പാകിസ്താന് ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ബഹിഷ്‍കരിക്കാനാവുമോ?; പ്രതികരണവുമായി അശ്വിൻ
text_fieldsഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്‍കരിക്കുമെന്ന പാകിസ്താന്റെ ഭീഷണിയോട് പ്രതികരിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഏഷ്യാ കപ്പിന് ഇന്ത്യ പാകിസ്താനിൽ എത്തിയില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് പാകിസ്താനും വരില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.സി) ചെയർമാൻ നജാം സേത്തി ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അശ്വിന്റെ പ്രതികരണം.
‘‘ഏഷ്യാ കപ്പ് പാകിസ്താനിൽ നടക്കേണ്ടതായിരുന്നു. എന്നാൽ, പാകിസ്താനിൽ ആണെങ്കിൽ ഞങ്ങൾ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഞങ്ങൾ പങ്കെടുക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ വേദി മാറ്റുക. ഇങ്ങനെ സംഭവിക്കുന്നത് നമ്മൾ പലതവണ കണ്ടിട്ടുണ്ടാകും. ഞങ്ങൾ അവരുടെ നാട്ടിലേക്ക് പോകില്ലെന്ന് പറയുമ്പോൾ, അവരും ഞങ്ങളുടെ നാട്ടിലേക്ക് വരില്ലെന്ന് പറയും. അതുപോലെ, തങ്ങൾ ലോകകപ്പിന് വരില്ലെന്ന് പാകിസ്താൻ അറിയിച്ചിരിക്കുകയാണ്. എന്നാൽ, അത് സാധ്യമല്ലെന്നാണ് ഞാൻ കരുതുന്നത്’’, അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു.
ഏഷ്യാ കപ്പ് യു.എ.ഇയിലേക്ക് മാറ്റുന്നതിനേക്കാൾ താൻ ഇഷ്ടപ്പെടുന്നത് ശ്രീലങ്കയിലേക്ക് മാറ്റുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 2022ലെ ഏഷ്യാകപ്പ് ഫൈനലിന് വേദിയായത് യു.എ.ഇ ആയിരുന്നു. ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പ്രധാന ടൂർണമെന്റാണിത്. ദുബൈയിൽ നിരവധി ടൂർണമെന്റുകൾ നടന്നിട്ടുണ്ട്. ശ്രീലങ്കയിലേക്ക് മാറ്റിയാൽ ഞാൻ സന്തോഷവാനായിരിക്കുമെന്നും അശ്വിൻ പറഞ്ഞു.
സെപ്റ്റംബറിൽ പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) പ്രസിഡന്റുമായ ജയ് ഷാ അറിയിച്ചിരുന്നു. ടൂർണമെന്റ് പാകിസ്താനിൽനിന്ന് മാറ്റണമെന്നും ബി.സി.സി.ഐ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അടുത്ത മാർച്ചിൽ നടക്കുന്ന എ.സി.സി യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.