ലോകകപ്പ് വിജയ ചിത്രം ഉപയോഗിച്ച് പ്രചാരണം; യൂസുഫ് പത്താനെതിരെ പരാതിയുമായി കോൺഗ്രസ്
text_fieldsകൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിയുമായ യൂസുഫ് പത്താനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. താരം തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നത്. പ്രചാരണത്തിനായ് പത്താൻ ഇന്ത്യ 2011ൽ ലോകകപ്പ് ക്രിക്കറ്റിൽ വിജയം നേടിയതിന്റെ പോസ്റ്ററുകൾ ഉപയോഗിച്ചെന്നാണ് കോൺഗ്രസിന്റെ ആരോപണം.
കോൺഗ്രസിന്റെ ലോക്സഭ കക്ഷി നേതാവും പശ്ചിമബംഗാൾ പാർട്ടി അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരിക്കെതിരെ ബംഗാളിലെ ബെർഹാംപൂർ മണ്ഡലത്തിലാണ് യൂസുഫ് പത്താൻ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. ബഹ്‌രാംപൂറിൽ നിന്നും തുടർച്ചയായി അഞ്ച് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് അധീർ രഞ്ജൻ ചൗധരി.
സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയിൽ പത്താൻ ഇന്ത്യയുടെ വിജയത്തിന്റെ പോസ്റ്ററുകളും ചിത്രങ്ങളും ഉപയോഗിച്ചെന്നും, ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് പറയുന്നത്. പത്താനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഭാരതരത്‌ന ജേതാവായ സചിൻ ടെണ്ടുൽക്കർ അടക്കം പോസ്റ്ററിൽ ഉള്ളതിനാലും ചിത്രം ഇന്ത്യൻ ടീമീന്റേതായതിനാലും ഇത് ഉപയോഗിക്കാൻ പാടില്ലെന്നാണ് കോൺഗ്രസ് പറയുന്നത്.
അതേസമയം, സംഭവത്തിൽ യൂസുഫ് പത്താൻ തന്നെ പ്രതികരണവുമായി എത്തി. താൻ കൂടി കഠിനാധ്വാനം ചെയ്ത് നേടിയ കപ്പാണിത്. ഈ വലിയ നേട്ടം അധികം ആളുകൾക്കില്ല. തന്റെ പ്രചാരണത്തിന് അതുപയോഗിക്കുന്നത് തെറ്റായി കരുതുന്നില്ല. അഥവാ തെറ്റുകളുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമീഷൻ അത് പരിശോധിക്കട്ടെയെന്നും അത് നിയമപരമായി നേരിടുമെന്നും പത്താൻ കൂട്ടിച്ചേർത്തു.
മാർച്ച് 10നായിരുന്നു അപ്രതീക്ഷിതമായി ഗുജറാത്തുകാരനായ യൂസുഫ് പത്താന്റെ സ്ഥാനാർഥിത്വം തൃണമൂൽ പ്രഖ്യാപിക്കുന്നത്. 42 മണ്ഡലങ്ങളാണ് പശ്ചിമ ബംഗാളിൽ ഉള്ളത്.
പരിമിത ഓവറുകളിൽ ഇന്ത്യക്കായി തിളങ്ങിയ താരമാണ് ആൾറൗണ്ടറായ യൂസുഫ് പത്താൻ. 57 ഏകദിനങ്ങളിൽ ഇറങ്ങിയ അദ്ദേഹം 810 റൺസും 33 വിക്കറ്റും നേടിയിട്ടുണ്ട്. 22 ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങി. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2021ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.ാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.