വിവോക്ക് പിന്നാലെ ഐ.പി.എല്ലിനെ കൈവിട്ട് മറ്റ് ചൈനീസ് കമ്പനികളും; ബി.സി.സി.െഎ പ്രതിസന്ധിയിൽ
text_fields
മുംബൈ: വമ്പൻ തുകക്ക് അഞ്ച് വർഷത്തേക്ക് കരാർ ചെയ്ത െഎ.പി.എൽ ടൈറ്റിൽ സ്പോൺസർഷിപ്പിൽ നിന്നും വിവോ പിൻവാങ്ങിയതിന് പിന്നാലെ സമാന നടപടികളുമായി മറ്റ് ചൈനീസ് കമ്പനികളും രംഗത്ത്. ഒപ്പോ, ഷവോമി, റിയൽമി, ഹ്വാവേ, ലെനോവോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും പ്രീമിയർ ലീഗിന് പരസ്യങ്ങളും സ്പോൺസർഷിപ്പും നൽകുന്നത് പിൻവലിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ടൈറ്റിൽ സ്പോൺസർഷിപ്പും ബാധ്യതയായതോടെ ലീഗ് നടത്താൻ പെടാപ്പാട് പെടുകയാണ് ബി.സി.സി.െഎ. അതിനിടയിലാണ് ചൈനീസ് കമ്പനികളുടെ അപ്രതീക്ഷിത നീക്കം. കമ്പനികൾ ഒന്നടങ്കം വിട്ടുനിൽക്കുമെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വലിയ സാമ്പത്തിക പ്രതിസന്ധിയായിരിക്കും ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെ കാത്തിരിക്കുന്നത്.
രാജ്യത്ത് ഉടലെടുത്ത ചൈന വിരുദ്ധ വികാരം കമ്പനികളെ പരസ്യങ്ങൾ നൽകുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ പരസ്യം ചെയ്തിട്ട് കാര്യമില്ലെന്ന നിലപാടിലാണ് അവർ. പ്രധാനപ്പെട്ട പരിപാടികൾക്കെല്ലാം സ്പോൺസർഷിപ്പ് നൽകുന്നതും നിർത്തിവെച്ചിരിക്കുകയാണ്.
ടൈറ്റിൽ സ്പോൺസർഷിപ്പിനായി ബി.സി.സി.െഎ സമീപിച്ചെങ്കിലും ടെലികോം ഭീമൻമാരായ റിലയൻസ് ജിയോ തയാറായി മുന്നോട്ട് വന്നില്ല. നിലവിൽ ബി.സി.സി.െഎയുമായി സഹകരിക്കുന്ന പേടിഎം, ബൈജൂസ് ലേണിങ് ആപ്പ്, െഎ.പി.എൽ പാർട്ണർമാരായ ടാറ്റാ മോേട്ടാർസ്, ഡ്രീം ഇലവൻ, ആമസോൺ എന്നിവരെയും ബോർഡ് സമീപിച്ചിട്ടുണ്ട്. എന്നാൽ, ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇവയിൽ പലതും ചൈനീസ് നിക്ഷേപമുള്ള കമ്പനികളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.