പരിശീലകനെ വിവേകത്തോടെ തെരഞ്ഞെടുക്കൂ; ബി.സി.സി.ഐക്ക് ഉപദേശവുമായി ഗാംഗുലി
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങളുമായി ബി.സി.സി.ഐ മുന്നോട്ട് പോകുന്നതിനിടെ കായിക സംഘടനക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. എക്സിലൂടെയാണ് ഗാംഗുലി ബി.സി.സി.ഐക്ക് ഉപദേശം നൽകിയത്. പരിശീലകനെ വിവേകത്തോടെ തെരഞ്ഞെടുക്കണമെന്ന് ഗാംഗുലി എക്സിൽ കുറിച്ചു.
2024 ട്വന്റി ലോകകപ്പോടെ പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കും. പരിശീലകനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പുതിയ പരിശീലകനെ കണ്ടെത്താൻ ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചത്. തുടർന്ന് ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലകനാവുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
ഒരാളുടെ ജീവിതത്തിൽ പരിശീലകന് വലിയ പ്രാധാന്യമുണ്ട്. പരിശീലകന്റെ മാർഗനിർദേശവും അവർ നൽകുന്ന പരിശീലനവും കളിക്കളത്തിനകത്തും പുറത്തും ഒരു വ്യക്തിയുടെ ഭാവി തീരുമാനിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. അതിനാൽ പരിശീലകരെ വിവേകത്തോടെ തെരഞ്ഞെടുക്കുവെന്നായിരുന്നു സൗരവ് ഗാംഗുലിയുടെ എക്സിലെ കുറിപ്പ്.
ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യൻമാരായതോടെ ഗൗതം ഗംഭീർ പരിശീലകനാവാനുള്ള സാധ്യതകൾ വർധിച്ചിരുന്നു. അതേസമയം, രവിശാസ്ത്രിയിൽ നിന്ന് പരിശീലകസ്ഥാനം ഏറ്റെടുത്ത രാഹുൽ ദ്രാവിഡിന് ടീം ഇന്ത്യക്കായി ഐ.സി.സി കിരീടങ്ങളൊന്നും നേടിക്കൊടുക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. ദ്രാവിഡിന്റെ അവസാന അവസരമാണ് ഈ ട്വന്റി 20 ലോകകപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.