ടിക്കറ്റ് നിരക്കിലെ വിവാദ പ്രസ്താവന; ഒറ്റപ്പെട്ട് മന്ത്രി
text_fieldsതിരുവനന്തപുരം: കാര്യവട്ടം ഏകദിന മത്സരം കഴിഞ്ഞെങ്കിലും ടിക്കറ്റ് നിരക്കിനെ ചൊല്ലി കായിക മന്ത്രി വി. അബ്ദുറഹ്മാൻ നടത്തിയ പ്രസ്താവന ഉയർത്തിയ വിവാദം കത്തിക്കയറുകയാണ്. ഇന്ത്യ-ശ്രീലങ്ക കളികാണാൻ ടിക്കറ്റെടുത്ത് എത്തിയവർ കുറഞ്ഞത് എരിതീയിൽ എണ്ണ ഒഴിക്കുന്നതായി. വിഷയത്തിൽ കായികമന്ത്രി ഒറ്റപ്പെട്ടനിലയിലാണ്. മുഖ്യമന്ത്രിയോ സി.പി.എം നേതൃത്വമോ വിഷയത്തിൽ പരസ്യപ്രതികരണം നടത്തിയിട്ടില്ല.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ശശി തരൂർ എം.പി എന്നിവർ പ്രതിപക്ഷത്തുനിന്ന് മന്ത്രിയെ വിമർശിക്കുമ്പോൾ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജനും സി.പി.ഐ നേതാവും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രനും സമാന പ്രതികരണമാണ് നടത്തിയത്. ഇതു വിവാദങ്ങൾ കൊഴുപ്പിക്കുകയാണ്. കേരള ക്രിക്കറ്റ് അസോസിയേഷനും മന്ത്രിയുടെ പരാമർശങ്ങളെ വിമർശിച്ചിട്ടുണ്ട്. മന്ത്രിയുടെ നെഗറ്റിവ് കമന്‍റ് കാണികളുടെ എണ്ണത്തെ ബാധിച്ചെന്ന് കെ.സി.എ ഭാരവാഹികൾ പറഞ്ഞു.
മന്ത്രി വിവരക്കേട് പറഞ്ഞതുകൊണ്ട് ചിലർ സ്റ്റേഡിയം ബഹിഷ്കരിച്ചെന്നും കേരളത്തിൽ ക്രിക്കറ്റ് നന്നായി വളരുന്ന കാലത്താണ് ഇങ്ങനെ ഒരു അവസ്ഥയെന്നും ശശി തരൂർ കുറ്റപ്പെടുത്തി. മന്ത്രിയെയായിരുന്നു പ്രതിഷേധക്കാർ ബഹിഷ്കരിക്കേണ്ടിയിരുന്നത്. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിക്കുന്ന അവസ്ഥയുണ്ടായി. ഒരു മനുഷ്യൻ ചെയ്ത തെറ്റിനാണ് ക്രിക്കറ്റിനെയും സ്റ്റേഡിയത്തെയും ബഹിഷ്കരിക്കുന്ന സാഹചര്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കാര്യവട്ടം ഏകദിനത്തിന് കാണികള്‍ കുറഞ്ഞത് കായിക മന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പട്ടിണിപ്പാവങ്ങളെ അപമാനിച്ചയാൾ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. മന്ത്രി മാപ്പ് പറയണം. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന പ്രസ്താവന മലയാളികളെ വിഷമിപ്പിച്ചു. കേരള രാഷ്ട്രീയത്തിന്‍റെ വരാന്തയില്‍ നില്‍ക്കുന്ന ഒരാള്‍ ഇത്തരം പരാമര്‍ശം നടത്തുമോ? അഹങ്കാരത്തിന്‍റേയും ധിക്കാരത്തിന്‍റേയും സ്വരമാണ് മന്ത്രിയുടേത്. മലയാളികളെ അപമാനിച്ചതിന്‍റെ സ്വാഭാവിക പ്രതികരണമാണ് കാര്യവട്ടത്ത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കായിക രംഗത്തെ പരമാവധി പ്രോത്സാഹിപ്പിക്കാൻ ബാധ്യതപ്പെട്ടവർ കായികപ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുതെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു. വിവാദങ്ങൾക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. ‘പട്ടിണി കിടക്കുന്നവർ കളികാണേണ്ട’എന്ന പരാമർശം വരുത്തിവെച്ച വിന നേരിൽകണ്ടു. നേരത്തേ നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതിൽ വന്ന നഷ്ടം കെ.സി.എക്ക് മാത്രമല്ല, സർക്കാറിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലൂം മനസ്സിലാക്കണം. ഇന്റർനാഷനൽ മത്സരങ്ങൾ നഷ്ടപ്പെട്ടാൽ നഷ്ടം ക്രിക്കറ്റ് ആരാധകർക്കും സംസ്ഥാന സർക്കാറിനുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പട്ടിണിക്കാരനും അല്ലാത്തവരും കാണേണ്ട കളിയാണ് ക്രിക്കറ്റെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചു. പട്ടിണിപ്പാവങ്ങൾ കളി കാണേണ്ടെന്ന് പറയരുതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.