ഐ.പി.എല്ലിൽ അടിമുടി മാറ്റം; ടീം പ്രഖ്യാപനം ടോസിനുശേഷം
text_fieldsവലിയ മാറ്റങ്ങളോടെയാണ് ഐ.പി.എൽ 2023 സീസണെത്തുന്നത്. ഇത്തവണ മുതൽ ടോസ് ഫലം അറിഞ്ഞ ശേഷം നായകന് പ്ലെയിങ് ഇലവനെ നിശ്ചയിക്കാം.
ടോസിന് മുമ്പ് ടീം ലിസ്റ്റ് നായകൻ ഐ.പി.എൽ മാച്ച് റഫറിമാർക്ക് കൈമാറുന്നതാണ് പതിവ്. എന്നാൽ ഇനി അങ്ങനെയല്ല. ക്യാപ്റ്റന്മാർ ടോസിന് ശേഷം മാത്രം ടീം ലിസ്റ്റ് കൈമാറിയാൽ മതി. ടോസിലെ ആനുകൂല്യം മനസ്സിലാക്കി ടീം പ്രഖ്യാപിക്കുന്നതിന് ഇത് ഉപകാരപ്പെട്ടും. ടീമിന് ബാറ്റിങ്ങോ, ബൗളിങ്ങോ എന്നറിഞ്ഞതിനുശേഷം അതിനനുസരിച്ചുള്ള പ്ലെയിങ് ഇലവനെ ഇതിലൂടെ തെരഞ്ഞെടുക്കാനാകും.
പ്ലെയിങ് ഇലവനൊപ്പം അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളുടെ പേര് കൂടി ഉൾപ്പെടുത്തിയാണ് ഐ.പി.എൽ മാച്ച് റഫറിക്ക് ടീം ലിസ്റ്റ് കൈമാറേണ്ടത്. ഇതിലൂടെ ഇംപാക്ട് പ്ലെയറെ (പകരം കളിക്കാരൻ) നിശ്ചയിക്കാനുമാകും. ഇംപാക്ട് പ്ലെയർക്ക് ഒരുപോലെ ബാറ്റിങ്ങും ബൗളിങ്ങും ചെയ്യാനാകും. ബി.സി.സി.ഐ ആഭ്യന്തര ടൂർണമെന്‍റിൽ ഇംപാക്ട് പ്ലെയർ റൂൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിരുന്നു.
തുടർന്നാണ് ഇത്തവണ ഐ.പി.എല്ലിലും നടപ്പാക്കുന്നത്. കൂടാതെ, വനിത ഐ.പി.എല്ലിലേതുപോലെ അമ്പയർ വിളിക്കുന്ന വൈഡ്, നോബാളുകൾ റിവ്യു സംവിധാനത്തിലൂടെ (ഡി.ആർ.എസ്) ടീമുകൾക്ക് പുനപരിശോധിക്കാനുള്ള അവസരവും ഇത്തവണയുണ്ടാകും. ടോസിനുശേഷം ടീമുകളെ പ്രഖ്യാപിക്കുന്ന പരീക്ഷണം നേരത്തെ ദക്ഷിണാഫ്രിക്ക ട്വന്‍റി20 ലീഗിൽ നടപ്പാക്കിയിരുന്നു.
ടോസിനു പോകുമ്പോൾ ടീമിലെ ക്യാപ്റ്റന്മാർ പ്ലെയിങ് ഇലവനൊപ്പം അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളും ഉൾപ്പെടുന്ന രണ്ട് ലിസ്റ്റ് കൈയിൽ കരുതും. ടോസിനുശേഷം അതിനനുസരിച്ചുള്ള പട്ടിക കൈമാറിയാൽ മതി. കുറഞ്ഞ ഓവർ റേറ്റിന് പിഴയായി തുടർന്നുള്ള ഓവറുകളിൽ 30 യാർഡിനു പുറത്ത് നാലു ഫീൽഡർമാരെ മാത്രമേ അനുവദിക്കു.
കൂടാതെ, വിക്കറ്റ് കീപ്പറും ഫീൽഡർമാരും സ്ഥാനം മാറിയാൽ എറിഞ്ഞ പന്ത് ഡെഡ് ബൗളായി പ്രഖ്യാപിക്കും. പിഴയായി അഞ്ച് റൺസ് എതിർടീമിന് അനുവദിക്കും. മാർച്ച് 31നാണ് ഐ.പി.എല്ലിന്‍റെ 16ാം പതിപ്പിന് തുടക്കമാകുന്നത്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.