ഐ.പി.എല്ലിൽനിന്ന് പിൻവാങ്ങി ക്രിസ് ഗെയ്ൽ; കാരണം വ്യക്തമാക്കി ടീം
text_fieldsപഞ്ചാബ് കിംഗ്സിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ ഐ.പി.എല്ലിൽനിന്ന് പിൻവാങ്ങി. കോവിഡ് സുരക്ഷയുടെ ഭാഗമായുള്ള ബയോ ബബിളിൽ സ്ഥിരമായി കഴിയുന്നതിലെ ബുദ്ധിമുട്ടാണ് താരം പിൻവാങ്ങാൻ കാരണമെന്ന് ടീം അധികൃതർ അറിയിച്ചു.
ഐ.പി.എൽ പുനരാരംഭിച്ച ശേഷം രണ്ട് മത്സരങ്ങളിൽ വെസ്റ്റ് ഇൻഡീസ് താരം ഇറങ്ങിയിരുന്നു. ഒക്ടോബർ മധ്യത്തോടെ ടി20 ലോകകപ്പ് ആരംഭിക്കുകയാണ്. ഇതുകൂടി മുന്നിൽ കണ്ടാണ് ഗെയ്ൽ പിൻവാങ്ങിയത്.
കരീബിയൻ പ്രീമിയർ ലീഗിന് (സി.പി.എൽ) ശേഷമാണ് ഗെയ്ൽ ദുബൈയിലേക്ക് എത്തുന്നത്. സി.പി.എല്ലിനിടയിലും ബയോ ബബിൾ ഉണ്ടായിരുന്നു. മാസങ്ങളായി ബയോ ബബിളിൽ തുടരുന്നത് ക്ഷീണിപ്പിച്ചെന്നും മാനസികമായി ഊർജം നേടേണ്ടതുണ്ടെന്നും ഗെയ്ൽ വ്യക്തമാക്കി.
ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ സഹായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അതിന് മുമ്പ് ഇടവേള എടുക്കുകയാണെന്നും ഗെയ്ൽ പറഞ്ഞു.
'അവധി നൽകിയതിന് പഞ്ചാബ് കിങ്സിന് നന്ദി. എന്‍റെ മനസ്സും പ്രാർഥനയും എപ്പോഴും ടീമിനൊപ്പമുണ്ട്. വരാനിരിക്കുന്ന മത്സരങ്ങൾക്ക് എല്ലാ ആശംസകളും' -ഗെയ്ൽ കൂട്ടിച്ചേർത്തു.
ടീം അദ്ദേഹത്തിന്‍റെ തീരുമാനത്തെ മാനിക്കുന്നുവെന്ന് മുഖ്യപരിശീലകൻ അനിൽ കുംബ്ലെ പറഞ്ഞു. 'ഞാൻ ഗെയ്ലിനെതിരെ കളിച്ചിട്ടുണ്ട്, പഞ്ചാബ് കിംഗ്‌സിൽ അദ്ദേഹത്തെ പരിശീലിപ്പിച്ചിട്ടുമുണ്ട്. വർഷങ്ങളായി ഞാൻ അദ്ദേഹത്തെ അറിയുന്നു. അദ്ദേഹം എല്ലായ്പ്പോഴും തികഞ്ഞ പ്രഫഷണലാണ്. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ അദ്ദേഹത്തിന്‍റെ തീരുമാനത്തെയും ടി20 ലോകകപ്പിനായി സ്വയം തയാറാകാനുള്ള ആഗ്രഹത്തെയും ബഹുമാനിക്കുന്നു' -കുംബ്ലെ പറഞ്ഞു.
'ടി20 ക്രിക്കറ്റിനെ മാറ്റിയ ഇതിഹാസമാണ് ഗെയ്ൽ. അദ്ദേഹത്തിന്‍റെ തീരുമാനത്തെ ഞങ്ങൾ പിന്തുണക്കുന്നു. അദ്ദേഹം പഞ്ചാബ് കിംഗ്സ് കുടുംബത്തിന്‍റെ ഭാഗമാണ്. അദ്ദേഹത്തിന്‍റെ അഭാവം നഷ്ടം തന്നെയാണ്. അദ്ദേഹത്തിന് എല്ലാ പിന്തുണ നൽകുകയും വിജയം ആശംസിക്കുകയും ചെയ്യുന്നു' -സി.ഇ.ഒ സതീഷ് മേനോൻ കൂട്ടിച്ചേർത്തു.
ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിൽ ചേരുന്നതിന് മുമ്പ് ഗെയ്ൽ ദുബൈയിൽ തുടരാനാണ് സാധ്യത. മുംബൈ ഇന്ത്യൻസിനെതിരായ അവസാന മത്സരത്തിൽ ഒരു റൺസ് മാത്രമാണ് 42കാരൻ നേടിയത്. ഈ സീസണിൽ 10 മത്സരങ്ങളിൽനിന്നായി 193 റൺസാണ് ഗെയ്ലിന്റെ സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.