തുടർച്ചയായ പരമ്പര നഷ്ടം; ത്രിശങ്കുവിൽ ടീം ഇന്ത്യ
text_fieldsമെൽബൺ: അനിവാര്യമായ തോൽവിയേറ്റുവാങ്ങി ഇന്ത്യൻ ടീം മടങ്ങിയ സിഡ്നി ക്രിക്കറ്റ് മൈതാനത്ത് ഞായറാഴ്ച രാത്രിവൈകിയും ഓസീസ് ടീം ആഘോഷത്തിലായിരുന്നു. സർവാധിപത്യത്തോടെ നീണ്ട 10 വർഷം എതിരാളികൾ സൂക്ഷിച്ച ബോർഡർ-ഗവാസ്കർ ട്രോഫി തിരിച്ചുപിടിച്ചതിന്റെ ആഘോഷം.
ടീമിനെ അക്ഷരാർഥത്തിൽ നയിച്ച പാറ്റ് കമിൻസ് തന്നെയായിരുന്നു കളിയിലും പുറത്തും താരം. 25 വിക്കറ്റെടുത്തും 159 റൺസ് അടിച്ചെടുത്തും കമിൻസ് മികവു കാട്ടിയപ്പോൾ പരമ്പര 3-1ന് ആതിഥേയർക്കൊപ്പം നിന്നു.
മറുവശത്ത്, ഇരട്ട നഷ്ടത്തിന്റെ കടുത്ത ആധിയിലായിരുന്നു ഇന്ത്യ. പെർത്തിലെ ആദ്യ ടെസ്റ്റിൽ 295 റൺസ് ജയവുമായി തുടങ്ങിയവർക്ക് പിന്നീടൊന്നും ശരിയായില്ല. അഡ് ലെയ്ഡിൽ കളി തോറ്റ ടീമിനെ ബ്രിസ്ബേനിൽ മഴ കാത്തു. അതിനിടെ, ആർ. അശ്വിനെന്ന ഇതിഹാസം കളി നിർത്തിയ വാർത്തയെത്തി.
മെൽബണിലും തോൽവിയുടെ ബാധ വിടാതെ കൂടെക്കൂടിയ ടീം ഒടുവിൽ സിഡ്നിയിലെത്തുമ്പോൾ അകത്തും പുറത്തും പ്രതിസന്ധിയായിരുന്നു. ആദ്യ ഇന്നിങ്സിൽ നാലു റൺ ലീഡെടുത്തും ഋഷഭ് പന്ത് ബാറ്റിങ് വെടിക്കെട്ടുമായി ആവേശം തീർത്തും ആശ്വാസം നൽകിയ കളിയിൽ ഇടക്ക് ബുംറ പരിക്കുമായി കളി നിർത്തിയതോടെ ടീം ക്ലീനായി തോറ്റു.
ജസ്പ്രീത് ബുംറയെന്ന ഒറ്റയാനായിരുന്നു പരമ്പരയിൽ ഇന്ത്യയുടെ രക്ഷകൻ. ആദ്യ ടെസ്റ്റിൽ നായക പദവി വഹിച്ച് ടീമിനെ ജയത്തിലേക്ക് നയിച്ച താരം 32 വിക്കറ്റുമായി കളിയിലെ താരവുമായി.
ഇടക്ക് പുറംവേദന കലശലായതോടെ അഞ്ചാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ബൗൾ ചെയ്യാനാകാതെ പുറത്തിരുന്നു. അത് എതിരാളികൾ അവസരമാക്കുകയും ചെയ്തു. ബൗളിങ്ങിൽ മുഹമ്മദ് സിറാജ് 20 വിക്കറ്റെടുത്ത് മികച്ച കൂട്ടുനൽകി.
അടപടലം പാളി ബാറ്റിങ്
ബൗളിങ്ങിൽ ടീം ഇന്ത്യ ഒപ്പം നിന്നെങ്കിലും ഒട്ടും പ്രതീക്ഷ നൽകാതെ വീണുടഞ്ഞത് ബാറ്റിങ്ങായിരുന്നു. രോഹിത് ശർമ എവിടെയുമില്ലാതെ നിശ്ശൂന്യനായ പരമ്പരയിൽ പെർത്തിലെ സെഞ്ച്വറി മാറ്റിനിർത്തിയാൽ വിരാട് കോഹ്ലിയും മികവുകാട്ടിയില്ല. ശുഭ്മൻ ഗില്ലടക്കം യുവനിരയും വേണ്ടത്ര ശോഭിച്ചില്ല.
മുമ്പ് സചിനും ദ്രാവിഡും ലക്ഷ്മണും പൂജാരയും ഒന്നിച്ചുനിന്ന ടീം പോലെ എടുത്തുപറയാവുന്ന കൂട്ടുകെട്ടുകളൊന്നുമുണ്ടായില്ല. ബാറ്റിങ്ങിൽ ആരെ വിശ്വസിക്കുമെന്നതാണ് ടീം മാനേജ്മെന്റിന് മുന്നിലെ കടുത്ത ആശങ്ക.
കഴിഞ്ഞ വർഷം ടീം അവസാനമായി കളിച്ച എട്ട് ടെസ്റ്റിൽ ആറും തോറ്റത് ചെറിയ ക്ഷീണമൊന്നുമല്ല ഉണ്ടാക്കുന്നത്. ന്യൂസിലൻഡ് ഇന്ത്യയിലെത്തി ആതിഥേയരെ 3-0ന് വൈറ്റ് വാഷ് നടത്തിയതിനു പിറകെയാണ് ഓസീസ് മണ്ണിലെ വൻവീഴ്ച. തുടർച്ചയായ പരമ്പരകളിൽ മൂന്ന് ടെസ്റ്റുകൾ തോൽക്കുന്നത് പതിറ്റാണ്ടുകൾക്കിടെ ആദ്യത്തെ സംഭവമാണ്.
കോഹ്ലി, രോഹിത്; ആകാംക്ഷയോടെ ആരാധകർ
മുംബൈ: തുടർച്ചയായി വെടിപൊട്ടിച്ച് കോച്ച് ഗൗതം ഗംഭീർ മുനയിൽ നിർത്തിയ ക്യാപ്റ്റൻ രോഹിത് ശർമ, സൂപ്പർ താരം വിരാട് കോഹ്ലി എന്നിവരുടെ തീരുമാനം എന്താകുമെന്ന് കാത്തിരിപ്പിൽ ആരാധകർ. ഒരു സെഞ്ച്വറി സഹായിച്ചിട്ടും എട്ട് ഇന്നിങ്സിൽ കോഹ്ലിയുടെ സമ്പാദ്യം 190 റൺസായിരുന്നു. 2024-25 സീസണിൽ കോഹ്ലിയുടെ ബാറ്റിങ് ശരാശരി 22.47 ആണ്. 2014നുശേഷം ഇത്രയും കുറഞ്ഞത് ആദ്യം. രോഹിതാകട്ടെ, മൂന്നു കളികളിൽനിന്നായി ആകെ നേടിയത് 31 റൺസും. ബുംറ നേടിയ വിക്കറ്റുകൾ 32 ആണെന്നത് ചേർത്തുവായിക്കണം.
രാജ്യത്തെ ക്രിക്കറ്റിന് അനുഗുണമായ തീരുമാനം ഇരുവരും എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസം ഗംഭീർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സ്വന്തം വിരമിക്കൽ പ്രഖ്യാപനത്തിനില്ലെന്ന് രോഹിത് തൊട്ടുതലേ ദിവസം പറഞ്ഞു. സമാന നിലപാടു തന്നെയാണ് കോഹ്ലിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇരുവരോടും വിരമിക്കാൻ ആവശ്യപ്പെടൽ ബി.സി.സി.ഐക്കും എളുപ്പമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.