാറുകയല്ലാതെ ഞങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ലെന്നും ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.