ചാമ്പ്യൻസ് ട്രോഫി കളിക്കാൻ സ്റ്റാർക്കുമില്ല, പിന്മാറുന്ന അഞ്ചാമത്തെ ഓസീസ് താരം; കങ്കാരുപ്പട സ്റ്റീവ് സ്മിത്ത് നയിക്കും
text_fieldsമിച്ചൽ സ്റ്റാർക് (ഫയൽ ചിത്രം)
സിഡ്നി: ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കും ടീമിൽനിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാൽ കളിക്കാനാകില്ലെന്ന് സ്റ്റാർക് ക്രിക്കറ്റ് ആസ്ട്രേലിയയെ അറിയിച്ചെന്നാണ് റിപ്പോർട്ട്. ടൂർണമെന്‍റിൽനിന്ന് പിന്മാറുന്ന അഞ്ചാമത്തെ ഓസീസ് താരമാണ് സ്റ്റാർക്. ഇതോടെ 16 വർഷത്തിനു ശേഷം ചാമ്പ്യൻസ് കിരീടം നേടുകയെന്ന ലക്ഷ്യത്തിലേക്ക് പുതിയ പേസ് ബാളിങ് നിരയുമായി അണിനിരക്കേണ്ട സാഹചര്യമാണ് ആസ്ട്രേലിയക്കു മുന്നിലുള്ളത്.
ഓസീസ് പേസ് നിരയെ നയിക്കുന്ന ക്യാപ്റ്റൻ പാറ്റ് കമിൻസ് നേരത്തെ തന്നെ ടൂർണമെന്‍റിന് ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഫാസ്റ്റ് ബൗളറായ ജോഷ് ഹെയ്സൽവുഡും പിന്മാറിയതോടെ പേസ് ‘ത്രിമൂർത്തികളി’ൽ അവശേഷിച്ചിരുന്നത് സ്റ്റാർക്ക് മാത്രമായിരുന്നു. ഇന്ത്യയുമായുള്ള ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഓസീസ് ബോളിങ്ങിനെ നയിച്ചിരുന്നത് ഇവർ മൂവരുമാണ്. 2023ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും ഇവരുടെ പ്രകടനം നിർണായകമായിരുന്നു.
ആദ്യ സ്ക്വാഡിൽ ഉൾപ്പെട്ടിരുന്ന ഓൾറൗണ്ടർമാരായ മിച്ചൽ മാർഷും മാർകസ് സ്റ്റോയിനിസും കളിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. മാർഷ് പരിക്കു കാരണം മാറിയപ്പോൾ, സ്റ്റോയിനിസ് അപ്രതീക്ഷിതമായി ഏകദിനത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ടീമിനെ നയിക്കാനുള്ള നിയോഗം, മുമ്പ് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിൽതന്നെ വന്നുചേരുകയും ചെയ്തു. മുമ്പ് ‘പന്ത് ചുരണ്ടൽ’ വിവാദത്തെ തുടർന്നാണ് സ്മിത്തിന് ക്യാപ്റ്റൻസി നഷ്ടമായത്. ചാമ്പ്യൻസ് ട്രോഫിക്കായി പുതുക്കിയ സ്ക്വാഡിനെ ആസ്ട്രേലിയ പ്രഖ്യാപിച്ചിട്ടുണ്ട്.
ആസ്ട്രേലിയ സ്ക്വാഡ്: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), സീൻ ആബട്ട്, അലക്സ് ക്യാരി, ബെൻ ഡാർഷുയിസ്, നേഥൻ എല്ലിസ്, ജേക് ഫ്രേസർ, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൻ, മാർനസ് ലബൂഷെയ്ൻ, ഗ്ലെന്ഡ മാക്സ്വെൽ, തൻവീർ സംഘ, മാത്യു ഷോർട്ട്, ആദം സാംപ. ട്രാവലിങ് റിസർവായി കൂപ്പർ കൊണോലിയെയും ഉൾപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.