എലീറ്റ് ക്ലബിലേക്ക് പൂജാര; വെള്ളിയാഴ്ച ഇറങ്ങുക 100ാം ടെസ്റ്റിന്
text_fieldsടെസ്റ്റിൽ ഇന്ത്യൻ നിരയിലെ പതിവു സാന്നിധ്യമാണ് ചേതേശ്വർ പൂജാര. ഈ വിഭാഗത്തിൽ ഏറ്റവും വിശ്വസ്തരായ ബാറ്റർമാരിൽ ഒരാൾ. ഇതുവരെയായി 19 സെഞ്ച്വറികളടക്കം 7,021 റൺസ് ആണ് സമ്പാദ്യം. ഡൽഹി അരുൺ ജെയ്റ്റ്ലി മൈതാനത്ത് ഇന്ത്യ ബോർഡർ- ഗവാസ്കർ ട്രോഫി രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ താരം കരിയറിലെ പുതുചരിത്രത്തിലേക്കാകും ബാറ്റുപിടിച്ചെത്തുക. ഇന്ത്യൻ ജഴ്സിയിൽ 100 ടെസ്റ്റ് പൂർത്തിയാക്കിയ അപൂർവം പ്രതിഭകളിൽ ഒരാൾ എന്ന റെക്കോഡാണ് താരത്തെ കാത്തിരിക്കുന്നത്.
ഒട്ടും അക്ഷമ കാട്ടാതെ ക്രീസിൽ നിലയുറപ്പിക്കുന്നതാണ് എക്കാലത്തും പൂജാര സ്റ്റൈൽ. അഞ്ചുദിനം നീളുന്ന ടെസ്റ്റിലാകട്ടെ, ബാറ്റിങ്ങിന് വേഗത്തെക്കാൾ സ്ഥിരതയാണ് മുഖ്യം. ടെസ്റ്റിലെ കളി ഏകദിനത്തിൽ വിജയിക്കണമെന്നില്ലെന്നതിനാൽ ഇത്രയും കാലത്തിനിടെ അഞ്ചു ഏകദിനങ്ങളിൽ മാത്രമാണ് പൂജാര നീലക്കുപ്പായത്തിൽ ഇറങ്ങിയത്. ആകെ സമ്പാദ്യം 10.2 ശരാശരിയിൽ 51 റൺസും.
സചിൻ ടെണ്ടുൽക്കർ 200 ടെസ്റ്റുകളിൽ കുറിച്ചത് 15,921 റൺസാണ്. ദ്രാവിഡ് 163ൽ 13,265ഉം കോഹ്‍ലി 105ൽ 8131ഉം നേടി. 131 ടെസ്റ്റ് കളിച്ച കപിൽ ദേവ് 5248 റൺസിനൊപ്പം 434 വിക്കറ്റും വീഴ്ത്തി.
ബോർഡർ ഗവാസ്കർ ട്രോഫി രണ്ടാം ടെസ്റ്റിൽ പൂജാര സെഞ്ച്വറി തികക്കാനൊരുങ്ങുമ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ കാൽലക്ഷം റൺസ് എന്ന അപൂർവ ചരിത്രമാണ് കോഹ്‍ലിയെ കാത്തിരിക്കുന്നത്. 52 റൺസാണ് താരത്തിന് ആകെ വേണ്ടത്.
ടെസ്റ്റിൽ വലിയ ഉയരങ്ങൾ പിടിച്ച താരം ഓസീസിനെതിരെ എന്നും ഉഗ്രപ്രതാപത്തോടെയാണ് ബാറ്റു പിടിക്കാറുള്ളത്. രണ്ടാം ടെസ്റ്റിലും അത് കാണാനാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. 100ാം ടെസ്റ്റ് കളിക്കുന്ന 13ാം താരമാണ് പൂജാര. 2016ലെ വിൻഡീസ് പര്യടനത്തോടെ അരങ്ങേറിയ സൗരാഷ്ട്ര താരം വൺഡൗണായാണ് പൊതുവെ ഇറങ്ങാറ്. ഫസ്റ്റ് ക്ലാസിൽ 16 ഇരട്ട ശതകങ്ങൾ കുറിച്ചിട്ടുണ്ട്- ഏഷ്യയിൽ ഇത്രയും കുറിച്ച ഏക താരം. അതിൽ മൂന്നെണ്ണം 300ഉം കടന്ന് കുതിച്ചതും. ട്രിപ്പിൾ ശതകം മൂന്നുവട്ടം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് പൂജാര. രവീന്ദ്ര ജഡേജയെന്ന സഹ സൗരാഷ്ട്രക്കാരനാണ് രണ്ടാമൻ. ടെസ്റ്റ് ഇന്നിങ്സിൽ മറ്റു 10 പേരും പുറത്തായിട്ടും പുറത്താകാതെ നിന്ന നാല് ഇന്ത്യക്കാരിലൊരാൾ. ടെസ്റ്റിൽ അഞ്ചു ദിനവും ബാറ്റു ചെയ്ത റെക്കോഡും താരത്തിന് സ്വന്തം. 2017ൽ ശ്രീലങ്കക്കെതിരെ കൊൽക്കത്തയിലായിരുന്നു ഇത് കുറിച്ചത്.. അങ്ങനെ എണ്ണമറ്റ റെക്കോഡുകൾ.
നാളെ ആരംഭിക്കുന്ന കളി ജയിക്കുകയെന്നത് ഇന്ത്യക്കു മാത്രമല്ല, ആസ്ട്രേലിയക്കും പ്രധാനമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിടുന്ന ഇരുടീമിനും തുടർന്നുള്ള മത്സരങ്ങൾ അതിപ്രധാനമാണ്. ഇന്നിങ്സിനും 132 റൺസിനും ജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിലാണ്.Cheteshwar Pujara is all set to feature in his 100th Test in the second match of the Border-Gavaskar trophy series in Delhi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.