ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി; സിംബാബ്‍വെക്ക് 290 റൺസ് വിജയലക്ഷ്യം
text_fieldsഹരാരെ: സിംബാബ്‍വെക്കെതിരായ മൂന്നാം ഏകദിനത്തിൽ ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 289 റൺസാണ് നേടിയത്. ദീപക് ചാഹറും ആവേശ് ഖാനും ആദ്യ ഇലവനിൽ സ്ഥാനം നേടിയപ്പോൾ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഇവർക്കായി വഴിമാറി.
97 പന്തിൽ ഒരു സിക്സറും 15 ഫോറുമടക്കം 130 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. വ്യക്തിഗത സ്കോര്‍ 128 റണ്‍സ് പിന്നിട്ടതോടെ ഏകദിനങ്ങളില്‍ സിംബാബ്‌വെയില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന നേട്ടവും ഗില്‍ സ്വന്തം പേരിലാക്കി. ഇശാൻ കിഷൻ 61 പന്തിൽ 50 റൺസെടുത്ത് മികച്ച പിന്തുണ നൽകി. ഓപണർ ശിഖർ ധവാന് 40 റൺസെടുക്കാൻ 68 റൺസ് നേരിടേണ്ടിവന്നു.കെ.എൽ. രാഹുൽ 46 ബാളിൽ 30 റൺസെടുത്തു. മലയാളി താരം സഞ്ജു സാംസൺ പ്രതീക്ഷ നൽകിയെങ്കിലും 13 പന്തിൽ 15 റൺസെടുത്ത് പുറത്തായി. സിംബാബ്‍വെ നിരയിൽ പത്തോവറിൽ 54 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത ബ്രാഡ് ഇവാൻസാണ് ഇന്ത്യൻ സ്കോർ 300 കടക്കാതെ കാത്തത്.
290 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‍വെക്ക് 31 ഓവറിൽ 142 റൺസെടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റുകൾ നഷ്ടമായി. അക്സർ പട്ടേൽ രണ്ടും ദീപക് ചാഹർ, ആവേശ് ഖാൻ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.