തുടരണം വിജയകഥ; ഇന്ത്യ x ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം
text_fieldsപുണെ: ടെസ്റ്റിനും ട്വൻറി20ക്കും പിന്നാലെ ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ആദ്യ രണ്ട് പരമ്പരയിലും എതിരാളികളെ ക്ലീൻബൗൾഡ് ചെയ്താണ് വിരാട് കോഹ്ലിയും സംഘവും ഏകദിനത്തിനായി പുണെയിലെത്തുന്നത്. കഴിഞ്ഞ രണ്ട് പരമ്പരകളുടെയത്ര ഗൗരവം ഏകദിനത്തിന് നൽകുന്നുമില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ട്വൻറി20 ലോകകപ്പും മുന്നിൽ നിൽക്കെ ടെസ്റ്റിലും ട്വൻറി20യിലും ഇരു ടീമുകളും ഏറ്റവും മികച്ച സംഘവുമായി തന്നെയാണ് കളത്തിലിറങ്ങിയത്.
വിജയം തുടരാനാണ് ഇന്ത്യയുടെ ശ്രമമെങ്കിൽ, ഏകദിനമെങ്കിലും ജയിച്ച് ആശ്വാസത്തോടെ നാട്ടിലേക്ക് മടങ്ങാനാണ് ഇംഗ്ലണ്ടിെൻറ തിടുക്കം. 2023ലാണ് അടുത്ത ഏകദിന ലോകകപ്പെന്നതിനാൽ ഇന്ത്യക്കിത് പുതുനിരയെ ഒരുക്കിയെടുക്കാനുള്ള തുടക്കമാണ്. മികച്ച ഫോമിൽ കളിക്കുന്ന ഒരുപിടി യുവതാരങ്ങൾ അവസരംകാത്ത് പുറത്തിരിക്കുേമ്പാൾ, ടീമിലുള്ള സീനിയർ താരങ്ങൾക്ക് മികവ് മാറ്റുരച്ച് ഇടം ഉറപ്പിക്കാനുള്ള പോരാട്ടം. ശിഖർ ധവാെൻറ ഭാവിയാണ് ഹിറ്റ്ലിസ്റ്റിൽ ആദ്യം. ട്വൻറി20യിൽ നിറംമങ്ങിയതിനെ തുടർന്ന് ആദ്യ കളിക്കുശേഷം പുറത്തായ താരം ഏകദിനത്തിൽ ഓപ്പണറായി തിരിച്ചെത്തും.
രോഹിതിനൊപ്പം ധവാൻതന്നെ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്ന് ക്യാപ്റ്റൻ ഉറപ്പുനൽകുന്നു. 35കാരനായ ധവാനു പകരക്കാരാവാൻ വിജയ് ഹസാരെ ട്രോഫി ഉൾപ്പെടെ ആഭ്യന്തര ടൂർണമെൻറുകളിലെ മിന്നും പ്രകടനവുമായി യുവ ഓപണർമാർ കാത്തിരിപ്പുണ്ട്. 18 അംഗ ടീമിലുള്ള ശുഭ്മാൻ ഗിൽ, ടീമിനുപുറത്തുള്ള പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ എന്നിവർ വിളിപ്പുറത്താണ്. ട്വൻറി20യിലെ ഓപ്പണിങ് പരാജയം ഏകദിനത്തിൽ ഏശില്ലെന്നാണ് കോഹ്ലിയുടെ നിഗമനം. ഓപ്പണിങ്ങിൽ വന്ന് പതുക്കെ ഇന്നിങ്സ് കെട്ടിപ്പടുക്കാനുള്ള സാവകാശമുണ്ടെന്നതുതന്നെ വ്യത്യാസം. ക്യാപ്റ്റൻ കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, കെ.എൽ രാഹുൽ എന്നിവരുടെ ബാറ്റിങ് ലൈനപ്പും ശക്തമാണ്.
ബൗളിങ്ങിൽ ഭുവനേശ്വർ കുമാറിനാവും നേതൃത്വം. മുഹമ്മദ് സിറാജ്, ടി. നടരാജൻ, ഷർദുൽ ഠാകുർ എന്നിവർക്കൊപ്പം അരങ്ങേറ്റത്തിനൊരുങ്ങുന്ന പ്രസിദ് കൃഷ്ണ കോഹ്ലിയുടെ പുതിയ ആയുധമായുണ്ട്. സ്പിന്നറായി യുസ്വേന്ദ്ര ചഹലിനെ പരിഗണിക്കും.
മറുതലക്കൽ, ലോകകപ്പ് നേടിയ ടീമിലെ ജോ റൂട്ട്, ജൊഫ്ര ആർച്ചർ, ക്രിസ് വോക്സ് എന്നിവർ ഇംഗ്ലണ്ട് നിരയിലില്ല. ജാസൺ റോയ്, ബെയർസ്റ്റോ, സ്റ്റോക്സ് എന്നിവർ തന്നെ ക്യാപ്റ്റൻ മോർഗെൻറ വിശ്വസ്തർ. അരങ്ങേറ്റത്തിനൊരുങ്ങുന്ന ലിയാം ലിവിങ്സ്റ്റണും പേസർ റെസി ടോപ്ലെയും െപ്ലയിങ് ഇലവനിൽ അവസരം നേടിയേക്കാം. മാർക് വുഡിനാവും പേസ് ആക്രമണത്തിെൻറ നേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.