ഡാറിൽ മിച്ചലിന് സെഞ്ച്വറി; നിലയുറപ്പിച്ച് ന്യൂസിലാൻഡ്
text_fieldsധർമശാല (ഹിമാചൽ പ്രദേശ്): ഡാറിൽ മിച്ചലിന്റെ ഉജ്വല സെഞ്ച്വറിയുടെയും രചിൻ രവീന്ദ്രയുടെ അർധ സെഞ്ച്വറിയുടെയും മികവിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡ് മികച്ച സ്കോറിലേക്ക്. 41 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന ശക്തമായ നിലയിലാണ് കിവീസ്. മിച്ചൽ 101 പന്തിൽ 100 റൺസുമായി ക്രീസിലുണ്ട്.
ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തകർച്ചയോടെയായിരുന്നു ന്യൂസിലാൻഡിന്റെ തുടക്കം. ഒമ്പത് പന്ത് നേരിട്ടിട്ടും റൺസൊന്നും നേടാനാവാതെ തപ്പിത്തടഞ്ഞ ഓപണർ ഡെവോൺ കോൺവെയെ മുഹമ്മദ് സിറാജ് ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ചു. സഹഓപണറായ വിൽ യങ്ങിനും കാര്യമായ സംഭാവന നൽകാനായില്ല. 27 പന്തിൽ 17 റൺസെടുത്ത താരത്തെ ലോകകപ്പിൽ ആദ്യമായി ആദ്യ ഇലവനിൽ ഇടം ലഭിച്ച മുഹമ്മദ് ഷമി ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
തുടർന്ന് ക്രീസിലെത്തിയ ഡാറിൽ മിച്ചൽ രചിൻ രവീന്ദ്രക്കൊപ്പം ന്യൂസിലാൻഡിനെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 152 പന്തിൽ 159 റൺസാണ് അടിച്ചെടുത്തത്. മുഹമ്മദ് ഷമി തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. 87 പന്തിൽ 75 റൺസെടുത്ത രചിൻ രവീന്ദ്രയെ ഷമിയുടെ പന്തിൽ ശുഭ്മൻ ഗിൽ പിടികൂടുകയായിരുന്നു. ശേഷം ക്രീസിലെത്തിയ ടോം ലതാമിനും കാര്യമായ ആയുസുണ്ടായില്ല. ഏഴ് പന്തിൽ അഞ്ച് റൺസെടുത്ത ലതാമിനെ കുൽദീപ് യാദവ് വിക്കറ്റിന് മുന്നിൽ കുടുക്കി. 11 റൺസുമായി െഗ്ലൻ ഫിലിപ്സാണ് മിച്ചലിന് കൂട്ടായി ക്രീസിൽ.
ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ടും മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.