ക്രിസ് ഗെയിൽ; അതൊരു ജിന്നാണ്, ട്വൻറി 20 ക്രിക്കറ്റിലെ 'ബ്രാഡ്മാൻ'
text_fields''ക്രിസ് ഗെയിൽ ട്വൻറി ക്രിക്കറ്റിെൻറ ബ്രാഡ്മാനാകുന്നു'' -രാജസ്ഥാൻ റോയൽസിനെതിരായ 99 റൺസ് പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണറായിരുന്ന വിരേന്ദർ സെവാഗിെൻറ ട്വീറ്റ് ഇങ്ങനെയായിരുന്നു. ട്വൻറി 20യിലെ ബ്രാഡ്മാനെന്ന വിശേഷണത്തേക്കാൾ കുറഞ്ഞതൊന്നും ഗെയ്ലിന് ചേരില്ല. ട്വൻറി 20യിൽ ജമൈക്കയിലെ 6.2 അടിക്കാരനേക്കാൾ വലുതായി ആരുമില്ല. അതംഗീകരിക്കാൻ ആർക്കും തർക്കവുമുണ്ടാകില്ല.
അന്താരാഷ്ട്ര ട്വൻറി 20 മത്സരങ്ങളിലും ലോകത്തെ വിവിധ ക്രിക്കറ്റ് ലീഗുകളിലുമായി ഈ ജമൈക്കക്കാരൻ അടിച്ചുകൂട്ടിയത് 13,000ത്തിലേറെ റൺസാണ്. രാജസ്ഥാനെതിരായ മത്സരത്തോടെ ട്വൻറി 20യിൽ ആയിരം സിക്സറുകളെന്ന അതുല്യ നേട്ടവും ഗെയ്ൽ പേരിലാക്കി. ഏതുപന്തിനെയും വായുവിലുയർത്തി ഗാലറിയിലെത്തിക്കാനുള്ള ആ വൈഭവത്തിന് വയസ് 41 ആയിട്ടും മാറ്റൊന്നും കുറഞ്ഞിട്ടില്ല എന്നതിന് ഈ ഐ.പി.എല്ലും സാക്ഷി.
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടരുത്, എന്നതുപോലെത്തന്നെയാണ് പ്രായമായെന്ന് കരുതി ഗെയ്ലിനെ കളിക്കാനിറക്കാത്തതും. ഗെയ്ലിനെ പുറത്തിരുത്തിയ ഐ.പി.എല്ലിലെ ആദ്യ ഏഴുമത്സരങ്ങളിൽ പഞ്ചാബ് ജയിച്ചത് ഒന്ന് മാത്രം. ഗെയ്ൽ കളത്തിലിറങ്ങിയ ശേഷം ആറുമത്സരങ്ങളിൽ അഞ്ചും ജയിച്ച് പഞ്ചാബ് ടൂർണമെൻറിലേക്ക് തിരിച്ചുവന്നു. ആറുമത്സരങ്ങളിൽ നിന്നും 46 റൺസ് ശരാശരിയിൽ ഗെയ്ൽ 270 റൺസാണ് അടിച്ചുകൂട്ടിയത്. രാജസ്ഥാനെതിരെ സെഞ്ച്വറി തികച്ച് തന്നെ വിമർശിച്ചവർക്ക് നേരെ ബാറ്റ് ചുഴറ്റാനുള്ള അവസരം ഒരു റൺസകലെ നഷ്ടമായതിെൻറ വേദനയിലായിരുന്നു അയാൾ ബാറ്റ് വലിച്ചെറിഞ്ഞത്.
2007 ലെ പ്രഥമ ട്വൻറി 20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 117 റൺസോടെ ക്രിക്കറ്റിെൻറ ഈ ഫോർമാറ്റ് തനിക്ക് വേണ്ടിയുള്ളതാണെന്ന് ഗെയ്ൽ ആഹ്വാനം ചെയ്തിരുന്നു. അന്താരാഷ്ട്ര ട്വൻറി 20 മത്സരങ്ങളിലെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു അത്.
ഐ.പി.എല്ലിെൻറ 2009, 2010 സീസണുകളിൽ കൊൽകത്ത നൈറ്റ് റൈഡേഴ്സിനായി കളത്തിലിറങ്ങിയെങ്കിലും തിളങ്ങാനാകാത്ത ഗെയ്ലിനെ 2011 സീസണിൽ ആരും ലേലത്തിലെടുത്തില്ല. സീസണിൽ ആദ്യ മത്സരങ്ങളിൽ തുടർപരാജയങ്ങളേറ്റുവാങ്ങിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ വെസ്റ്റ് ഇൻഡീസ് ടീമിലിടം കിട്ടാത്ത ഗെയ്ലിനെ ഇന്ത്യയിലേക്ക് വിളിച്ചു. തെൻറ പഴയ ടീമായ കൊൽകത്തക്കെതിരെ നേടിയ സെഞ്ച്വറിയോടെ ഗെയ്ൽ പീലിവിടർത്തി സീസൺ തുടങ്ങി.
12 മത്സരങ്ങളിൽ നിന്നും 44 സിക്സറുകളടക്കം 608 റൺസ് നേടിയാണ് ഗെയ്ൽ സീസൺ അവസാനിപ്പിച്ചത്. തുടർസീസണുകളിലും മാരകഫോം തുടർന്ന ഗെയിൽ ബൗളർമാരുടെ തലവേദനയായി. എത്രയോ ബൗളർമാർ ഗെയ്ലിെൻറ ക്രൂരമായ ആക്രമണത്തിൽ രക്തം പുരണ്ട് മടങ്ങി. 2011 ഐ.പി.എല്ലിൽ കൊച്ചി ടസ്കേഴ്സിെൻറ മലയാളി താരം പ്രശാന്ത് പരമേശ്വരൻ ഗെയ്ലിന് മുമ്പിൽ ഒരോവറിൽ വഴങ്ങിയത് 37 റൺസായിരുന്നു.
2013ൽ പൂനെ വാരിയേഴ്സിനെതിരായി 66 പന്തുകളിൽ നേടിയ 175 റൺസ് ഇന്നും മനുഷ്യസാധ്യമല്ലാത്ത ഇന്നിങ്സെന്ന് കരുതപ്പെടുന്നു. ബിഗ്ബാഷ് ലീഗിലും കരീബിയൻ ലീഗിലുമെല്ലാം ഗെയ്ലാട്ടം ആവർത്തിച്ചതോടെ യൂണിവേഴ്സൽ ബോസെന്ന പേരും വീണു. കാണികൾ അയാളെക്കാണാൻ തടിച്ചുകൂടി. സ്ഥിരം തട്ടകമായ ബാംഗ്ലൂർ വിട്ട് 2018ലാണ് ഗെയ്ൽ പഞ്ചാബിലെത്തിയത്.
വമ്പനടിക്കാരിൽ പല പേരുകളും വന്നുപോയെങ്കിലും ക്രിസ് ഗെയിലെന്ന പേര് ബൗളർമാരുടെ നെഞ്ചിൽ ഇടിമുഴക്കമായി ഇന്നും നിലകൊള്ളുന്നു. അതെ, അതൊരു ജിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.