സൂര്യയും ജോസ് ബട്ലറുമല്ല! ട്വന്‍റി20യിലെ തന്‍റെ റെക്കോഡ് തകർക്കുക ഈ മുപ്പതുകാരനാകുമെന്ന് ക്രിസ് ഗെയിൽ
text_fieldsട്വന്‍റി20 ക്രിക്കറ്റിലെ റെക്കോഡുകളിൽ മിക്കതും മുൻ വെസ്റ്റിൻഡീസ് സൂപ്പർ ബാറ്റർ ക്രിസ് ഗെയിലിന്‍റെ പേരിലാണ്. ഏകദിനത്തിലും ടെസ്റ്റിലും സ്ഥിരതയുള്ള പ്രകടനങ്ങൾ കുറവായിരുന്നെങ്കിലും ട്വന്‍റി20 ക്രിക്കറ്റിലെ ‘യൂനിവേഴ്സൽ ബോസാ’ണ് ഗെയിൽ.
ഫോർമാറ്റിൽ 465 മത്സരങ്ങളിൽനിന്നായി 14,562 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഇതിൽ 22 സെഞ്ച്വറികളും ഉൾപ്പെടും. ട്വന്‍റി20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ഗെയിലിന്‍റെ പേരിൽ തന്നെയാണ്. 2013 ഐ.പി.എൽ സീസണിൽ പൂണ വാരിയേഴ്സിനെതിരെ പുറത്താകാതെ 66 പന്തിൽ നേടിയ 175 റൺസ് എന്ന റെക്കോഡ് ഇതുവരെ ആർക്കും മറികടക്കാനായിട്ടില്ല.
ആരോൺ ഫിഞ്ച് (172), ഹാമിൽട്ടൺ മസകാഡ്‌സ (162*), ബ്രണ്ടൻ മക്കല്ലം (158*), ഡെവാൾഡ് ബ്രെവിസ് (162) എന്നിവർ ഇതിനടുത്തെത്തിയെങ്കിലും 175 എന്ന കടമ്പ കടക്കാനായില്ല. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവ്, ഇംഗ്ലണ്ട് ട്വന്‍റി20 നായകൻ ജോസ് ബട്ലർ എന്നിവർ ഈ റെക്കോഡ് മറികടക്കുമെന്ന സൂചന പലതവണ ക്രിക്കറ്റ് വിദഗ്ധകരും മുൻ താരങ്ങളും നൽകിയിരുന്നു. എന്നാൽ, ഈ റെക്കോഡ് മറികടക്കുക 30കാരനായ ഇന്ത്യൻ താരമായിരിക്കുമെന്ന ഗെയിലിന്‍റെ പ്രചവചനം കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
ആരെങ്കിലും തന്‍റെ 175 എന്ന റെക്കോഡ് മറികടക്കുന്നുണ്ടെങ്കിൽ അത് കെ.എൽ. രാഹുലാകുമെന്നാണ് ഗെയിൽ പറയുന്നത്. റോയൽ ചാലഞ്ചേഴ്സ് ബംഗ്ലൂരു, പഞ്ചാബ് കിങ്സ് എന്നീ ടീമുകളിൽ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. രാഹുലിന് അതിനുള്ള കഴിവുണ്ട്, ഒരു വലിയ സെഞ്ച്വറി നേടിയാൽ ഈ നേട്ടം കൈവരിക്കാനാകും. ഡെത്ത് ഓവറിൽ ഏറ്റവും അപകടകാരിയായ ബാറ്ററാണ് രാഹുലെന്നും ഗെയിൽ പറയുന്നു. ജിയോ സിനിമക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തൽ.
‘അത് കെ.എൽ. രാഹുലായിരിക്കുമെന്ന് ഞാൻ കരുതുന്നു! അവന്‍റെ ദിവസം എത്തിയാൽ ഈ നേട്ടം കൈവരിക്കും. വലിയ സ്കോർ നേടാനുള്ള അവന്റെ കഴിവിൽ അദ്ദേഹം പോലും വിശ്വസിക്കുന്നില്ല, പക്ഷേ ഞാൻ പറയുന്നത് ശ്രദ്ധിക്കുക, അങ്ങനെ ബാറ്റ് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചാൽ, അവന് തീർച്ചയായും അത് നേടാനാകും. കാരണം, 15 മുതൽ 20 വരെയുള്ള ഓവറുകളിൽ അവൻ വളരെ അപകടകാരിയാണ്. മികച്ച തുടക്കം ലഭിക്കുകയും ഒരു വലിയ സെഞ്ച്വറി നേടുകയും ചെയ്താൽ അദ്ദേഹത്തിന് തീർച്ചയായും 175 മറികടക്കാൻ കഴിയും’ -ഗെയിൽ അഭിപ്രായപ്പെട്ടു.
റെക്കോഡുകൾ തകർക്കാനുള്ളതാണ്, അത് ഒരിക്കൽ സംഭവിക്കും. എപ്പോൾ സംഭവിക്കുമെന്ന് ആർക്കും പറയാനാകില്ലെന്നും ഗെയിൽ വ്യക്തമാക്കി. നിലവിൽ ഐ.പി.എൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ രാഹുലിന്‍റെ പേരിലാണ്. 2020ൽ നേടിയ 132 റൺസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.