കളി കാണാനെത്തി റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങി ചെന്നൈ ആരാധകർ; നന്ദി പറഞ്ഞ് താരങ്ങൾ
text_fieldsഅഹ്മദാബാദ്: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഫൈനൽ പോരാട്ടം മഴയെടുത്തതിന്റെ നിരാശയിലാണ് ക്രിക്കറ്റ് ആരാധകർ. റിസർവ് ദിനമായ തിങ്കളാഴ്ചയും മഴ വില്ലനാകുമോ എന്ന ആശങ്കയിലാണവർ. ടോസിടാൻ പോലും ഇന്നലെ സാധിച്ചിരുന്നില്ല. എന്നാൽ, കനത്ത മഴക്ക് സാധ്യതയുണ്ടെന്നറിഞ്ഞിട്ടും മത്സരം കാണാനെത്തിയ ആരാധകരുടെ കളിയാവേശത്തിന് നന്ദി പറയുകയാണ് ഗുജറാത്ത്, ചെന്നൈ താരങ്ങൾ. ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും സൂപ്പർ ബാറ്റർ ശുഭ്മാൻ ഗില്ലും ചെന്നൈ താരം ദീപക് ചാഹറുമെല്ലാം ആരാധകർക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
മത്സരം നടക്കുന്നത് ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിലാണെങ്കിലും ഇന്നലെ കൂടുതലുമെത്തിയത് ചെന്നൈ ആരാധകരായിരുന്നു. ഇതിൽ തന്നെ നല്ലൊരു ഭാഗവും തമിഴ്നാട്ടിൽനിന്ന് എത്തിയവരായിരുന്നു. പല സംഘങ്ങളായാണ് ഇവരെത്തിയത്. പലരും മത്സരം കഴിഞ്ഞയുടൻ തിരിച്ചുപോകാൻ ട്രെയിനിന് ടിക്കറ്റെടുത്തവരാണ്. ഇന്നും മഴ ഭീഷണിയുണ്ടെങ്കിലും ഒരു ദിവസം കൂടി കാത്തിരിക്കാൻ തീരുമാനിച്ചവരും ഏറെയാണ്. പലരും അഹ്മദാബാദ് റെയിൽവേ സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം രാത്രി കിടന്നുറങ്ങിയത്. ചെന്നൈ സൂപ്പർ കിങ്സിന്റെ ജഴ്സിയണിഞ്ഞ് കിടന്നുറങ്ങുന്ന ആരാധകരുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഇന്നും മത്സരം സാധ്യമാവാതെ വന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സ് വിജയികളാകും. ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റുകള്‍ നേടിയതിന്റെ അടിസ്ഥാനത്തിലാവും ഇത്. രാത്രി 9.40വരെ കട്ട് ഓഫ് സമയമുണ്ട്. 9.40ന് തുടങ്ങിയാലും ഇരു ടീമിനും 20 ഓവര്‍ വീതമുള്ള മത്സരം നടക്കും. ഈ സമയത്ത് തുടങ്ങാനായില്ലെങ്കില്‍ മാത്രമേ ഓവറുകള്‍ വെട്ടിക്കുറക്കൂ. മത്സരം 9.45നാണ് തുടങ്ങുന്നതെങ്കില്‍ 19 ഓവര്‍ വീതമുള്ള മത്സരമായിരിക്കും. 10 മണിക്കാണെങ്കില്‍ 17 ഓവറും 10.30നാണെങ്കില്‍ 15 ഓവറും വീതമുളള മത്സരമാകും നടത്തുക. 12.06 വരെ ഇത്തരത്തില്‍ ഓവറുകള്‍ വെട്ടിക്കുറച്ച് മത്സരം നടത്താന്‍ സാധ്യമാവുമോയെന്ന് പരിശോധിക്കും. എന്നിട്ടും സാധ്യമായില്ലെങ്കിലാണ് മത്സരം ഉപേക്ഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.