'ഇന്ധനക്ഷാമം കാരണം പരിശീലനത്തിനുപോകാൻ കഴിയുന്നില്ല'; ശ്രീലങ്കയിലെ ഇന്ധനക്ഷാമത്തിന്‍റെ ദുരിതങ്ങൾ വിവരിച്ച് ക്രിക്കറ്റ് താരം
text_fieldsകൊളംബോ: ശ്രീലങ്കയിൽ ഇന്ധനക്ഷാമത്തെത്തുടർന്ന് പെട്രോൾ പമ്പുകൾക്ക് മുമ്പിൽ നീണ്ട നിരയാണ്. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വളരെ കുറഞ്ഞ അളവിലെങ്കിലും ഇന്ധനം ലഭിക്കുന്നത്. ഇന്ധനക്ഷാമം കാരണം തനിക്ക് പരിശീലനത്തിനുപോലും പോകാൻ കഴിയുന്നില്ലെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് താരം ചാമിക കരുണരത്‌നെ പറയുന്നത്. രണ്ടു ദിവസം നീണ്ട ക്യൂവിനുശേഷമാണ് ചാമികക്ക് കാറിൽ നിറക്കാനുള്ള ഇന്ധനം ലഭിച്ചത്.
'ഏഷ്യകപ്പും ശ്രീലങ്കൻ പ്രീമിയർ ലീഗും ഈ വർഷമാണ് നടക്കുന്നത്. പരിശീലനത്തിനും ക്ലബിന്‍റെ സെഷൻസിൽ പങ്കെടുക്കാനുമായി കൊളംബോയിലേക്കും മറ്റ് ഇടങ്ങളിലേക്ക് പോവേണ്ടതായുണ്ട്. രണ്ടു ദിവസമായി എനിക്കെവിടെയും പോകാൻ കഴിയുന്നില്ല. കാരണം ഞാനിവിടെ നീണ്ടക്യൂവിൽ നിൽക്കുകയാണ് ഭാഗ്യം കൊണ്ട് എനിക്ക് ഇന്ധനം കിട്ടി. പതിനായിരം രൂപക്ക് എനിക്ക് മൂന്ന് ദിവസത്തേക്കുള്ള ഇന്ധനം മാത്രമാണ് കിട്ടിയത്'- അന്താരാഷ്ട്ര ക്രിക്കറ്റ് താരം പറഞ്ഞു.
എന്നാൽ വരാനിരിക്കുന്ന ഏഷ്യൻ കപ്പിന് താനും ശ്രീലങ്കൻ ടീമും സജ്ജമാണ് എന്നും ഈ യുവതാരം വ്യക്തമാക്കി. രാജ്യത്ത് എല്ലാം ശരിയായല്ല നടക്കുന്നത്. എന്നാൽ ശരിയായ ആളുകൾ വന്നാൽ രാജ്യത്ത് നല്ലത് സംഭവിക്കുമെന്ന് വിശ്വസിക്കുന്നതായും എല്ലാം ശരിയായ രീതിയിലാവുമെന്നും ചാമിക കരുണരത്‌നെ പറഞ്ഞു. 2019ലാണ് ചാമിക കരുണരത്‌നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.
ഈ വർഷത്തെ എഷ്യകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ശ്രീലങ്കയാണ്. പക്ഷെ രാജ്യത്ത് പ്രക്ഷോഭങ്ങൾ ശക്തമായതോടെ എഷ്യകപ്പ് ശ്രീലങ്കയിൽ നിന്നും മാറ്റിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങൾക്കുമുമ്പ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക തകർപ്പൻ ജയം നേടിയിരുന്നു. ഇതോടെ പരമ്പര സമനിലയിൽ അവസാനിക്കുകയായിരുന്നു. സ്പിന്നർ പ്രഭാത് ജയസൂര്യയുടേയും ദിനേഷ് ചണ്ഡിമലലിന്‍റെയും പ്രകടനമാണ് ലങ്കയെ വമ്പൻ വിജയത്തിലേക്ക് എത്തിച്ചത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഇവിടെ 10ശതമാനം ആളുകൾക്ക് മാത്രമാണ് ഇന്ധനം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.