മോശം ഫോം എന്ന വാക്ക് അവർക്കെതിരെ ഉപയോഗിക്കരുത്; വിരാട്-രോഹിത് വിമർശകർക്കെതിരെ ആഞ്ഞടിച്ച് മുൻ സെലക്ടർ
text_fieldsഇന്ത്യൻ ക്രിക്കറ്റിന്‍റെ ഇതിഹാസ താരങ്ങളായ വിരാട് കോഹ്ലി, നായകൻ രോഹിത് ശർമ എന്നിവർക്കെതിരെയുള്ള വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുൻ ബി.സി.സി.ഐ സെലക്ടർ ചേതൻ ശർമ. ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യൻ ടീം മറക്കാൻ ആഗ്രിഹിക്കുന്ന പരമ്പരയിൽ വളരെ മോശം പ്രകടനമായിരുന്നു വിരാടും രോഹിത്തും കാഴ്ചവെച്ചത്. അതിന് മുമ്പുണ്ടായിരുന്നു ബംഗ്ലാദിശെനെതിരെയുള്ള പരമ്പരയിലും ഇരുവരും മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
നാട്ടിൽ നടന്ന ഈ പരമ്പരകൾക്ക് പിന്നാലെ സീനിയർ താരങ്ങളായ ഇരുവർക്കും നേരെ ഒരുപാട് വിമർശനങ്ങളും മുറിവിളികളും ഉയർന്നിരുന്നു. എന്നാൽ ഇരുവരും ഒരിക്കലും മോശം കാലത്തിലല്ല എന്ന് പറയുകയാണ് ചേതൻ ശർമ. ഇരുവരും രാജ്യത്തിനായി ചെയ്ത കാര്യങ്ങൾ മറക്കരുതെന്നും അദ്ദേഹം പറയുന്നുണ്ട്.
'നമുക്ക് വിരാടും രോഹിത്തും രാജ്യത്തിന് വേണ്ടി ചെയ്തത് ഓർക്കുകയും ബഹുമാനിക്കുകയും ചെയ്യാം. ഇവരെ പോലുള്ള താരങ്ങൾ ഒരിക്കലും മോശം ഫോമിലല്ല. അവർ ഒരിക്കലും മോശം കാലത്തായിരിക്കില്ല. അത്തരത്തിലുള്ള വാക്കുകൾ പോലും അവർക്കെതിരെ ഉന്നയിക്കരുത്. അവർ ഇപ്പോഴും ഇതൊക്കെ ചെയ്യും. നമ്മൾ അവരോട് നന്ദിയുള്ളവരായിരിക്കുക.
സൂപ്പർതാരങ്ങളായത് കൊണ്ടാണ് നമ്മൾ എപ്പോഴും അവരെ കുറിച്ച് സംസാരിക്കുന്നതും അവർ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആഗ്രഹിക്കുന്നതും. നമുക്ക് ആസ്ട്രേലിയയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാണാം. വിരാടും രോഹിത്തും ബാറ്റ് കൊണ്ട് എല്ലാവരെയും അന്ധാളിപ്പിക്കും,' ചേതൻ ശർമ പറഞ്ഞു.
ആസ്ട്രേലിയക്കെതിരെ ആദ്യ മത്സരത്തിൽ രോഹിത് ശർമ കളിച്ചേൽക്കില്ല. വിരാട് കോഹ്ലിയുടെ സ്പിന്നിനെതിരെയുള്ള മോശം ഫോം മാറി മികച്ച ഫോമിലെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ മാസം 22ന് പെർത്തിൽ വെച്ചാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം നടക്കുക. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കയറാൻ ഇന്ത്യക്ക് നാല് മത്സരത്തിൽ വിജയിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.