പറഞ്ഞു ‘കുടുങ്ങി’ ചേതൻ പുറത്തേക്ക്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഗൗരവതരവും രൂക്ഷവുമായ വെളിപ്പെടുത്തലുകൾ നടത്തിയ ചീഫ് സെലക്ടർ ചേതൻ ശർമക്കെതിരെ നടപടിക്ക് സാധ്യത. സീ ന്യൂസിന്റെ ഒളികാമറ ഓപറേഷനിൽ കുടുങ്ങിയ ചേതനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നിയും സെക്രട്ടറി ജയ് ഷായും ഉൾപ്പെടെയുള്ളവർ പുതിയ വിവാദങ്ങളിൽ അസന്തുഷ്ടരാണ്. വനിത പ്രീമിയർ ലീഗ് ലേലം വിജയകരമായി പൂർത്തിയായ ആഹ്ലാദത്തിലിരിക്കെയാണ് ചേതന്റെ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. മുൻ അന്താരാഷ്ട്ര താരം കൂടിയായ അദ്ദേഹത്തിനെതിരെ നടപടി അണിയറയിൽ ഒരുങ്ങുകയാണെന്ന് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താരങ്ങളുടെ മരുന്നടി
ചില ഇന്ത്യൻ കളിക്കാർ പൂർണ ഫിറ്റ്നസ് നേടുന്നതിന് കുത്തിവെപ്പുകൾ നടത്തുന്നതായി ചേതൻ പറയുന്നു. ഉത്തേജക പരിശോധനയിൽ കണ്ടെത്താനാകാത്ത പദാർഥങ്ങൾ അടങ്ങിയ കുത്തിവെപ്പുകൾക്ക് ഇവർ വിധേയമാവുന്നുണ്ട്. 85 ശതമാനം ഫിറ്റ്നസ് കൈവരിക്കുമ്പോൾ തന്നെ പൂർണാരോഗ്യം കൈവരിച്ചെന്ന് താരങ്ങൾ സെലക്ടർമാരെ അറിയിക്കുന്നു. പരിക്ക് പൂർണമായും ഭേദമാവാതെ കളിച്ചിട്ടുണ്ട് ജസ്പ്രീത് ബുംറ. അത് സാഹചര്യങ്ങൾ കൂടുതൽ വഷളാക്കി.
സഞ്ജുവിന്റെ കരിയർ അപകടത്തിൽ
ഇശാൻ കിഷന്റെയും ശുഭ്മൻ ഗില്ലിന്റെയും പ്രകടനങ്ങൾ സഞ്ജു സാംസൺ, കെ.എൽ. രാഹുൽ, ശിഖർ ധവാൻ എന്നിവരുടെ കരിയർ അപകടത്തിലാക്കി. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉയരുന്ന വലിയ വിമർശനങ്ങൾ സെലക്ടർമാർ ശ്രദ്ധിക്കാറുണ്ട്. ബി.സി.സി.ഐക്കെതിരെ ഫാൻസ് ഇളകുന്നു. ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഇശാൻ കിഷൻ എന്നീ മൂന്നുപേരുള്ളപ്പോൾ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നയാളാണെങ്കിലും വിക്കറ്റ് കീപ്പർ തന്നെയായ സഞ്ജുവിനെ എങ്ങനെ ഉൾപ്പെടുത്തും. ധവാന്റെ കരിയറിന് ഏറക്കുറെ അവസാനമായെന്നും രാഹുൽ പുറത്തേക്കുള്ള വഴിയിലാണെന്നും ചേതൻ പറയുന്നു.
ഗാംഗുലി-കോഹ് ലി ഈഗോ
ബി.സി.സി.ഐ മുൻ പ്രസിഡന്റ് സൗരവ് ഗാംഗുലിയും മുൻ ക്യാപ്റ്റൻ വിരാട് കോഹ് ലിയും തമ്മിൽ ഈഗോ പ്രശ്നങ്ങളുണ്ട്. ഗാംഗുലിക്ക് കോഹ് ലിയെ ഇഷ്ടമല്ലായിരുന്നെങ്കിലും രോഹിത് ശർമക്ക് അനുകൂലമായ നിലപാടൊന്നും സ്വീകരിച്ചിരുന്നില്ല. തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയത് ഗാംഗുലിയാണെന്നാണ് കോഹ് ലി വിശ്വസിച്ചത്. ബി.സി.സി.ഐയേക്കാൾ വലുതാണ് താനെന്ന് താരം സ്വയം കരുതി. കോഹ് ലി ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ ഒന്നുകൂടി ആലോചിക്കാനാണ് ഗാംഗുലി ആവശ്യപ്പെട്ടത്. പിന്നീട് മാധ്യമങ്ങൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ താരം നിഷേധിക്കുകയാണ് ചെയ്തതെന്നും ചേതന്റെ വെളിപ്പെടുത്തലിലുണ്ട്.
പാണ്ഡ്യ, വീട്ടിലെ പതിവ് സന്ദർശകൻ
ഹാർദിക് പാണ്ഡ്യ താമസിയാതെ ഇന്ത്യൻ ടീമിന്റെ മുഴു സമയ നായകനാവുമെന്ന് ചേതൻ പറയുന്നു. ചീഫ് സെലക്ടറായ തന്റെ വീട്ടിൽ പാണ്ഡ്യ സ്ഥിരമായി വരാറുണ്ട്. രോഹിത് ശർമ ഉൾപ്പെടെ പല താരങ്ങളും വന്നും ഫോണിൽ വിളിച്ചും തങ്ങളുടെ ഭാവിയെക്കുറിച്ച് സംസാരിക്കും. പാണ്ഡ്യ ഒരിക്കൽ താനുമായി സംസാരിച്ചുകൊണ്ടിരിക്കെ സോഫയിൽ കിടന്ന് ഉറങ്ങിപ്പോയി. വിനയാന്വിതനായ ക്രിക്കറ്ററാണ് അദ്ദേഹം. രോഹിതും കോഹ് ലിയും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. ക്യാപ്റ്റന്മാർക്ക് ചില താരങ്ങളോട് താൽപര്യം ഉണ്ടെങ്കിലും ടീം തെരഞ്ഞെടുപ്പിൽ പക്ഷപാതമില്ലെന്നും ചേതൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.