ചാമ്പ്യൻസ് ട്രോഫിക്ക് ടീമിനെ അയക്കില്ലെന്ന് ഇന്ത്യ; പാകിസ്താൻ സർക്കാറിന്‍റെ സഹായംതേടി പി.സി.ബി
text_fieldsദുബൈ: അടുത്ത വര്‍ഷം പാകിസ്താൻ വേദിയാകുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന്‍റെ ഭാവിയിൽ അനിശ്ചിതത്വം തുടരുന്നു. ടൂർണമെന്‍റിൽ പങ്കെടുക്കാനായി ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് അറിയിച്ചുള്ള ബി.സി.സി.ഐ അറിയിപ്പ് ലഭിച്ചതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) വ്യക്തമാക്കി.
1996നുശേഷം ആദ്യമായാണ് പാകിസ്താൻ ഒരു ഐ.സി.സി ടൂർണമെന്‍റിന് വേദിയാകുന്നത്. അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പതുവരെയാണ് ടൂർണമെന്‍റ് നടക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നു വേദികളിലായി നടക്കുന്ന ടൂർണമെന്‍റിൽ ഇന്ത്യ ഉൾപ്പെടെ എട്ടു ടീമുകളെയാണ് പരിഗണിക്കുന്നത്. പാകിസ്താനില്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് പകരം നിഷ്പക്ഷ വേദിയായ ദുബൈയില്‍ മത്സരം നടത്തണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. എന്നാല്‍ പാകിസ്താനു പുറത്തുവെച്ചു നടത്തുന്ന ഹൈബ്രിഡ് മോഡല്‍ മത്സരത്തിന് താൽപര്യമില്ലെന്ന് പി.സി.ബി തലവൻ മുഹ്സിൻ നഖ്‌വി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ ടീം വരില്ലെന്ന് അറിയിച്ചതോടെ വിഷയത്തില്‍ പാകിസ്താൻ സർക്കാറിനെ സമീപിച്ചിരിക്കുകയാണ് പി.സി.ബി. പാകിസ്താനിലേക്ക് ടീമിനെ അയക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പി.സി.ബിക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. ബി.സി.സി.ഐയുടെ കത്തിൽ ഇതുമായി ബന്ധപ്പെട്ട് കാരണമൊന്നും പറയുന്നില്ലെന്നും ഐ.സി.സി വ്യക്തമാക്കി. നേരത്തെ 2023 ഏഷ്യ കപ്പിന് വേദി ഇന്ത്യയുടെ നിർബന്ധത്തിനു വഴങ്ങിയാണ് പാകിസ്താനു പുറമെ, ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിൽ നടത്തിയത്. ഇന്ത്യയുടെ മത്സരങ്ങളാണ് ശ്രീലങ്കയിലേക്ക് മാറ്റിയത്.
എന്നാൽ, ഇത്തവണ വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിലാണ് പാകിസ്താൻ. 2008ൽ ഏഷ്യ കപ്പിൽ എം.എസ്. ധോണിക്കു കീഴിലാണ് ഇന്ത്യ അവസാനമായി പാകിസ്താനിൽ പോയി ക്രിക്കറ്റ് കളിച്ചത്. എന്നാൽ, പാകിസ്താൻ പലതവണ ഐ.സി.സി ടൂർണമെന്‍റിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്തിയിരുന്നു. 2023 ഏകദിന ലോകകപ്പ് കളിക്കാനാണ് പാകിസ്താൻ അവസാനമായി ഇന്ത്യയിലത്തിയത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പരമ്പരകൾ നിർത്തിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.