ഇന്ത്യയുടെ എതിർപ്പും സുരക്ഷ ഭീഷണിയും; ചാമ്പ്യൻസ് ട്രോഫി വേദി പാകിസ്താന് നഷ്ടമാകുമോ?
text_fieldsഇസ്‍ലാമാബാദ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ആതിഥേയത്വം പാകിസ്താന് നഷ്ടമാകുമോ? രാജ്യത്തെ രാഷ്ട്രീയ പ്രക്ഷോഭത്തിൽ ആശങ്ക പ്രകടിപ്പിച്ചും സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയും ടൂർണമെന്‍റിൽ പങ്കെടുക്കുന്ന രാജ്യത്തെ ക്രിക്കറ്റ് ബോർഡുകൾ അന്താരാഷ്ട്ര ക്രിക്കറ്റ് ബോർഡിനെ (ഐ.സി.സി) ബന്ധപ്പെട്ടതായാണ് വിവരം.
ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് അറിയിച്ചതോടെയാണ് വേദി സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തത്. ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്തെ വേദിയിലേക്ക് മാറ്റി ഹൈബ്രിഡ് മോഡലിൽ നടത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബി.സി.സി.ഐ. എന്നാൽ, മത്സരങ്ങൾ പൂർണമായും രാജ്യത്തു തന്നെ നടത്തണമെന്നാണ് പാകിസ്താന്‍റെ നിലപാട്. ഇതിനിടെയാണ് ജയിലിലടക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുന്നത്.
തലസ്ഥാന നഗരത്തെ മുൾമുനയിൽ നിർത്തി ആയിരങ്ങളാണ് പ്രക്ഷോഭത്തിൽ അണിനിരന്നത്. നാലു ജീവനുകൾ പൊലിഞ്ഞു. പ്രക്ഷോഭം നിർത്തിയതായി തഹ്‍രീകെ ഇൻസാഫ് പാർട്ടി ബുധനാഴ്ച അറിയിച്ചെങ്കിലും സുരക്ഷ ഭീഷണി ചൂണ്ടിക്കാട്ടിയാണ് ടീമുകളെ പാകിസ്താനിലേക്ക് അയക്കുന്നതിൽ ബോർഡുകൾ ആശങ്ക പ്രകടിപ്പിച്ച് രംഗത്തുവന്നത്. ഇതോടെ ടൂർണമെന്‍റ് പൂർണമായും പാകിസ്താനു പുറത്തെ മറ്റൊരു വേദിയിലേക്ക് മാറ്റാൻ ഐ.സി.സി ആലോചിക്കുകയാണ്.
മൂന്നു ഏകദിന പരമ്പരക്കായി പാകിസ്താനിലെത്തിയ ശ്രീലങ്ക എ ടീം പരമ്പര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. പരമ്പരയിലെ ഒരു മത്സരം മാത്രമാണ് കളിച്ചത്. ടൂർണമെന്‍റിന് നൂറിനു താഴെ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് ടൂർണമെന്‍റ് നടക്കുക. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) നിർണായക ബോർഡ് യോഗം വെള്ളിയാഴ്ച ഓൺലൈനായി നടക്കുന്നുണ്ട്. യോഗത്തിൽ ടൂർണമെന്‍റിന്‍റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
2008 മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെയാണ് പാകിസ്താനിൽ പോയി ക്രിക്കറ്റ് കളിക്കുന്നത് ഇന്ത്യൻ ടീം നിർത്തിവെച്ചത്. ഐ.സി.സി, ഏഷ്യാ കപ്പ് ടൂർണമെന്‍റുകളിൽ മാത്രമാണ് പിന്നീട് ഇരു ടീമുകളും ഏറ്റുമുട്ടിയത്. 1996 ഏകദിന ലോകകപ്പിനുശേഷം രാജ്യത്ത് വിരുന്നെത്തുന്ന ആദ്യത്തെ ഐ.സി.സി ടൂർണമെന്‍റെന്ന നിലയിൽ കറാച്ചി, ലാഹോർ, റാവൽപിണ്ടി സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി കോടികളാണ് പി.സി.ബി മുടക്കിയത്.
ഇന്ത്യ പാകിസ്താനിലേക്ക് വന്നില്ലെങ്കിൽ ഭാവിയിൽ ഇന്ത്യ വേദിയാകുന്ന ഐ.സി.സി ടൂർണമെന്‍റുകൾക്ക് തങ്ങളും ടീമിന് അയക്കില്ലെന്ന് പി.സി.ബിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.