രോഹിതം
text_fieldsഒറ്റ കളിപോലും തോൽക്കാതെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി കിരീടം
ന്യൂ ഡൽഹി: എന്തൊക്കെയായിരുന്നു... ദുബൈയിൽ ചാമ്പ്യൻസ് ട്രോഫിക്ക് തിരശ്ശീല വീഴുന്നതോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണുകളിൽ ചിലരുടെ കരിയറിനും കർട്ടൻ വീഴുമെന്ന് പ്രചാരണം കലശലായിരുന്നു. അങ്ങനെയൊരു പ്രഖ്യാപനത്തിന് കാത്തിരുന്നുവരുടെ ചങ്കു തകർത്ത് ചാമ്പ്യൻസ് ട്രോഫി കിരീടവും കലാശപ്പോരിലെ താരത്തിനുള്ള പുരസ്കാരവും ഒന്നിച്ച് രോഹിത് ശർമയെന്ന അതികായൻ തലയിൽ ചൂടിയതോടെ രംഗമാകെ മാറി. കഴിഞ്ഞ വർഷം അമേരിക്കയിൽ ട്വന്റി20 ലോകകപ്പ് വിജയകരമായി പൂർത്തിയാക്കിയ ഉടനായിരുന്നു രോഹിത് കുട്ടിക്രിക്കറ്റ് വിടുന്നതായി പ്രഖ്യാപനം നടത്തിയത്. സമാനമായി, ചാമ്പ്യൻസ് ട്രോഫിയിലും അതുണ്ടാകൂമെന്ന കരക്കമ്പി അവസാനിപ്പിച്ചായിരുന്നു താരത്തിന്റെ വിരമിക്കാനില്ലെന്ന അറിയിക്കൽ. 2027ൽ ആഫ്രിക്കൻ നാടുകളിലായി നടക്കുന്ന അടുത്ത ഏകദിന ലോകകപ്പിലും താരമുമണ്ടാകുമെന്നുറപ്പില്ലെങ്കിലും രോഹിതിന് ഇനിയും ചിലത് നിർവഹിക്കാനുണ്ടെന്നുറപ്പ്. ടെസ്റ്റിൽ ക്യാപ്റ്റനായി ജസ്പ്രീത് ബുംറ കഴിവു തെളിയിച്ചിടത്ത് ഏകദിനത്തിൽ ഇന്ത്യക്കിപ്പോഴും സുവർണ നായകൻ രോഹിത് തന്നെ. ശുഭ്മാൻ ഗിൽ ഉപനായകനായി എത്തിയിട്ടുണ്ടെങ്കിലും ഡ്രസ്സിങ് റൂമിൽ രോഹിത് പിടിച്ചുപറ്റുന്ന ആദരവും അംഗീകാരവും വേറെ തന്നെ.
4ഡി എഫെക്ടായി സ്പിൻജാലം
കുൽദീപ്, ജഡേജ, അക്ഷർ, വരുൺ... നാലുപേരായിരുന്നു അവർ. മൂന്നുപേരെ പോലും താങ്ങാനാകാതെ ബംഗ്ലാദേശും പാകിസ്താനും വീണിടത്താണ് ഫൈനലിൽ സ്പിന്നർമാർ മാത്രം 38 ഓവർ എറിഞ്ഞത്. അത്രയും ഓവറിൽ 150 റൺസ് തികച്ചെടുക്കാൻ കിവികൾക്കായില്ലെന്നു മാത്രമല്ല, ബാറ്റർമാരിൽ പ്രമുഖർ പലരും വീഴുകയും ചെയ്തു. പവർപ്ലേയിൽപോലും മനോഹരമായി പന്തെറിയാനാകുന്ന സ്പിന്നർമാരാണ് ഇന്ത്യയുടെ സവിശേഷത. ഡെത്ത് ഓവറുകളിൽ വിശ്വസിച്ച് പന്തേൽപിക്കാവുന്ന കുൽദീപും ഏതുഘട്ടത്തിലും ഒരുപോലെ അപകടകാരിയായി മാറിയ വരുണും ചേർന്നതോടെ ഇന്ത്യക്ക് ജയം എളുപ്പമായി.
ഹിറ്റ്മാൻ- ഐസ്മാൻ കോംബോ
ഇന്ത്യയുടെ ഓപണിങ് കൂട്ടുകെട്ടായിരുന്നു ഫൈനലിലെ ഹൈലൈറ്റ്. ഒരുവശത്ത്, ആഞ്ഞടിച്ച് രോഹിത് നയം വ്യക്തമാക്കിയപ്പോൾ വിശ്വസ്തനായ കൂട്ടുകാരൻ മാത്രമായി നിലയുറപ്പിച്ചു, ശുഭ്മാൻ ഗിൽ. ആറാം ഓവറിൽ നഥാൻ സ്മിത്തിനെ രോഹിത് 92 മീറ്റർ അകലേക്ക് സിക്സ് പായിച്ചപ്പോൾ എട്ട് ഓവർ പിന്നെയും കഴിഞ്ഞാണ് രചിൻ രവീന്ദ്രയെ ഗിൽ സമാനമായി അതിർത്തി കടത്തുന്നത്.
ബൗളർമാരെ നിലംതൊടാൻ വിടാതെ വാഴുകയായിരുന്നു രോഹിതിന്റെ ലക്ഷ്യമെങ്കിൽ എത്ര വേണേലും കാത്തിരിക്കുമെന്നായിരുന്നു ഗില്ലിന്റെ ബാറ്റുകൊണ്ടുള്ള പ്രഖ്യാപനം. മുമ്പ് സചിനും ഗാംഗുലിയും ഒന്നിച്ചുനിന്നപോലെ അപൂർവ കൂട്ടുകെട്ടായി ഇരുവരും നിറഞ്ഞാടിയപ്പോൾ എതിരാളികൾക്ക് കാര്യങ്ങൾ എളുപ്പമായില്ല.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ആദ്യമത്സരത്തിൽ ബംഗ്ലാദേശിനെ നേരിട്ടപ്പോഴും സമാനമായിരുന്നു സ്ഥിതി. 9.5 ഓവറിൽ ഇന്ത്യ 69ലെത്തിയപ്പോൾ 41ഉം രോഹിത് വകയായിരുന്നു. താരം മടങ്ങിയശേഷം കളി കനപ്പിച്ച ഗിൽ പിന്നീട് സെഞ്ച്വറി തികക്കുകയും ആറു വിക്കറ്റ് ജയം പിടിക്കുകയും ചെയ്തു. ഫൈനലിൽ ഇരുവരും ചേർന്ന് 105 തികച്ചാണ് കൂട്ടുകെട്ട് പിരിഞ്ഞത്. 252 എന്ന മിനിമം ലക്ഷ്യത്തിലേക്ക് അപ്പോഴേക്ക് ഏതാണ്ട് പാതി ദൂരം പിന്നിട്ടിരുന്നു. പിൻനിരയിൽ കെ.എൽ. രാഹുലും ശ്രേയസ് അയ്യരുമടങ്ങുന്ന നിര കൂടിയുള്ളത് ടീമിന് കാര്യങ്ങൾ എളുപ്പമാക്കി
ഇന്ത്യക്കിത് പ്രദർശന മത്സരമായോ?
കിരീടപ്പോര് കഴിഞ്ഞ് ഇന്ത്യ കപ്പുമായി മടങ്ങുമ്പോൾ ചാമ്പ്യൻ ടീമിന് ലഭിച്ച വലിയ ആനുകൂല്യം ചർച്ചയാകുന്നു. കഴിഞ്ഞ ജൂണിൽ കുട്ടിക്രിക്കറ്റിൽ കിരീട ജേതാക്കളായ ടീം 16 മാസം മുമ്പ് അഹ്മദാബാദിൽ ഏകദിന ലോകകപ്പ് ആസ്ട്രേലിയക്ക് മുന്നിൽ നഷ്ടമായ കണക്കുതീർത്താണ് ദുബൈയിൽ ചാമ്പ്യൻസ് ട്രോഫി വിജയികളാകുന്നത്. എന്നാൽ, ഇന്ത്യക്കിത് ആദ്യ കളി മുതൽ പ്രദർശന മത്സരം പോലെയായിരുന്നുവെന്നാണ് ആക്ഷേപം.
സുരക്ഷ മുൻനിർത്തി പാക് വേദികളിൽ കളിക്കാനില്ലെന്ന് ഇന്ത്യ നിലപാട് എടുത്തതോടെയാണ് ദുബൈയിൽ ഇന്ത്യക്ക് മത്സരങ്ങളൊരുങ്ങിയത്. സമീപത്തെ ഹോട്ടലിൽ താമസിച്ച ഇന്ത്യക്ക് എല്ലാം എളുപ്പമായിരുന്നെങ്കിൽ ന്യൂസിലൻഡ് അഞ്ചു കളികൾ പൂർത്തിയാക്കാൻ സഞ്ചരിച്ചത് 7,000ത്തിലേറെ കിലോമീറ്റർ. ഇന്ത്യൻ ടീം ഒരുതവണ പോലും ഒരു മത്സരത്തിനായി വിമാനം കയറേണ്ടിവന്നില്ല. അന്തരീക്ഷം മൊത്തമായി തങ്ങൾക്ക് അനുകൂലമാണെന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ അഭിപ്രായം കാര്യങ്ങൾ ശരിവെക്കുന്നു.
മറുവശത്ത്, 29 വർഷത്തിനുശേഷം ആദ്യമായി ഒരു മുൻനിര ഐ.സി.സി ടൂർണമെന്റിന്റെ സംഘാടകരായ പാകിസ്താന് പക്ഷേ, കളിച്ചു തെളിയിക്കാനാകാത്തത് സംഘടിപ്പിച്ചു തെളിയിക്കാനുമായില്ല. മൂന്നു വേദികളിലും കടുത്ത സുരക്ഷയൊരുക്കേണ്ടിവന്നത് താരങ്ങൾക്കുപോലും പ്രയാസം സൃഷ്ടിക്കുന്നതായി.
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വരുമാനത്തിൽ ഏറിയ പങ്കും ഇന്ത്യയും ബി.സി.സി.ഐയും വഴിയാണ്- ഏകദേശം 80 ശതമാനത്തോളം വരും ഇതെന്നാണ് സൂചന. അതിനാൽ തന്നെ, തീരുമാനങ്ങളും അങ്ങനെയാകുന്നുവെന്നതാണ് പരാതി. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലും സമാന പരാതികൾ ഉയർന്നിരുന്നു. മറ്റു രാജ്യങ്ങൾക്ക് ക്രമേണ ക്രിക്കറ്റിൽ കമ്പം കുറഞ്ഞാൽ അത് ഇന്ത്യയെയും ബാധിക്കുമെന്നുറപ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.