'ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം'- വൈറലായി സകരിയയുടെ ഫാൻ ബോയ് പോസ്റ്റ്
text_fieldsമുംബൈ: ഓരോ ഐ.പി.എൽ സീസണിലും ഓരോ പുത്തൻ താരോദയങ്ങൾ ഉണ്ടാകാറുണ്ട്. ഗുജറാത്തിലെ ഭവ്നഗറിലെ ഓട്ടോതൊഴിലാളിയുടെ മകനിൽ നിന്ന് 14ാം ഐ.പി.എല്ലിന്‍റെ കണ്ടെത്തലായി മാറികൊണ്ടിരിക്കുകയാണ് ചേതൻ സകരിയ.
കോവിഡിന് ശേഷം നടന്ന സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റ് നേടിയാണ് സകരിയ തന്‍റെ സ്വപ്നങ്ങളിലേക്ക് കാലെടുത്ത് വെച്ചത്. 2020 ല്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നെറ്റ് ബൗളറായിരുന്ന സകരിയയെ പുതിയ സീസണിൽ 1.2 കോടി രൂപക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.
തന്‍റെ ജീവിതത്തിലെ മറ്റൊരു സ്വപ്നം കൂടി യാഥാർഥ്യമായ നിർവൃതിയിലായിരുന്നു തിങ്കളാഴ്ച അവൻ. വളർന്നുവരുന്ന ഏതൊരു ഇന്ത്യൻ ക്രിക്കറ്ററെയും പോലെ ചേതന്‍റെയും സ്വപ്നമായിരുന്നു മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിക്കൊപ്പം കളിക്കുക എന്നത്. എതിർ ടീമിലാണെങ്കിലും തിങ്കളാഴ്ച സകരിയയുെട ആഗ്രഹം പൂവണിഞ്ഞു.
മൂന്ന് വിക്കറ്റുമായി മികച്ച പ്രകടനം കാഴ്ചവെച്ച താരം മത്സര ശേഷം ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു'കുട്ടിക്കാലം മുതലേ ഞാൻ നിങ്ങളെ ആരാധിക്കുന്നു. ഇന്ന് എനിക്ക് നിങ്ങൾക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചു. ഇത് എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു, അത് എന്നെന്നും നിലനിൽക്കും. നിങ്ങളെപ്പോലെ മറ്റാരും തന്നെ ഇല്ല... കരിയറിൽ ഉടനീളം ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നതിന് ഒരുപാട് നന്ദി'.
മലയാളി താരം സഞ്ജു സാംസൺ നയിച്ച രാജസ്ഥാനായി സകരിയ പന്തുെകാണ്ട് തിളങ്ങിയെങ്കിലും ടീം 45 റൺസിന്‍റെ കനത്ത പരാജയം രുചിച്ചു. തുടർ ജയവുമായി ചെന്നൈ സൂപ്പർ കിങ്സ് പോയന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. കൊൽക്കത്ത നൈറ്റ്റൈഡേഴ്സാണ് ചെന്നൈയുടെ അടുത്ത എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.