ഐ.പി.എൽ ചരിത്രത്തിലെ മികച്ച ഓൾ-റൗണ്ടർ; സഹതാരത്തെ തെരഞ്ഞെടുത്ത് ക്രിസ് ഗെയിൽ
text_fieldsഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പുതിയ സീസൺ പടിവാതിൽക്കലെത്തിയിരിക്കുന്നു. പണക്കൊഴുപ്പിന്‍റെ മേളയായ ഐ.പി.എല്ലിന്‍റെ 2023 സീസൺ ഇത്തവണ പലവിധ കാരണങ്ങളാൽ ആവേശ കൊടുമുടി കയറും. ഇടവേളക്കുശേഷം ഹോം, എവേ ഫോർമാറ്റ് വീണ്ടും മടങ്ങിയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
പല ഓൾ-റൗണ്ടർ താരങ്ങളും ഐ.പി.എൽ ചരിത്രത്തിൽ മികച്ച ട്രാക്ക് റെക്കോഡുള്ളവരാണ്. ഐ.പി.എല്ലിലെ മികച്ച ഓൾ-റൗണ്ടർ താരം ആരെന്ന് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയിലിനോട് ചോദിച്ചപ്പോൾ, സഹതാരങ്ങളായ ആന്ദ്രേ റസ്സൽ, കീരൺ പൊള്ളാർഡ്, ഓസീസ് താരം ഷെയ്ൻ വാട്സൺ, ഇന്ത്യൻ സൂപ്പർതാരം ഹാർദിക് പാണ്ഡ്യ എന്നിവരുടെ പേരുകളൊന്നുമല്ല അദ്ദേഹം പറഞ്ഞത്. മുൻ ചെന്നൈ സൂപ്പർ കിങ്സ് താരവും സഹതാരവുമായ ഡ്വെയ്ൻ ബ്രാവോയെയാണ് ഗെയിൽ തെരഞ്ഞെടുത്തത്.
മുൻ മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ലയൺസ്, ചെന്നൈ സൂപ്പർ കിങ്സ് ക്രിക്കറ്ററാണ് ഐ.പി.എൽ ചരിത്രത്തിലെ മികച്ച ഓൾ-റൗണ്ടറെന്ന് ഗെയിൽ പറയുന്നു. ‘ബ്രാവോ. ഏറ്റവും കൂടുതൽ ഐ.പി.എൽ വിക്കറ്റുകൾ നേടി, അതോടൊപ്പം വിലപ്പെട്ട റൺസും നേടിയിട്ടുണ്ട്, പ്രത്യേകിച്ച് ചെന്നൈക്കും മുംബൈക്കും വേണ്ടി. അദ്ദേഹത്തിന്‍റെ കരുത്തിൽ ടീം ചില കിരീടങ്ങളും നേടി’ -ഗെയിൽ പറഞ്ഞു.
എ.പി.എല്ലിന്‍റെ 14 എഡിഷനുകളിലും ബ്രാവോ കളിച്ചിട്ടുണ്ട്. 161 മത്സരങ്ങളിൽനിന്നായി 183 വിക്കറ്റാണ് താരത്തിന്‍റെ സമ്പാദ്യം. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനാണ് താരം. രണ്ടു സീസണുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി. കൂടാതെ, 1560 റൺസും താരത്തിന്‍റെ പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.