ലോകകപ്പിൽനിന്ന് ആസ്ട്രേലിയയെ പുറത്താക്കാൻ ഇന്ത്യക്കാവുമോ?; സാധ്യതകൾ പലവിധം
text_fieldsആന്റിഗ്വ: ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്താനോട് തോറ്റതോടെ കനത്ത തിരിച്ചടിയാണ് ആസ്ട്രേലിയക്കുണ്ടായിരിക്കുന്നത്. ഏകദിന ലോകകപ്പ് ജേതാക്കളായ ഓസീസിന്റെ സെമി സാധ്യതകളെ വരെ അഫ്ഗാനെതിരായ തോൽവി ത്രിശങ്കുവിലാക്കിയിരിക്കുകയാണ്. ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ച ആസ്ട്രേലിയയെ പുറത്താക്കാനുള്ള വഴികൂടിയാണ് ഇന്ത്യക്ക് മുമ്പിൽ തെളിഞ്ഞിരിക്കുന്നത്. പക്ഷെ അതിന് ഇന്ത്യ ആസ്ട്രേലിയയെ തോൽപിക്കുകയും ബംഗ്ലാദേശിനെതിരെ അഫ്ഗാൻ ജയിച്ചുകയറുകയും വേണം. ഇന്ത്യക്കെതിരായ മത്സരം ഉപേക്ഷിക്കുകയും അഫ്ഗാൻ ബംഗ്ലാദേശിനെതിരെ ജയിക്കുകയും ചെയ്താലും ആസ്ട്രേലിയ പുറത്താകും.
അതേസമയം, സെമിയിലെത്താൻ ആസ്ട്രേലിയക്ക് മുമ്പിൽ പല വഴികളുണ്ട്. അടുത്ത മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കുകയും അഫ്ഗാൻ ബംഗ്ലാദേശിനോട് തോൽക്കുകയും ചെയ്താൽ അവർക്ക് സെമിയിലെത്താം. ഇന്ത്യയോട് തോറ്റാലും ബംഗ്ലാദേശിനോട് അഫ്ഗാൻ പരാജയപ്പെട്ടാൽ മികച്ച റൺറേറ്റിന്റെ ബലത്തിൽ ഓസീസിന് അവസാന നാലിലെത്താം.
ഇന്ത്യയോട് ആസ്ട്രേലിയ തോൽക്കുകയും അഫ്ഗാൻ ബംഗ്ലാദേശിനോട് ജയിക്കുകയും ചെയ്താൽ സെമിയിലെത്തുന്നത് അഫ്ഗാൻ ആയിരിക്കും. അഫ്ഗാൻ-ബംഗ്ലാദേശ് മത്സരം മഴ കാരണം ഉപേക്ഷിക്കുകയും ആസ്ട്രേലിയ ഇന്ത്യയോട് തോൽക്കുകയും ചെയ്താലും മൂന്ന് പോയനേറാടെ അഫ്ഗാന് സെമിയിലെത്താം.
സൂപ്പർ എട്ടിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയും തോൽപിച്ച ഇന്ത്യക്ക് സെമി ഉറപ്പിക്കാനായിട്ടില്ലെങ്കിലും അവസാന മത്സരത്തിൽ ആസ്ട്രേലിയയെ തോൽപിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന നാലിലേക്ക് ടിക്കറ്റെടുക്കാം. തോറ്റാലും മികച്ച റൺറേറ്റുള്ളതിനാൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്ത്യക്ക് മുന്നേറാൻ അവസരമുണ്ട്. ഇന്ത്യക്കെതിരെ ആസ്ട്രേലിയയും ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാനും 120 റണ്‍സ് വ്യത്യാസത്തിലെങ്കിലും ജയിച്ചാല്‍ മാത്രമേ ഇന്ത്യ സെമി കാണാതെ പുറത്താകൂ. ഇന്ത്യ-ആസ്ട്രേലിയ മത്സരം ഉപേക്ഷിച്ചാലും ഇന്ത്യക്ക് സെമി ഉറപ്പിക്കാം. തിങ്കളാഴ്ച സെന്റ് ലൂസിയയിലെ ഡാറൻ സമ്മി നാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ആസ്ട്രേലിയ നിർണായക പോരാട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.