'ഇന്ത്യൻ സഹായം ജമൈക്കക്കാർ വിലമതിക്കുന്നു'; കോവിഡ് വാക്സിൻ നൽകിയതിന് നന്ദി പറഞ്ഞ് ക്രിസ് ഗെയ്ൽ
text_fieldsന്യൂഡൽഹി: കരീബിയൻ രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കിയതിൽ ഇന്ത്യക്ക് നന്ദി പറഞ്ഞ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ. ഇന്ത്യയിലെ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണ് വിഡിയോ സന്ദേശത്തിലൂടെ താരം നന്ദി രേഖപ്പെടുത്തിയത്. മൈത്രി പദ്ധതിയുടെ ഭാഗമായി 50,000 ഡോസ് അസ്ട്രസെനിക്ക കോവിഡ് വാക്സിനാണ് വെസ്റ്റ് ഇൻഡീസിന് ഇന്ത്യ കൈമാറിയത്.
"ബഹുമാന്യ ഇന്ത്യൻ പ്രധാനമന്ത്രി, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യൻ സർക്കാർ, ജമൈക്കയിലേക്ക് വാക്സിൻ സംഭാവന ചെയ്തതിന് നന്ദി പറയാൻ ആഗ്രഹിക്കുന്നു. വളരെ നന്ദി. ഇന്ത്യ, ഞാൻ നിങ്ങളെ ഉടൻ കാണും" -ക്രിസ് ഗെയ്ൽ പറഞ്ഞു.
വാക്സിൻ നൽകിയതിന് കേന്ദ്ര സർക്കാറിന് വിൻഡീസ് ക്രിക്കറ്റ് താരം ആന്ത്രേ റസൽ കഴിഞ്ഞ ദിവസം നന്ദി രേഖപ്പെടുത്തിയിരുന്നു. "പ്രധാനമന്ത്രി മോദിക്കും ഇന്ത്യ ഹൈക്കമീഷനും ഒരു വലിയ, വലിയ, വലിയ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വാക്സിനുകൾ ഇവിടെയുണ്ട്. ഞങ്ങൾ ആവേശത്തിലാണ്. ലോകം സാധാരണ നിലയിലേക്ക് പോകുന്നത് കാണാൻ ആഗ്രഹിക്കുന്നു. ജമൈക്കയിലെ ആളുകൾ ഇത് ശരിക്കും വിലമതിക്കുന്നു. ഞങ്ങൾ കൂടുതൽ അടുപ്പമുള്ളവരാണെന്ന് കാണിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യയും ജമൈക്കയും ഇപ്പോൾ സഹോദരങ്ങളാണ്. ഞാൻ അതിനെ അഭിനന്ദിക്കുന്നു"- ആന്ത്രേ റസൽ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
ഐ.പി.എൽ 2021 ടൂർണമെന്‍റിൽ പഞ്ചാബ് കിങ്സിന് വേണ്ടി കളിക്കാൻ ക്രിസ് ഗെയ്ൽ ഏപ്രിൽ 9 മുതൽ ഇന്ത്യയിലുണ്ടാകും. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ നിന്ന് 2018ലാണ് ഗെയ്ൽ, കിങ്സ് ഇലവൻ പഞ്ചാബിലേക്ക് മാറിയത്. ടൂർണമെന്‍റിൽ ഗെയ്ൽ-രാഹുൽ ഓപ്പണിങ് കൂട്ടുക്കെട്ട് ഏറ്റവും മികച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.