റൺ വേട്ടയിൽ ബാറ്റിങ് ഇതിഹാസത്തെ മറികടന്ന് ചേതേശ്വർ പൂജാര
text_fieldsധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തിൽ 10 റൺസിനാണ് ഇന്ത്യൻ ബാറ്റർ ചേതേശ്വർ പൂജാരക്ക് സെഞ്ച്വറി നഷ്ടമായത്. 203 പന്തിൽ 90 റൺസെടുത്താണ് താരം പുറത്തായത്. 11 ഫോറുകൾ ഉൾപ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.
ഇന്ത്യയുടെ മുൻനിര താരങ്ങളെല്ലാം അതിവേഗം മടങ്ങിയപ്പോൾ ഋഷഭ് പന്തിനെ കൂട്ടുപിടിച്ചുള്ള പൂജാരയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് ആദ്യ ദിനം ഭേദപ്പെട്ട സ്കോർ നേടുന്നതിൽ നിർണായകമായത്. ഇന്ത്യ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 48 റൺസെടുത്തു നിൽക്കെയാണ് താരം ക്രീസിലെത്തുന്നത്. 46 റൺസെടുത്ത് പന്ത് മടങ്ങിയെങ്കിലും ശ്രേയസ്സ് അയ്യർക്കൊപ്പം ചേർന്ന് പൂജാര ഇന്ത്യയുടെ സ്കോർ ഉയർത്തി.
തൈജുൽ ഇസ്ലാമിന്‍റെ പന്തിൽ ബൗൾഡായാണ് താരം പുറത്തായത്. എന്നാൽ, ഇതിനിടെ താരം ഒരു നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന എട്ടാമത്തെ താരമായി. റൺ വേട്ടയിൽ മുൻ ഇന്ത്യൻ നായകനും ബാറ്റിങ് ഇതിഹാസവുമായ ദിലീപ് വെങ്സർക്കാറിനെയാണ് 34കാരനായ പൂജാര മറികടന്നത്. 116 ടെസ്റ്റിൽ വെങ്സർക്കാർ 6,868 റൺസാണ് എടുത്തത്.
പൂജാരയുടെ റൺവേട്ട 6,882ൽ എത്തി. പട്ടികയിൽ തൊട്ടുമുന്നിലുള്ളത് സൗരവ് ഗാംഗുലിയാണ്. 7,212 റൺസ്. നിലവിൽ കളിക്കുന്നവരിൽ പൂജാരയുടെ തൊട്ടു പുറകിലുള്ളത് 4,931 റൺസെടുത്ത അജിങ്ക്യ രാഹനയാണ്. 82 ടെസ്റ്റിലാണ് താരത്തിന്‍റെ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.