അവിശ്വസനീയം ഈ ക്യാച്ച്! ഉയർന്നുചാടി പന്ത് ഒറ്റകൈയിലൊതുക്കി കാമറൂൺ ഗ്രീൻ -വിഡിയോ
text_fieldsകൊൽക്കത്ത: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ അവിശ്വസനീയ ക്യാച്ചുമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം കാമറൂൺ ഗ്രീൻ. കൊൽക്കത്തയുടെ അൻഗ്രിഷ് രഘുവംശിയെയാണ് ഐ.പി.എല്ലിലെ മികച്ച ക്യാച്ചുകളിലൊന്നിൽ കാമറൂൺ പുറത്താക്കിയത്.
യാഷ് ദയാൽ എറിഞ്ഞ ആറാം ഓവറിലെ അവസാന പന്തിലാണ് താരം പുറത്താകുന്നത്. യാഷ് എറിഞ്ഞ ഒരു ഗുണ്ട് ലെങ്ത് ബാൾ മിഡ് വിക്കറ്റിനു മുകളിലൂടെ ഉയർത്തിയടിക്കാനായിരുന്നു രഘുവംശിയുടെ ശ്രമം. എന്നാൽ കണക്ഷൻ കൃത്യമായില്ല. പവർപ്ലെ സർക്കിളിന് പുറത്തേക്കുയർന്ന പന്തിനെ പിറകിലേക്ക് ഓടി അവിശ്വസനീയമാം വിധം കാമറൂൺ ഒറ്റ കൈയിലൊതുക്കി. 8.1 ഉയരത്തിൽ പറന്ന പന്താണ് ഓസീസ് താരം ഉയർന്നു ചാടി കൈയിലൊതുക്കിയത്.
പന്ത്കാണുക പോലും ചെയ്യാതെ ഒറ്റ കൈയിലായിരുന്നു ഈ അത്ഭുത പ്രകടനം. പിന്നാലെ താരം ഗ്രൗണ്ടിൽ വീണു. നാലു പന്തിൽ മൂന്നു റൺസായിരുന്നു രഘുവംശിയുടെ സമ്പാദ്യം. സഹതാരത്തിന്‍റെ ക്യാച്ച് കണ്ട് അദ്ഭുതംകൂറിയ ബംഗളൂരു നായകൻ ഫാഫ് ഡുപ്ലെസിസ് കാമറൂണിന്‍റെ അടുത്തേക്ക് ആവേശത്തോടെ ഓടിയെത്തുന്നുണ്ട്. മത്സരത്തിലുടനീളം ഈഡൻഗാർഡനിൽ ഫീൽഡിങ്ങിൽ മികച്ച പ്രകടനമാണ് ബംഗളൂരു പുറത്തെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. നായകൻ ശ്രേയസ് അയ്യരുടെ അർധ സെഞ്ച്വറിയാണ് ടീം സ്കോർ 200 കടത്തിയത്. 36 പന്തില്‍ നിന്ന് 50 റൺസെടുത്താണ് താരം പുറത്തായത്. ഓപ്പണർ ഫിൽ സാർട്ടും തിളങ്ങി. 14 പന്തില്‍ നിന്ന് ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളും ഉള്‍പ്പെടെ 48 റണ്‍സെടുത്താണ് സാള്‍ട്ട് മടങ്ങിയത്. സുനിൽ നരെയ്ൻ (15 പന്തിൽ 10), വെങ്കടേഷ് അയ്യർ (എട്ടു പന്തിൽ 16), റിങ്കു സിങ് (16 പന്തിൽ 24) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
20 പന്തിൽ 27 റൺസുമായി ആന്ദ്രെ റസ്സലും ഒമ്പത് പന്തിൽ 24 റൺസുമായി രമൺദീപ് സിങ്ങും പുറത്താകാതെ നിന്നു. ബംഗളൂരുവിനായി കാമറൂണ്‍ ഗ്രീനും യഷ് ദയാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.